മൺമറഞ്ഞ സഭാംഗങ്ങളുടെ കുടുംബങ്ങളോടൊപ്പം ദിവ്യകാരുണ്യ മിഷനറി സഭ

നടന്നുനീങ്ങിയ വഴികളിൽ സ്നേഹത്തിന്റെയും ത്യാഗത്തിന്റയും വിത്തുകൾ പാകി കടന്നുപോയ പുണ്യാത്മാക്കളുടെ ഓർമ്മ ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങൾ, ഇന്ന് കടുവാക്കുളം ചെറുപുഷ്പ ദൈവാലയത്തിൽ ആചരിച്ചു.

1933 മെയ് ഏഴിന് സ്ഥാപിതമായ ഈ സഭയിൽ ഇതുവരെ സഭയുടെ സ്ഥാപകർ ഉൾപ്പെടെ 40 അംഗങ്ങളാണ് മരണത്തിലൂടെ നിത്യതയിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. 32 വൈദികരും അഞ്ച് തുണസഹോദരങ്ങളും രണ്ട് വൈദികാർത്ഥികളും അതിൽ ഉൾപ്പെടും. തങ്ങളുടെ ജീവിതവും ജീവനും ദിവ്യകാരുണ്യ മിഷനറി സഭയിലൂടെ ദൈവത്തിനും ദൈവജനത്തിനും നൽകി കടന്നുപോയവരുടെ ഓർമ്മ ആചരിക്കുന്നതിന്റെ ഭാഗമായാണ് കടുവാക്കുളം ചെറുപുഷ്പ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാനയും ഒപ്പീസും അതിനെത്തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടത്.

പരേതരുടെ കുടുംബാഗങ്ങളും സഭാംഗങ്ങളും ഇതിൽ പങ്കെടുത്തു എന്നതാണ് ഈ പുണ്യദിനത്തിനെ വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം. ആദ്യമായാണ് ദിവ്യകാരുണ്യ മിഷനറി സമൂഹത്തിൽ ഇത്തരമൊരു ഓർമ്മയാചരണം. സമൂഹത്തിൽ നിന്ന് മരണമടഞ്ഞവരെ വർഷത്തിൽ ഒരു ദിവസം പ്രത്യേകമായി ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെങ്കിലും അവരുടെ എല്ലാവരുടെയും കുടുംബങ്ങളെ ഒരുമിച്ചുചേർത്തു പ്രാർത്ഥിക്കുന്നത് ഈ സമൂഹത്തിന്റെ ചരിത്രത്തിൽ ഇതാദ്യം.

ഒരു വൈദികനെ ക്രിസ്തുവിന്റെ സഭയ്ക്കു നൽകുന്ന കുടുംബവും അനുഗ്രഹിക്കപ്പെട്ടതാണ് എന്ന ചിന്തയാണ് ഈ ഒരുമിച്ചുചേർക്കലിന്റെ പിന്നിൽ. ഒരംഗത്തെ സഭയിലേയ്ക്കു നൽകുമ്പോൾ ആ കുടുംബത്തിലെ അംഗങ്ങൾ ചെയ്യുന്ന ത്യാഗം മറക്കാൻ പറ്റുന്നതല്ല. തങ്ങളുടെ കുടുംബത്തിലെ ദിവ്യകാരുണ്യ സമൂഹാംഗമായിരുന്ന ആൾ മരണമടഞ്ഞുവെങ്കിലും ദിവ്യകാരുണ്യ മിഷനറി സഭയുമായുള്ള ആ കുടുംബത്തിന്റെ ബന്ധം അവസാനിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തലായിരുന്നു ഈ ദിനത്തിലെ കുർബാനയും പൊതുസമ്മേളനവും.

കടന്നുപോയവർ, കടന്നുവന്ന കുടുംബങ്ങളെ അവരുടെ ഈ തലമുറയിലെ അംഗങ്ങൾക്കൊപ്പം ചേർന്ന് ഓർമ്മിച്ചതും പ്രാർത്ഥിച്ചതും ദിവ്യകാരുണ്യ സഭാംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി. കൂടെ ജീവിച്ചവരും പഠിച്ചവരും സഹപ്രവർത്തകരുമായിരുന്ന സന്യാസ സഹോദരങ്ങളാണ് മരണത്തിലൂടെ നിത്യതയിലേയ്ക്ക് കടന്നുപോയത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും കടന്നുപോകേണ്ട വഴിയാണ് മരണം എന്ന ഓർമ്മപ്പെടുത്തലും ഈ ദിനം തന്ന സമ്മാനമാണ്.

രാവിലെ 10.30-ന്  ആരംഭിച്ച വിശുദ്ധ കുർബാനയിൽ എം.സി.ബി.എസ് സുപ്പീരിയര്‍ ജനറല്‍ റവ. ഫാ. ജോസഫ്‌ മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എമ്മാവൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൾ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട്, സയൻ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൾ റവ. ഫാ. ജോസഫ് തോട്ടങ്കര, ഫാ. അലക്സ് അയ്യമ്പള്ളി, ഫാ. കറുത്തേടം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സുപ്പീരിയര്‍ ജനറല്‍ റവ. ഫാ. ജോസഫ്‌ മലേപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. എമ്മാവൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൾ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. സയൻ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൾ റവ. ഫാ. ജോസഫ് തോട്ടങ്കര, ഫാ. അബ്രഹാം മോളോപ്പറമ്പിൽ, ഫാ. ജോർജ്ജ്, സി. ജോസ് മേരി എഫ്.സി.സി. എന്നിവർ ഇത്തരമൊരു ഓർമ്മയാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. എമ്മാവൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൾ ഫാ. ജോയി വള്ളോംകുന്നേൽ ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 250-ഓളം ആളുകൾ ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തു.

എം.സി. ബി.എസ്. സഭയുടെ തുടക്കം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കത്തോലിക്കാ സഭയില്‍ ദിവ്യകാരുണ്യ ചൈതന്യം ഉള്‍ക്കൊണ്ടുള്ള വലിയ ഉണര്‍വ് ദൃശ്യമായി. വി. പത്താം പീയൂസ് മാര്‍പാപ്പായായിരുന്നു ഈ പുതുചൈതന്യത്തിലേയ്ക്ക് സഭയെ നയിച്ചത്. അതിനോടൊപ്പം മിഷന്‍ ദൗത്യത്തെക്കുറിച്ചുള്ള പുതിയ ബോധ്യങ്ങളും സഭയില്‍ ശക്തിപ്പെട്ടു. ദിവ്യകാരുണ്യ ചൈതന്യത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട ചങ്ങനാശ്ശേരി അതിരൂപതയിലെ രണ്ടു വൈദികരെയാണ് ദൈവം എം.സി.ബി.എസ്. സഭയുടെ സ്ഥാപനത്തിനായി തെരഞ്ഞെടുത്തത്. റവ. ഫാ. മാത്യു ആലക്കളവും, റവ. ഫാ. ജോസഫ് പറേടവും.

ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷമാണ് ദിവ്യകാരുണ്യ മിഷനറി സഭ എന്ന അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായത്. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് കാളാശ്ശേരി പിതാവിന്റെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും കൂടി 1933 മെയ് 7-ന് മല്ലപ്പള്ളിയില്‍ ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് തുടക്കമായി. മല്ലപ്പള്ളിയിലെ സ്ഥലപരിമിതി മൂലം ആദ്യകാലാംഗങ്ങള്‍, വൈകാതെ ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെ സമീപത്തുള്ള മന്ദിരത്തില്‍ താമസമായി. തുടര്‍ന്ന്, ആശ്രമം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേയ്ക്ക് മാറി. അങ്ങനെ, കടുവാക്കുളം – ചെറുപുഷ്പ ആശ്രമം മാതൃഭവനമായി രൂപപ്പെട്ടു.

സഭാപിതാക്കന്മാര്‍ – റവ. ഫാ. മാത്യു ആലക്കളം

സുവിശേഷത്തിലെ സ്‌നാപകയോഹന്നാനെപ്പോലെ തീക്ഷ്ണമതിയായ പുരോഹിതനായിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരില്‍ ഒരാളായ റവ. ഫാ. മാത്യു ആലക്കളം. വിശുദ്ധ കുര്‍ബാനയുടെ മിസ്റ്റിക് ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. മികച്ച വചനപ്രഘോഷകനും ഒട്ടനവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. ”വാനിലെ നക്ഷത്രങ്ങളുടെ എണ്ണത്തിനൊപ്പവും കടലിലെ ജലകണികകളുടെ അളവിനൊപ്പവും ദിവ്യകാരുണ്യത്തിന് സ്തുതി ഉണ്ടായിരിക്കട്ടെ” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.

ആരാധനക്രമ ഭാഷ അന്യമായിരുന്ന കാലത്ത് കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ മാതൃഭാഷയിലാക്കി ജനങ്ങളെ പഠിപ്പിക്കുകയും അങ്ങനെ പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പരിശുദ്ധ ത്രിത്വഭക്തി വിശ്വാസികള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കാന്‍ ലഘുഗ്രന്ഥങ്ങളും ലഘുരേഖകളും രചിച്ചു. ‘പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ’ എന്ന ജപം യാത്രകള്‍ക്കിടയില്‍ അദ്ദേഹം ചൊല്ലിയിരുന്നു.

പരിശുദ്ധ പിതാവ് പ്രഖ്യാപിക്കും മുമ്പേ പരിശുദ്ധ കന്യാമറിയത്തെ ‘ആദ്യസക്രാരി’, ‘ആദ്യ കുസ്‌തോദി’ എന്ന് വിശേഷിപ്പിച്ചിരുന്നു. കരിസ്മാറ്റിക് ധ്യാനങ്ങള്‍ തുടങ്ങും മുമ്പേ, കേരളത്തിലുടനീളം പരിശുദ്ധാത്മാവിനെക്കുറിച്ച് ധ്യാനപ്രസംഗങ്ങള്‍ നടത്തുകയും പരിശുദ്ധാത്മഭക്തി പ്രചരിപ്പിക്കുകയും ചെയ്തത് ബഹുമാനപ്പെട്ട ആലക്കളത്തിലച്ചനായിരുന്നു. ‘പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി’ എന്നായിരുന്നു ബഹുമാനപ്പെട്ട ആലക്കളത്തിലച്ചന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ‘വേദപ്രചാര        മധ്യസ്ഥന്‍’ എന്ന ചങ്ങനാശേരി രൂപതയുടെ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. രൂപതാ വാര്‍ത്തകള്‍ അറിയിക്കുന്നതിനോടൊപ്പം വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായിട്ടു കൂടിയാണ് അദ്ദേഹം ഇതിനെ വിഭാവനം ചെയ്തത്.

റവ. ഫാ. ജോസഫ് പറേടം

അന്ത്യത്താഴ വേളയില്‍ യേശുവിന്റെ വക്ഷസിലേയ്ക്ക് ചാരിക്കിടന്ന യോഹന്നാന്‍ ശ്ലീഹായെപ്പോലെ സ്‌നേഹം നിറഞ്ഞ പുരോഹിതനായിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരിലെ അടുത്ത ആളായ റവ. ഫാ. ജോസഫ് പറേടം. മുന്തിരിച്ചെടിയോട് ചേന്നുനില്‍ക്കുന്ന ശാഖ പോലെ ദിവ്യകാരുണ്യത്തോട് ചേര്‍ന്നുനിന്ന പുണ്യപിതാവ്. സ്‌നേഹം കൊണ്ടും സൗമ്യത കൊണ്ടും അനേകം ആത്മാക്കളെ നേടിയെടുത്ത നല്ല ഇടയനായിരുന്നു അദ്ദേഹം.

തീക്ഷ്ണമതിയായ അജപാലകന്‍ കൂടിയായിരുന്നു ബഹു. പാറേടത്തിലച്ചന്‍. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ പഠിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലേയ്ക്ക് പോയ കത്തോലിക്കാവിശ്വാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഏറെ ശ്രമങ്ങള്‍ അദ്ദേഹം ചെയ്തു. അറിവില്ലാത്തവരെ പഠിപ്പിക്കുന്നതിനായി ഇടവകകളോട് ചേര്‍ന്ന് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍ഗണനയിലുള്ള കാര്യമായിരുന്നു. അരമനയിലെത്തിയിരുന്ന കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ പലപ്പോഴും അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. ജനത്തിന്റെ ഉന്നമനത്തിനായി അവരെ കൈത്തൊഴിലുകള്‍ അഭ്യസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സാമൂഹ്യപരിഷ്‌ക്കര്‍ത്താവ് കൂടിയായിരുന്നു ബഹു. ജോസഫ് പറേടത്തിലച്ചന്‍.

”ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുന്നത് എത്ര ശ്രേഷ്ഠമാണ്. അതിനേക്കാള്‍ മനോഹരമായി ഈ ജീവിതത്തില്‍ എന്താണുള്ളത്! അത്ര ഉന്നതമായ ഒന്നാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്.” പരിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ബഹുമാനപ്പെട്ട പറേടത്തിലച്ചന്റെ ഈ വാക്കുകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്.

ദിവ്യകാരുണ്യ മിഷനറി സഭ ഇന്ന്

മിഷന്‍ മേഖലയിലും സമൂഹത്തിലെ ക്ലേശമനുഭവിക്കുന്നവര്‍ക്കിടയിലും എം.സി.ബി.എസ്. സഭാംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹ്യരംഗങ്ങളില്‍ ശുശ്രൂഷ ചെയ്ത് ഈ സമൂഹം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 450-ല്‍പ്പരം അംഗങ്ങളാണ് ഇപ്പോള്‍ ഈ സമൂഹത്തിലുള്ളത്.

ദിവ്യകാരുണ്യ മിഷനറി സഭയുടെ ജനറലേറ്റ് ആലുവായിലെ ചുണങ്ങംവേലിയിലാണ്. എമ്മാവൂസ്, സീയോന്‍ എന്നീ രണ്ട് പ്രൊവിന്‍സുകളാണ് സഭയ്ക്ക് ഇപ്പോഴുള്ളത്. എമ്മാവൂസ് പ്രൊവിന്‍സിന്റെ ആസ്ഥാനം കോട്ടയം – കടുവാക്കുളത്തും, സീയോന്‍ പ്രൊവിസിന്റെ ആസ്ഥാനം കോഴിക്കോട്ടുമാണ്.

മിഷന്‍ മേഖലയിലും സമൂഹത്തിലെ ക്ലേശമനുഭവിക്കുന്നവര്‍ക്കിടയിലും എം.സി.ബി.എസ്. സഭാംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹ്യരംഗങ്ങളില്‍ ശുശ്രൂഷ ചെയ്ത് ഈ സമൂഹം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങളിൽ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃത ജീവിതം കെടാതെ പകർന്നു കൊടുക്കുവാൻ  ഈ സമൂഹത്തിലെ അംഗങ്ങൾക്ക് എന്നും സാധിക്കട്ടെ.

സി. സൗമ്യ DSHJ

കടപ്പാട്: എമ്മാവൂസ് പഠനകേന്ദ്രം