സ്വർഗ്ഗം വിലമതിക്കുന്ന മൂന്നു രക്തസാക്ഷിത്വങ്ങൾ 

കത്തോലിക്കാ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന ഈ ദിനം മൂന്നുതരത്തിലുള്ള രക്തസാക്ഷിത്വത്തെക്കുറിച്ചു നമുക്കു അല്പം ചിന്തിക്കാം.

മാർത്തൂസ് (martus) എന്ന ഗ്രീക്കു വാക്കിൽ നിന്നാണ് “martyr” എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം. ഒരുവനു വ്യക്തിപരമായ അറിവുള്ള വസ്തുതക്കു സാക്ഷ്യം നൽകുക എന്നതാണ് ഇതിന്റെ അർത്ഥം.

ക്രിസ്തീയ പാരമ്പര്യത്തിൽ യേശുക്രിസ്തുവിന്റെ ജീവിതത്തിനും ഉത്ഥാനത്തിനും പ്രഥമദൃഷ്ടാ സാക്ഷ്യം വഹിച്ച അപ്പസ്തോലന്മാരെ സൂചിപ്പിക്കാനാണു രക്തസാക്ഷി എന്ന പദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നിടുള്ള നൂറ്റാണ്ടുകളിൽ യേശു ക്രിസ്തുവിനു സാക്ഷ്യം നൽകാൻ രക്തം ചിന്തിയ വിശുദ്ധരായ സ്ത്രീകളെയും പുരുഷമാരെയും സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു തുടങ്ങി.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ രക്തസാക്ഷിത്വത്തെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “വിശ്വാസത്തിന്റെ സത്യത്തിനു സാക്ഷ്യം നൽകുന്ന ഏറ്റവും ഉന്നതമായ മാർഗ്ഗമാണ് രക്തസാക്ഷിത്വം. അതായത് വിശ്വാസത്തിനു വേണ്ടി ജീവൻ പോലും വെടിയുക. മരിക്കുകയും ഉത്ഥാനം ചെയ്യുകയും, സ്നേഹത്തിൽ ഒന്നായിരിക്കുകയും ചെയ്ത ക്രിസ്തുവിനാണു രക്ത സാക്ഷി സാക്ഷ്യം നൽകുന്നത്.  ക്രിസ്തീയ പ്രബോധനത്തിനും സത്യവിശ്വാസത്തിനും അവൻ സാക്ഷ്യം നൽകുന്നു.  സ്ഥൈര്യത്തിലുടെ  മരണത്തിൽ പോലും അവൻ  ഉറച്ചു നിൽക്കുന്നു.” (CCC 2473)

മത പീഡനങ്ങളുടെ കാലം കഴിഞ്ഞപ്പോൾ വിവിധ തരത്തിലുള്ള രക്ത സാക്ഷിത്വങ്ങൾ സഭയിൽ ഉടലെടുത്തു.   അയർലണ്ടിൽ   എഴാം നൂറ്റാണ്ടിന്റെ അവസാനം  പ്രചാരത്തിലിരുന്ന ഒരു സുവിശേഷ പ്രഘോഷണത്തിൽ മൂന്നു തരത്തിലുള്ള  രക്തസാക്ഷിത്വത്തെെക്കുറിച്ചു ചുരുക്കമായി രേഖപ്പെടുത്തിയിട്ടുണ്ട് .

വെള്ള രക്തസാക്ഷിത്വം (white martyrdom)

രക്തം ചിന്തപ്പെടാതെ വിശ്വാസത്തിനു വേണ്ടി പീഡനമേൽക്കുന്നതാണ് വെള്ള രക്തസാക്ഷിത്വം. ക്രിസ്തുവിനു വേണ്ടി ധീരമായി ജീവിക്കുന്ന അവസ്ഥ.

പച്ച രക്തസാക്ഷിത്വം (Green martyrdom) 

ദൈവസ്നേഹത്തെപ്രതി കഠിനമായ പ്രായശ്ചിത്വങ്ങളും ഉപവാസവും അനുഷ്ഠിക്കുന്നതിനെയാണു പച്ച രക്തസാക്ഷിത്വം കൊണ്ടു വിവക്ഷിക്കുക. ഈജിപ്തിലെ ആദ്യകാല താപസവര്യന്മാരുമായി ബന്ധപ്പെട്ടാണ് ഈ രീതിയിലുള്ള രക്തസാക്ഷിത്വം ഉദയം ചെയ്തത്.

ചുവന്ന രക്തസാക്ഷിത്വം (Red martyrdom)

സത്യവിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്തം ചിന്തി സാക്ഷ്യം നൽകുന്നതിനെയാണു ഈ രീതിയിലുള്ള രക്തസാക്ഷിത്വം അർത്ഥമാക്കുക.

സ്വർഗ്ഗത്തിലേക്കുള്ള മൂന്നു വഴികളാണ് ഈ മൂന്നു രക്തസാക്ഷിത്വങ്ങളും. ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയമാണു ഈ മൂന്നു രക്തസാക്ഷിത്വങ്ങളിലും പൊതുവായിട്ടുള്ളത്. മറ്റൊരു രീതിയിൽ ദൈവ സ്നേഹം പ്രകടിപ്പിക്കാനുള്ള മൂന്നു വഴികളാണ് ഈ രക്തസാക്ഷിത്വങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.