ഡിസംബറിന്റെ ദിനങ്ങളെ കൂടുതൽ വിശുദ്ധമാക്കാൻ ‘മഞ്ഞണി ക്രിസ്തുമസ്’ എന്ന മ്യൂസിക്കൽ ആൽബം

ഡിസംബറിന്റെ ദിനങ്ങളെ കൂടുതൽ വിശുദ്ധമാക്കാൻ ‘മഞ്ഞണി ക്രിസ്തുമസ്’ എന്ന മ്യൂസിക്കൽ ആൽബം ഡിസംബർ 15 -ന് റിലീസ് ചെയ്യുന്നു.

താരാട്ടുപാട്ടുകൾക്ക് എന്നും അമ്മമണമുണ്ട്. അതുകൊണ്ടു തന്നെയാണ് ഏതു പ്രായത്തിലുള്ള മനുഷ്യനും താരാട്ടു കേൾക്കുമ്പോൾ കൂടുതൽ ആർദ്രനായിത്തീരുന്നത്. സമാധാനത്തിന്റെ ദൂതും പേറി ഭൂമിയിൽ പിറന്ന ഉണ്ണിയേശുവിനായി ഒരു താരാട്ടുപാട്ട്. മഞ്ഞണിഞ്ഞ ക്രിസ്തുമസ് കാലത്തെ കൂടുതൽ നിർമ്മലമാക്കാൻ ഏയ്മ ക്ലാസിക്കിന്റെ ബാനറിൽ ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി വരികളെഴുതി, ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ് സംഗീതം നൽകി വീണ്ടുമൊരു മനോഹരഗാനം കൂടി ജനിക്കുന്നു.

ഒരൊറ്റ പാട്ടു കൊണ്ട്‌ തെന്നിന്ത്യൻ ജനതയുടെ ഹൃദയം കീഴടക്കിയ പ്രശസ്ത ഗായിക പ്രിയങ്ക എൻ.കെ. -യുടെ സ്വർഗ്ഗീയശബ്ദം ഈ പാട്ടിനെ കൂടുതൽ ഇമ്പമുള്ളതാക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. അതുപോലെ ഇതിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ ബാജിയോ ബാബു, പ്രൊഡ്യൂസർ അനിൽ മാത്യു എന്നിവരും അഭിനന്ദനമർഹിക്കുന്നു.

ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത, സോണിച്ചൻ സി.എം.ഐ -യുടെ മനോഹരമായ കഥയും സംവിധാനവുമാണ് എന്നതാണ്. അഭിനയമികവ് കൊണ്ട്‌ കഴിവ്‌ തെളിയിച്ച നിരവധി കലാകാരന്മാരും കുഞ്ഞുങ്ങളും ഈ ഗാനത്തിന്റെ മുഴുനീള നിരയിൽ തിളങ്ങിനിൽക്കുന്നു.

മനോഹരങ്ങളായ അനേകം ക്രിസ്തീയഗാനങ്ങൾ നമുക്കു നൽകിയ ഏയ്‌മ ക്ലാസ്സിക്കിന്റെ സാരഥി സുമോദിന്റെ സാന്നിധ്യം ഈ പാട്ടിൽ എടുത്തുപറയേണ്ടതായിട്ടുണ്ട്. ഇത്രയും പ്രഗത്ഭരായ ഒരുപറ്റം ആളുകൾ ചേർന്നൊരുക്കുന്ന ഈ സംഗീതവിരുന്നിൽ സ്വർഗ്ഗവാതിൽ തുറക്കപ്പെടുമെന്നതിൽ സംശയമില്ല.

ഡിസംബറിന്റെ തണുത്ത രാത്രികളൊന്നിൽ, സത്രങ്ങൾ പോലും കൊട്ടിയടക്കപ്പെട്ടപ്പോൾ പുൽക്കൂട്ടിലെ നേർത്ത ചൂടിലേക്ക് ലോകരക്ഷകനായി ഒരു കുഞ്ഞ് പിറക്കുന്നു. അവൻ ദൈവപുത്രനാണ് എന്ന തിരിച്ചറിവിൽ ആ പൈതലിനെ കാണാനെത്തുന്നവർക്ക് നക്ഷത്രങ്ങൾ വഴി കാട്ടുന്നു. ആഹ്ളാദത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം മാത്രമല്ല ക്രിസ്മസ്. എല്ലാ വാതിലുകളും അടയ്ക്കപ്പെട്ടവരുടെയും അപമാനഭാരത്താൽ വല്ലാതെ കുനിഞ്ഞു പോയവരുടെയും പ്രതീക്ഷയുടെ കഥ കൂടിയാണ്. അതുകൊണ്ട് തള്ളപ്പെട്ടവർക്കും ആലംബഹീനർക്കും ഇടം നൽകുന്നതാവട്ടെ നമ്മുടെയും ക്രിസ്തുമസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.