
ലെയോ പതിനാലാമൻ മാർപാപ്പയുടെ ഉറുഗ്വേ, അർജന്റീന, പെറു സന്ദർശന വേളയിൽ ശ്രദ്ധേയമായ ദൈവപരിപാലനയെ അനുസ്മരിപ്പിക്കുന്ന അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നവംബർ ആറു മുതൽ 17 വരെയാണ് ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം നടക്കുന്നത്.
1. വിശുദ്ധ അഗസ്റ്റിന്റെ ജന്മവാർഷിക ദിനത്തിൽ ലെയോ പാപ്പ ചിക്ലായോയിൽ
നവംബർ 13-ന്, ലെയോ പതിനാലാമൻ മാർപാപ്പ മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച പെറൂവിയൻ രൂപതയായ ചിക്ലായോയിലേക്ക് മടങ്ങിയെത്തുകയും പിമെന്റലിലെ പാമ്പാസിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. ഈ ദിവസം അഗസ്റ്റിനിയൻ സമൂഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വടക്കേ ആഫ്രിക്കയിലെ തഗാസ്തെയിൽ എ.ഡി 354-ൽ ജനിച്ച വിശുദ്ധ അഗസ്റ്റിന്റെ ജന്മവാർഷിക ദിനമാണിത്. ആ ദിവസം, മാർപാപ്പ അംഗമായ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സഭ തങ്ങളുടെ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു.
2. ഉറുഗ്വേയുടെ സംരക്ഷക വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ മധ്യസ്ഥം തേടാൻ ഇത്തവണ മാർപാപ്പയും
നവംബർ എട്ടിന് രാവിലെ, ഉറുഗ്വേയുടെ സംരക്ഷക വിശുദ്ധയായ ഔവർ ലേഡി ഓഫ് ദി തെർട്ടി-ത്രീ ദേശീയ തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഫ്ലോറിഡ കത്തീഡ്രൽ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ ദിവ്യബലിക്ക് നേതൃത്വം നൽകും. അദ്ദേഹത്തിന്റെ സന്ദർശനം ഈ ഭക്തിയുടെ പ്രധാന ആഘോഷ ദിനത്തോടൊപ്പം വരുന്നു എന്നത് രാജ്യത്തെ കത്തോലിക്കർക്ക് ഏറെ പ്രത്യേകതയുള്ളതാണ്.
ആ ദിവസം നവംബറിലെ രണ്ടാമത്തെ ഞായറാഴ്ച കൂടിയാണ്. പരമ്പരാഗതമായി ഇവിടേക്ക് ദേശീയ തീർഥാടനം നടക്കുന്നത് ഈ ദിവസമാണ്. അങ്ങനെ, മാർപാപ്പയുടെ സന്ദർശന സമയം ഈ തിരുനാൾ ദിനവും പരമ്പരാഗത തീർഥാടന ഞായറാഴ്ചയും ഒത്തുചേരുന്ന ദിനമാണ്.
3. ആഗോള ദരിദ്ര ദിനത്തിൽ ആൻഡീസിനും ആമസോണിനും ഇടയിൽ
നവംബർ 15-ന് ലെയോ പതിനാലാമൻ പാപ്പ കുസ്കോയും (Cusco) പുക്കാൽപ്പയും (Pucallpa) സന്ദർശിക്കും. ‘കർത്താവ് ദരിദ്രരുടെ അഭയകേന്ദ്രമാണ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പത്താമത് ആഗോള ദരിദ്ര ദിനത്തോട് അനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ചകൾ വരുന്നത്.
കുസ്കോയിൽ മാർപാപ്പ വിശ്വാസികളുമായും പ്രാദേശിക വിശ്വാസ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം പുക്കാൽപ്പയിലേക്ക് യാത്ര തിരിക്കും, അവിടെ ലിമയിലേക്ക് പോകുന്നതിന് മുൻപ് മിഷനറിമാരെയും ആമസോണിയൻ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും കാണും.
ഈ കൂടിക്കാഴ്ച മാർപാപ്പയ്ക്കും അദ്ദേഹത്തെ സ്വീകരിക്കുന്ന സമൂഹങ്ങൾക്കും തങ്ങളുടെ തനിമയും ചരിത്രവും പാരമ്പര്യങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കുന്നതിന് ഒരു പ്രത്യേക അന്തരീക്ഷം ഒരുക്കും.
4. ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിനത്തിൽ തടവുകാരെ സന്ദർശിക്കും
നവംബർ 11-ലെ യാത്രാക്രമത്തിൽ ബ്യൂണസ് അയേഴ്സ് ഫെഡറൽ പെനിറ്റൻഷ്യറി കോംപ്ലക്സ് സന്ദർശനം ഉൾപ്പെടുന്നു. ഒരു ദരിദ്രന് തന്റെ കുപ്പായം പകുത്തു നൽകിയതിലൂടെ ഓർമ്മിക്കപ്പെടുന്ന ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിനവും കൂടിയാണത്. സന്ദർശന പരിപാടിയിൽ ഈ തിരുനാൾ ആഘോഷത്തെക്കുറിച്ച് എടുത്തുപറയുന്നില്ലെങ്കിലും, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട തടവുകാരുടെ അടുത്തേക്ക് മാർപാപ്പ എത്തുന്ന ഈ ദിവസം, കഷ്ടപ്പാടനുഭവിക്കുന്നവരോടുള്ള കരുണയുടെ സന്ദേശം ഓർമ്മിക്കാൻ സഹായിക്കുന്നു.
5. വിശുദ്ധ തെരീബിയോയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 300-ാം വാർഷികത്തിൽ അദ്ദേഹത്തിന്റെ തീർഥാടന കേന്ദ്രം സന്ദർശിക്കും
നവംബർ 14-ന്, ലെയോ പതിനാലാമൻ മാർപാപ്പ സന്ന്യാസ വര്യനും അമേരിക്കയിലെ ബിഷപ്പുമാരുടെ സംരക്ഷകനുമായ വിശുദ്ധ തെരീബിയോ ഡി മൊഗ്രോവെജോയുടെ (Saint Toribio de Mogrovejo) തീർഥാടന കേന്ദ്രത്തിൽ (സാന്യയിൽ) പ്രാർഥനാ യോഗത്തിൽ പങ്കെടുക്കും. 1726 ഡിസംബർ പത്തിന് പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തിന്റെ വിശുദ്ധപദവിയുടെ 300-ാം വാർഷിക ജൂബിലി വർഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണിത്.
1538 നവംബർ 16-നാണ് വിശുദ്ധ തെരീബിയോ ജനിച്ചത്. നവംബറിലെ ഇതേ ദിവസം തന്നെ മാർപാപ്പ പെറുവിലെ തന്റെ പരിപാടികൾ അവസാനിപ്പിക്കുകയും റോമിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. അങ്ങനെ, ഈ വിശുദ്ധന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ പെറുവിയൻ യാത്രയുടെ സമാപനത്തിലും ഒപ്പമുണ്ടാകും.




