
ഇന്തോനേഷ്യയിൽ രാജ്യവ്യാപകമായ ഔട്ട്റീച്ച് പരിപാടിയുടെ ഭാഗമായി ഞായറാഴ്ചകളിൽ പൊലീസ് ഉദ്യോഗസ്ഥർ പള്ളികൾ സന്ദർശിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത്. ഇത്തരം സന്ദർശനങ്ങൾ ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും വിശ്വാസികളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.
നവംബർ 11-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇത്തരം സന്ദർശനങ്ങൾ വിശ്വാസികളിൽ ഭയം ജനിപ്പിക്കുന്നതിനു കാരണമാകുന്നു എന്ന് സഭാധികൃതർ വെളിപ്പെടുത്തുന്നു. പൊതുസുരക്ഷാ സന്ദേശങ്ങൾ നൽകുന്നതിനും ‘പൊലീസ് സമൂഹത്തോടൊപ്പം എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിനുമായി ആണ് പൊലീസ് ദൈവാലയ സന്ദർശനങ്ങൾ ആരംഭിച്ചത്.
മതസമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആളുകൾക്ക് സുരക്ഷിതമായി ആരാധന നടത്താൻ സഹായിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് ദേശീയ പൊലീസ് മേധാവി ജനറൽ സുയുദി അരിയോ സേതോ ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, പൊലീസ് തങ്ങളുടെ പരിപാടികൾ പ്രചരിപ്പിക്കുന്നതിനായി അൾത്താരകളോ പ്രസംഗപീഠങ്ങളോ ഉപയോഗിക്കുന്നതിന് പകരം ആവശ്യമുള്ളപ്പോൾ പള്ളികൾക്ക് പുറത്ത് സുരക്ഷ ഒരുക്കുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ഇംപാർഷ്യൽ ഡയറക്ടർ അദിപുത്ര പറഞ്ഞു. ആരാധനാലയങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന സാഹചര്യം ഭരണകൂടം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ ജാവയിലെ സുരബായയിലുള്ള കത്തോലിക്കാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് നടത്തിയ ഔട്ട്റീച്ച് പരിപാടിക്കെതിരെ വിശ്വാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് കമ്മ്യൂണിറ്റി ഗൈഡൻസ് ഡയറക്ടറേറ്റ് ക്ഷമാപണം നടത്തിയിരുന്നു. സന്ദർശനങ്ങൾക്ക് പള്ളി കൗൺസിലുകളുടെ അനുമതി ഉണ്ടായിരിക്കണമെന്നും ഒരാഴ്ച മുമ്പ് വിശ്വാസികളെ അറിയിക്കണമെന്നും സഭാധികൃതർ പറഞ്ഞു. യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ സന്ദർശനം നിരസിക്കാൻ പള്ളികൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം, കൂടാതെ ചർച്ചകൾ ആരാധനയ്ക്ക് ശേഷമോ പ്രത്യേക വേദിയിലോ ആണ് നടക്കേണ്ടതെന്നും വിവിധ സഭാ സമൂഹനങ്ങളുടെ നേതാക്കൾ വ്യക്തമാക്കി.




