ചങ്ങനാശേരി പാറേൽ പള്ളിക്ക് ബസിലിക്ക പദവി നൽകി വത്തിക്കാൻ

ചങ്ങനാശേരി പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് വത്തിക്കാനിൽ നിന്ന് ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായത്. നവംബർ 21 നാണ് പുതിയ പള്ളിയുടെ കൂദാശ നടക്കുക.

കലാപരവും ചരിത്രപരവുമായ പ്രത്യേകതകൾ, ആത്മീയപ്രാധാന്യം, വിശാലമായ സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് കത്തോലിക്കാ സഭ ഒരു ദൈവാലയത്തിന് ബസിലിക്ക പദവി നൽകുന്നത്. ചങ്ങനാശേരി അതിരൂപതയിൽ മുൻപ് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളിക്കും ബസിലിക്ക പദവി വത്തിക്കാൻ നൽകിയിരുന്നു.

ബസിലിക്കയായി പ്രഖ്യാപിക്കപ്പെടുന്നതോടെ ദൈവാലയത്തിന് മാർപാപ്പയുമായും ആഗോളസഭയുമായുമുള്ള ആത്മീയബന്ധം കൂടുതൽ ശക്തമാകും. ഒപ്പം, പ്രത്യേക ചിഹ്നങ്ങൾ ഉപയോഗിക്കാനും പ്രധാന തിരുനാളുകൾ ആഘോഷിക്കാനുമുള്ള അവകാശവും ലഭിക്കും.

മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പാറേൽ പള്ളി. പരിശുദ്ധ അമ്മയുടെ അമലോദ്ഭവ തിരുനാൾ ആണ് ഇവിടത്തെ പ്രധാന തിരുനാൾ. വർധിച്ചുവരുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് പഴയ പള്ളിക്കു പകരം 51,000 ത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ ദൈവാലയം നിർമ്മിച്ചത്. പുതിയ ദൈവാലയത്തിന്റെ തറക്കല്ല് ആശീർവദിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ് എന്ന പ്രത്യേകതയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.