​3,000 ത്തിലധികം പുസ്തകങ്ങൾ വായിച്ച് അദ്ഭുതപ്പെടുത്തുന്ന അഞ്ചു വയസ്സുകാരൻ

സാധാരണ കുട്ടികൾ കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കുന്ന പ്രായത്തിൽ ശാസ്ത്രത്തിലും വായനയിലും വിസ്മയം തീർക്കുകയാണ് അർജുൻ പ്രജാപതി എന്ന അഞ്ചു വയസ്സുകാരൻ. രണ്ടുവയസ്സ് തികയുന്നതിന് മുൻപ് തന്നെ സ്വയം വായിക്കാൻ തുടങ്ങിയ ഈ മിടുക്കൻ ഇതിനോടകം ഗണിതം, ജ്യോതിശാസ്ത്രം, ജനിതകശാസ്ത്രം, മൈക്രോബയോളജി, മനുഷ്യ ശരീരശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലായി 3,000 – ത്തിലധികം പുസ്തകങ്ങൾ വായിച്ചുതീർത്തു.

​വഡോദര സ്വദേശിയായ ഡോ. വിശാൽ വി. പ്രജാപതിയുടെയും മഹിതയുടെയും മകനായ അർജുൻ തന്റെ നാലാം വയസ്സിൽ തന്നെ ലോകത്തിലെ അതിബുദ്ധിമാന്മാരുടെ കൂട്ടായ്മകളായ ‘മെൻസ ഇന്റർനാഷണൽ’, ‘ഇന്റർടെൽ’ എന്നിവയിൽ അംഗത്വം നേടിയിട്ടുണ്ട്. ‘സ്റ്റാൻഫോർഡ് – ബിനെറ്റ്’ ഐ.ക്യു പരിശോധനയിൽ 141 സ്കോർ നേടിയാണ് അർജുൻ ഈ നേട്ടം കൈവരിച്ചത്. ​വെറും പുസ്തകങ്ങൾ മനഃപാഠമാക്കുകയല്ല അർജുൻ ചെയ്യുന്നത് അതിന്റെ പിന്നിലെ യുക്തിയും കാരണങ്ങളുമാണ് അവൻ അന്വേഷിക്കുന്നത്.

അനന്തതയെക്കുറിച്ചും അക്കങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ചുമുള്ള അവന്റെ സംശയങ്ങൾ മുതിർന്നവരെപ്പോലും അദ്ഭുതപ്പെടുത്താറുണ്ട്. വീടിന് പുറത്തുള്ള യാത്രകളിൽ പോലും വായന മുടങ്ങാതിരിക്കാൻ മാതാപിതാക്കൾ കാറിൽ എട്ടോ പത്തോ പുസ്തകങ്ങൾ കരുതുന്നു. ഭാവിയിൽ ഒരു ഫിസിഷ്യൻ – സയന്റിസ്റ്റ് ആകാനാണ് ഈ കുട്ടി പ്രതിഭ ആഗ്രഹിക്കുന്നത്.

​മകന്റെ ബുദ്ധിവളർച്ചയെ അക്കാദമിക സമ്മർദമാക്കാതെ അവന്റെ സന്തോഷങ്ങൾക്ക് മുൻഗണന നൽകുകയാണ് മാതാപിതാക്കൾ. വായനയോടൊപ്പം ഫുട്ബോൾ, നീന്തൽ, യോഗ, പിയാനോ വായന, ചിത്രരചന എന്നിവയിലും ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ പഠിക്കുന്നതിലും അർജുൻ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.