മാള്‍ട്ടയില്‍ കണ്ടെത്തിയത് വി. പൗലോസ് ശ്ലീഹാ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരമെന്ന് പുരാവസ്തു സംഘടന

വി. പൗലോസ് ശ്ലീഹാ സഞ്ചരിച്ച കപ്പലിന്റെ അവശേഷിപ്പുകളാണ് മാള്‍ട്ടാ തീരക്കടലില്‍ നിന്ന് ലഭിച്ചതെന്ന വിലയിരുത്തലുമായി ബൈബിള്‍ ആര്‍ക്കിയോളജി സെര്‍ച്ച് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ സംഘടന. തടവറയിലായിരുന്ന സമയത്ത് വി. പൗലോസ് ശ്ലീഹയെ റോമിലേയ്ക്കു കൊണ്ടുപോകും വഴി കപ്പല്‍ അപകടത്തില്‍പ്പെട്ട കാര്യം ബൈബിളില്‍ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1960-ല്‍ മാള്‍ട്ടാ തീരത്തു നിന്ന് നാല്ലു നങ്കൂരങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. റോമന്‍ നിര്‍മ്മിതമായ ഇത്, ആദ്യ നൂറ്റാണ്ടിലേതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മാള്‍ട്ടയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. നാല് നങ്കൂരങ്ങള്‍ താഴ്ത്തിയ കാര്യം ബൈബിളില്‍ വിവരിക്കുന്നുണ്ട്.

ഈ സ്ഥലത്തെ ആഴം തൊണ്ണൂറ് അടിയാണെന്നും ഇത് വിശുദ്ധ ഗ്രന്ഥത്തിലെ പരാമര്‍ശവുമായി ഒത്തുപോകുന്നതാണെന്നും സംഘടനയുടെ സ്ഥാപകന്‍ ബോബ് കോര്‍നൂക് പറഞ്ഞു. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ ഇരുപത്തിയേഴാം അധ്യായം ഇരുപത്തിയെട്ടാം വാക്യമാണ് ആഴത്തെ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങള്‍. ഏതായാലും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി യാഥാര്‍ത്ഥ്യം ജനങ്ങളിലേയ്ക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് സംഘടന.