ദൈവം സ്വന്തമാക്കിയ വിമലഹൃദയ തുടിപ്പുകൾ 

പരിശുദ്ധ സ്നേഹം കൊണ്ട് ഭൂമുഖം കീഴടക്കിയവൾ. അതെ, ഹ്യദയത്തിൻ്റെ താഴ്മയെ നിലനിർത്തി സ്വർഗ്ഗത്തെയും, ഭൂമിയെയും ഒന്നിപ്പിച്ചവൾ. ആ വിമലഹൃദയത്തോട് തുലനം ചെയ്യുവാൻ ഈ ലോകത്തിൽ എന്തുണ്ട്? സ്വർഗ്ഗീയ ദൂതഗണങ്ങൾ ഒന്നാകെ ആനന്ദിച്ച് ഹർഷ പുളകിതരായി നൃത്തച്ചുവടുവച്ച ഒറ്റവാക്ക്  ‘ഇതാ ഞാൻ കർത്താവിൻ്റെ ദാസി’. കാലത്തിൻ്റെ ചുവരെഴുത്തുകൾ മാറ്റി മറിച്ച പുണ്യനിമിഷങ്ങൾ.

പരിശുദ്ധ അമ്മയുടെ വിമല ഹൃദയതുടിപ്പ് ദാസിയിൽ നിന്ന് സ്വർഗ്ഗരാജ്ഞിയിലേക്ക് അമ്മയെ ഉയർത്തി. ആകാശവിതാനങ്ങൾ നീലമേഘാവൃതങ്ങൾ പരവതാനി വിരിച്ചു, ആകാശവിതാനങ്ങൾ മിന്നിമിന്നി തെളിഞ്ഞു കൊണ്ടിരുന്നു. പ്രകൃതി നിശബ്ദമായി ആ ഹൃദയതുടിപ്പിൻ്റെ ശബ്ദം ചെവികൊണ്ടു. ‘ഇതാ, കർത്താവിൻ്റെ ദാസി  നിൻ്റെ വാക്ക് എന്നിൽ നിറവട്ടെ’. (ലൂക്കാ 1:38)

ദൈവം തിരെഞ്ഞെടുത്തവളെ ദൂതൻ അഭിസംബോധന ചെയ്യുന്നത് ദൈവകൃപ നിറഞ്ഞവളെ സ്വസ്തി എന്നാണ്. അമ്മയുടെ ദൈവകൃപയിലുള്ള നിറവ് ദൂതൻ തിരിച്ചറിയുന്നു. തൻ്റെ ഏളിയ ഹ്യദയത്തിൻ്റെ നിറവിൽ നിന്ന് അമ്മ സ്തോത്രഗാനം ആലപിച്ചു: “ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു.” കറ തീണ്ടാത്താ അമ്മയുടെ വിമലഹൃദയത്തിൽ, ലോകം മുഴുവനിലുമുള്ള മനുഷ്യമക്കളെ തൻ്റെ ഹൃദയ ചെപ്പിനുള്ളിൽ ഒളിപ്പിച്ച് സ്നേഹമാകുന്ന ജീവശ്വാസത്താൽ പൊതിഞ്ഞ്, യേശുവാകുന്ന ഏക ബിന്ദുവിലേക്ക്  അമ്മ നമ്മെ അടുപ്പിക്കുന്നു. വേദനകളുടെയും പ്രയാസങ്ങളുടെയും, നടുവിൽ കണ്ണീർ വറ്റി തുടങ്ങുമ്പോൾ  അമ്മയുടെ വിമലഹൃദയത്തിൽ നിന്ന് ജീവൻ്റെ സ്നേഹജലം നമുക്കായി ഒഴിക്കി തരുന്നു.

അമ്മയുടെ വിമലഹൃദയം ഒന്നു മാത്രമേ നമ്മോട് ആവശ്യപ്പെടുന്നുള്ളു. ഈശോയുടെ ഹൃദയം  കവർന്നെടുക്കുവാൻ തക്ക രീതിയിൽ പരിശുദ്ധമായ ഒരു മനസാക്ഷിയും വക്രതയില്ലാത്ത ഒരു ഹൃദയവും  രൂപപ്പെടുത്തുക. ജന്മപാപമോ കർമ്മപാപമോ അമ്മയെ മലിനയാക്കിയില്ല. പിതാവായ ദൈവം പരിശുദ്ധ അമ്മയെ ഈ ലോകത്തിലേക്ക് ജന്മപാപമേൽക്കാതെ ജനിക്കുവാൻ അനുവദിച്ചെങ്കിലും പിന്നിടുള്ള  അമ്മയുടെ ജീവിത സാതന്ത്ര്യത്തിൽ ദൈവം കൈ കടത്തുന്നതായി നാം കാണുന്നില്ല. പരിശുദ്ധ അമ്മ  ആത്മാവിൻ്റെ പ്രചോദനങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി അവയെ ദൈവത്തിങ്കലേക്ക് ഉയർത്തി. തൻ്റെ വിമല ഹൃദയത്തിൻ്റെ പരിശുദ്ധിയെ വാനോളം ഉയർത്തി കൊണ്ട് ലോകത്തിന് മുമ്പിൽ മാതൃകയും വിജയശ്രീലാളിതയാവുകയും ചെയതു.

പരിശുദ്ധ അമ്മ തൻ്റെ ഹൃദയത്തിൻ്റെ അലങ്കരമായി വിനയം, എളിമ എല്ലാറ്റിനും ഉപരിയായി പരിശുദ്ധ  സ്നേഹം കൊണ്ട് തൻ്റെ ഹ്യദയത്തെ അലങ്കരിച്ചു. അതിന് അംഗീകാരമെന്ന വണ്ണം തിരുസഭ അമ്മയുടെ  ഹൃദയത്തെ വിമലഹൃദയമെന്ന ഉന്നതിയിലേക്ക് ഉയർത്തി. ആ വിമല ഹൃദയത്തിൽ നിന്ന് നിർഗളിക്കുന്ന  സ്നേഹത്തിൻ്റെയും, വിനയത്തിൻ്റേയും, എളിമയുടെയും നീരുറവ ഒപ്പിയെടുത്തു കൊണ്ട്, ആ വിമലഹൃദയത്തിൽ നമുക്കും ഒരു സ്ഥാനം കരഗതമാക്കാം. ജീവിതയാത്രക്കിടയിൽ നാം കണ്ടുമുട്ടുന്നവരെയും  യേശുവിനെ തിരയുന്നവരെയും പരി. അമ്മയെ ഏല്പിക്കാം. അമ്മ അവരുടെ ആ ചെറിയ ആഗ്രഹത്തെ എരിയുന്ന, ജ്വലിക്കുന്ന അഗ്നിയാക്കി മാറ്റിക്കൊണ്ട് അവരെ യേശുവിലേക്ക് അടുപ്പിക്കും. പരിശുദ്ധ അമ്മയുടെ വിമല ഹൃദയതുടിപ്പുകളെ നമുക്ക് നമ്മുടേതാക്കി മാറ്റാം.

സി.റോസ്നാ തോപ്പിൽ DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.