കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി; ആഗസ്റ്റ് 04

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ഇന്ന് തിരുസഭയില്‍ നാം ആഘോഷിക്കുന്നു. പ്രത്യേകമായി എല്ലാ വൈദികരേയും ഓര്‍ക്കുകയും ദൈവത്തിനും ദൈവജനത്തിനും വേണ്ടി മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ദൈവതിരുമുമ്പില്‍ നന്ദിയര്‍പ്പിക്കുകയും ചെയ്യേണ്ട അവസരമാണിന്ന്. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ ആത്മീയമായി പിന്തുടരുന്ന ഒരേയൊരു വ്യക്തിയേയുള്ളൂ. അത് വൈദികനാണ്.

അടുക്കളയിലെ അമ്മയെപ്പോലെ വേതനമില്ലാതെ ജോലിചെയ്യുന്ന ഏക വ്യക്തി കൂടിയാണ് ഒരു വൈദികന്‍. വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ”ഇടയന്‍” എന്ന ചിന്തയും ചിത്രവുമാണ് വൈദികനെയും അവന്റെ ശുശ്രൂഷയുടെ മഹത്വത്തെയും ഓര്‍മ്മിപ്പിക്കാന്‍ സഭ നല്‍കുന്നത്. ശ്രേഷ്ഠമായ
ഉദാഹരണങ്ങളായി പഴയനിയമത്തില്‍ ദാവീദും പുതിയനിയമത്തില്‍ ഈശോയുമാണ് മുന്നിലുള്ളത്.

ഒരു ബലൂണ്‍ വില്പനക്കാരന്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കൈവശമുള്ള ബഹുവര്‍ണ്ണ ബലൂണുകള്‍ക്കിടയില്‍ നിന്നും പിങ്ക് കളറുള്ള ബലൂണ്‍ നൈട്രജന്‍ നിറച്ച് ഏറെ മുകളിലേക്ക് ഉയര്‍ത്തി പിടിച്ചു. ഇതു കണ്ട് ഒത്തിരി കുട്ടികള്‍ ആകര്‍ഷിതരും ആകുലരുമായി അദ്ദേഹത്തിന്റെ പക്കല്‍ വരാന്‍ തുടങ്ങി. ബുദ്ധികൂര്‍മ്മതയുള്ള ഒരു കുട്ടി അതിനിടയില്‍ നിന്നും അദ്ദേഹത്തോട് ചോദിച്ചു. ”വ്യത്യസ്തമായ ആ കളറാണോ ആ ഒരു ബലൂണിനെ മാത്രം ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്.” അദ്ദേഹം അവനോടു പറഞ്ഞു; ‘കളറല്ല’ അതിന്റെ ‘ഉള്ളാ’ണ് അതിനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്. ഒരു വൈദികനെ മുമ്പ് പ്രതിപാദിച്ച ‘ഇടയന്‍’ രൂപമാക്കുന്നതും അവന്റെ ഉള്ളാണ്. ഉള്ളും ഉടലും ഉടയവനില്‍ ഉടക്കിയിരിക്കുന്ന ഒരു വ്യക്തിയെ വിളിക്കുന്ന പേരാണ് ‘ഇടയന്‍’.
ഇടയന്റെ സവിശേഷതകള്‍ എന്തൊക്കെയെന്ന് യോഹന്നാന്റെ സുവിശേഷം 10-ാം അദ്ധ്യായത്തില്‍ ഏഴ് അടയാളങ്ങളിലൂടെ പ്രതിപാദിക്കുന്നുണ്ട്.

1. ആടുകള്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള വാതിലാണ്. (10:7)
2. ആടുകളുടെ എത്ര കാറിച്ചകളും പൂര്‍ണ്ണമായി ശ്രവിക്കുന്നവനാണ്. (10:8)
3. ആടുകള്‍ക്ക് നല്ല മേച്ചില്‍ സ്ഥലം ഒരുക്കുന്നവനാണ്. (19:9)
4. ആടുകള്‍ക്ക് സമൃദ്ധമായി ജീവന്‍ നല്‍കുന്നവനാണ്. (10:10)
5. ആടുകള്‍ക്കായുസ്സും ജീവനും (എപ്പോള്‍ വേണമെങ്കിലും) അര്‍പ്പിക്കുന്നവനാണ്. (10:11)
6. ആടുകളെ പൂര്‍ണ്ണമായും അറിയുന്നവനാണ്. (10:15)
7. ആടുകള്‍ക്ക് ശ്രവിക്കാവുന്ന ഭാഷ സംസാരിക്കുന്നവനാണ്. (10:16)

ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ ‘ഇടയന്‍’ ‘ആടുകളുടെ മണമുള്ളവനാകണം’ എന്നതാണ് പങ്കുവയ്ക്കുന്നത്. ഇത് പൂര്‍ണ്ണമാകണമെങ്കില്‍ വിയാനി പുണ്യവാന്‍ പറഞ്ഞവ ഇടയന്റെ അന്തഃരംഗത്തില്‍ എപ്പോഴും മുഴങ്ങി നില്‍ക്കുകയും വേണം. നിരന്തരം ആടുകള്‍ക്കുവേണ്ടി (അജഗണം) ബലിയര്‍പ്പിക്കുന്നവന് ഞാനര്‍പ്പിക്കുന്നത് ആദ്യബലിയാണെന്നും അന്ത്യബലിയാണെന്നും ഏകബലിയാണെന്നുമുള്ള ഓര്‍മ്മ വേണം. ഇതായിരിക്കട്ടെ നമ്മുടെ വൈദികര്‍ക്കുവേണ്ടിയുള്ള നമ്മുടെ ഇന്നത്തെ ആശംസയും പ്രാര്‍ത്ഥനയും.

ഇടയനെപ്പോഴും മറുകര ലക്ഷ്യമാക്കി നീങ്ങുന്നവന്‍ കൂടിയാവണം (Jn 6:1). ആരും ഒരു യാത്രയും ഒറ്റയ്ക്കല്ലല്ലോ ചെയ്യുക. സ്വന്തമായി ആരുമില്ലെങ്കിലും കൂടെ ആരെങ്കിലുമൊക്കെയുണ്ടാവും ഓരോ യാത്രികനും. ഒപ്പം യാത്ര ചെയ്യുന്നവരേക്കുറിച്ച് അറിയില്ലെങ്കില്‍ പോലും ഒരു ശ്രദ്ധ ഉണ്ടാകും. എന്നത് ഒരു സത്യമാണ്. എന്തെങ്കിലും ആര്‍ക്കെങ്കിലും പറ്റിയാല്‍ അറിയാതെ തന്നെ ഒരു കൈ എങ്കിലും താങ്ങാന്‍ വരും. ഇതൊരു യാഥാര്‍ത്ഥ്യമെങ്കില്‍ ഇടയന്‍ ഒപ്പം യാത്ര ചെയ്യുന്നവരെ മറുകരയെത്തിക്കാന്‍ വിളിക്കപ്പെട്ടവനും കടപ്പെട്ടവനുമാണ്. (Lk 8:26). (Mk 10:1) (Mk 6:45-52). ഇടയന്റെ ലക്ഷ്യം മറുകരയാവണം അതായത് പറുദീസ-സ്വര്‍ഗ്ഗം. ഒപ്പമുള്ളവരെ അവിടെയെത്തിക്കണം ഇടയന്‍.

ലക്ഷ്യം മറുകരയല്ലാതെയായിപ്പോയ ഇടയന്മാരെല്ലാവരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ വീഴുകയോ, വീഴ്ത്തപ്പെടുകയോ ചെയ്ത ചരിത്രമാണ് ഉള്ളത്. ഇസ്രായേലിന്റെ രാജാവായ സോളമന്‍ പരിപൂര്‍ണ്ണ വിശ്വസ്തത പാലിച്ചില്ല. അന്ത്യം ദാരുണമായിരുന്നു (രാജാ 11:4). ഇടയനും അഭിഷിക്തനുമായ ദാവീദ് ലക്ഷ്യം മറന്നത് സാമുവല്‍ 2-ാം പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. പ്രിയ ജനത്തെ മറുകരയെത്തിക്കാന്‍ ദൗത്യം ലഭിച്ച പല ഇടയരും (രാജാക്കന്മാര്‍) അത് മറന്നതും അതിന്റെ പരിണിതഫലം ഏറ്റുവാങ്ങുന്നതുമായുള്ള കഥകള്‍ ദിനവൃത്താന്തം 2-ാം പുസ്തകത്തിലും വിവരിക്കുന്നുണ്ട്.

അതിനാല്‍ ഇടയന്മാര്‍ മറുകരയെന്ന ലക്ഷ്യം മറക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയിലൂടെ നമുക്ക് അവരെ ശക്തിപ്പെടുത്താം. മാമോദിസ മുതല്‍ ഓരോ വ്യക്തിക്കും ദൈവം ഓരോ ഇടയന്മാരെ നല്‍കുന്നുണ്ട്. അതുപോലെ കൂദാശകളും പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ചെയ്യുമ്പോള്‍ ഓരോ വൈദികനും മറുകരയ്ക്കുള്ള തന്റെ യാത്രാവഞ്ചിയില്‍ ആടുകളുടെ എണ്ണം കൂട്ടുകയാണ്. സുരക്ഷിതമായി തുഴഞ്ഞ് അക്കരെയെത്തിക്കാന്‍ അങ്ങേ ദാസന്മാരുടെ കരങ്ങള്‍ക്ക് ബലമേകണേ ബലവാനേ എന്ന പ്രാര്‍ത്ഥന മാത്രം നമ്മുടെ അധരങ്ങളില്‍ സൂക്ഷിക്കാം.

ഫാ. തോമസ് പെരുമ്പെട്ടിക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.