മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 7

കണ്ണുനീർ താഴ്‌വരയിൽ കഴിയുന്നവർ അമ്മയോട് ചേർന്നു പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന ഒരിക്കലും സ്വർഗ്ഗം നിഷേധിക്കുകയില്ല. നിന്റെ പരിമിതികൾ എന്തുമാവട്ടെ. നിന്നെ ആശ്വസിപ്പിക്കുവാൻ, സ്വാന്തനമേകുവാൻ ക്രിസ്തു കുരിശിൽ നൽകിയ സമ്മാനമാണ് പരിശുദ്ധ അമ്മ. അമ്മയുടെ അരികിലെത്തുന്നവർക്ക് അവൾക്ക് കാണിച്ചുകൊടുക്കുവാൻ ഒരാൾ മാത്രമേയുള്ളൂ. പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന സ്വന്തം പുത്രനെ.

ഏറ്റവും പരമമായ ആരാധനയിൽ മാതാവിന്റെ സാന്നിധ്യം പ്രകടമാകുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കാണുന്നത് ഏറ്റവും മഹത്തായ ആരാധനയാണ്. പരിശുദ്ധ അമ്മയോട് ചേർന്നാണ് യൗസേപ്പിതാവും പൂജരാജാക്കന്മാരും ലോകസൃഷ്ടികൾ മുഴുവനും അവിടെ ദൈവത്തെ ആരാധിക്കുന്നത്. അതുപോലെ തന്നെ ദൈവപിതാവിന് പുത്രൻ അർപ്പിക്കുന്ന ബലിയിൽ, ആദ്യമായി ശരീരം മുറിച്ച് അവൻ തിരുവോസ്തി ആകുന്ന കുരിശിന്റെ താഴെയും മറിയമുണ്ട്. ശിഷ്യന്മാരോട് ചേർന്ന് പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്ന പ്രാർത്ഥനയിലും അവളുടെ സാന്നിധ്യം സജീവമാണ്. പരിശുദ്ധ അമ്മയുടെ കരം പിടിച്ചാൽ എന്റെ ജീവിതവും ആരാധനയായി മാറും.

റോസിനാ പീറ്റി