മാന്നാനം തീര്‍ഥാടക സംഘങ്ങളാല്‍ ഭക്തിസാന്ദ്രമായി

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ ആശ്രമദേവാലയത്തിലേക്ക് വിവധയിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവ് മാന്നാനത്തെ ഭക്തിസാന്ദ്രമാക്കി. ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്കു സായൂജ്യമേകി ആശ്രമദേവാലയത്തിലും പരിസരത്തും പ്രാര്‍ഥനകളാലും സ്തുതിഗീതങ്ങളും മുഴങ്ങി. രണ്ടു തീര്‍ഥാടനങ്ങളാണ് ഇന്നലെ മന്നാനത്ത്എത്തിച്ചേര്‍ന്നത്.

മാന്നാനം ആശ്രമാധിപന്‍ ഫാ.സ്‌കറിയ എതിരേറ്റും മറ്റ് വൈദികരും ചേര്‍ന്ന് തീര്‍ഥാടകരെ വരവേറ്റു. ആദ്യമെത്തിയത് നാല്‍പാത്തിമല സെന്റ് തോമസ് പള്ളിയില്‍നിന്നുള്ള തീര്‍ഥാടകരാണ്. തീര്‍ഥാടകര്‍ ദേവാലയത്തില്‍ എത്തിയശേഷം വികാരി ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

കുടമാളൂര്‍ ഫൊറോനാ മാതൃവേദി പിതൃവേദിയുടെ നേതൃത്വത്തിലായിരുന്നു അടുത്ത സംഘം. മുഴുവന്‍ ഇടവകകളില്‍നിന്നുമായി ആയിരങ്ങള്‍ തീര്‍ഥാടകരായെത്തി. കുടമാളൂര്‍ ഫൊറോനാ വികാരി ഫാ.ഏബ്രഹാം വെട്ടുവയലില്‍, പിതൃവേദി ഫൊറോനാ ഡയറക്ടര്‍ ഫാ.ജയിംസ് അത്തിക്കളം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. തീര്‍ഥാടകര്‍ക്കായി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.