സ്‌നേഹിക്കണം പ്രകൃതിയെ…

  ഫാ. റോബിന്‍ പൂതക്കുഴി MCBS
  ഫാ. റോബിന്‍ പൂതക്കുഴി MCBS

  ധാരാളം മരങ്ങളും പാറക്കൂട്ടങ്ങളും തോടും നിറഞ്ഞ ചുറ്റുപാടില്‍ മണ്‍കട്ട കെട്ടി പുല്ല് മേഞ്ഞ് ചാണകം മെഴുകിയ വീട്ടില്‍ കുട്ടിക്കാലം ചെലവഴിക്കാന്‍ ഭാഗ്യം കിട്ടിയതിന്റെ അഹങ്കാരം കൊണ്ട് ചിലതൊക്കെ പറയണമെന്ന് തോന്നുന്നു. പ്രകൃതി പഠിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട്. വികാരിയച്ചന്‍ കാണാതെ പള്ളിമുറ്റത്തെ ഞാവല്‍മരത്തില്‍ നിന്ന് പഴം പറിച്ച്, ക്രീം കളര്‍ യൂണിഫോം ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് വീട്ടിലെത്തി തല്ല് വാങ്ങിയപ്പോഴാണ് ഞാവല്‍പ്പഴത്തിന് കറ ഉണ്ടെന്ന് പഠിച്ചത്. മഴക്കാലത്ത് തോട്ടിലിറങ്ങി കുട കൊണ്ട് മീന്‍ പിടിക്കാന്‍ നോക്കിയാല്‍ കുടയും ചെരുപ്പും ഒഴുകിപ്പോകുമെന്ന് അനുഭവം പഠിപ്പിച്ചു. തേനിന് മധുരമുണ്ടെന്ന് അറിയാമെങ്കിലും തേനീച്ച കുത്തിയാലുണ്ടാകുന്ന വേദന, അതിനെ കയ്യാല മാന്തി തോണ്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി. പൂവന്‍കോഴി മാത്രമല്ല, പിടക്കോഴിയും കൊത്തുമെന്ന് അതിന്റെ കുഞ്ഞിനെ പിടിക്കാന്‍ ചെന്നപ്പോള്‍ പഠിച്ചു. ഡിജിറ്റല്‍ ക്ലാസ് മുറിയിലിരുന്ന് പഠിച്ചതിനേക്കാള്‍ ഒരുപാട് ഞാന്‍ പഠിച്ചത് പ്രകൃതിയില്‍ നിന്നാണ്. പ്രകൃതി അമ്മയാണ്, അധ്യാപികയാണ്. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല എന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോയതിന്റെ ഫലം ഇന്ന് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

  ഇന്നത്തെ മലയാളപത്രത്തിന്റെ ചരമപേജ് എടുത്തുനോക്കി. 62 ചരമ വാര്‍ത്തകളുണ്ടായിരുന്നു. അതില്‍ മൂന്നില്‍ രണ്ടു ഭാഗം ആളുകളും 65 വയസ്സ് തികയാത്തവര്‍. അമ്പത് തികച്ചവര്‍ വിരലിലെണ്ണാന്‍ മാത്രം. ഒരു കാര്യം വ്യക്തം. ആരോഗ്യമുള്ള അമ്മയ്‌ക്കേ ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കാനാവൂ. പ്രകൃതിയെന്ന അമ്മയുടെ ആരോഗ്യം ക്ഷയിച്ചിരിക്കുന്നു എന്നതിന്റെ തെളിവല്ലേ മനുഷ്യന്റെ ആയുസ്സ് കുറഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം.

  കാക്കയെയും, പ്രാവിനേയും, കൂട്ടില്‍ വളര്‍ത്തുന്ന ലൗബേഡ്‌സിനെയും അല്ലാതെ മറ്റു പക്ഷികളെ നേരിട്ട് കണ്ടിട്ടുള്ള എത്ര കുട്ടികളുണ്ട് പുതിയ തലമുറയില്‍? അണ്ണാനെയും, മരപ്പട്ടിയെയും, കീരിയെയും മൃഗശാലയില്‍ പോയി കാണേണ്ട അവസ്ഥയായില്ലേ? പ്രഭാതത്തിലെ കുയില്‍നാദവും, ഇരട്ടവാലനും, പച്ചിലക്കുടുക്കയും, കുരുവിയും, മൈനയുമൊക്കെ എവിടെപ്പോയി? നമ്മുടെ പറമ്പിലും തൊടിയിലും ജീവിച്ചിരുന്ന ഇവരുടെ വേര്‍പാട് നമ്മള്‍ അറിഞ്ഞതു പോലുമില്ല. നമ്മുടെ സൗകര്യങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി ഈ നിരുപദ്രവകാരികളായ ജീവികളെയും, പുഴകളെയും, മരങ്ങളെയും നമ്മള്‍ തന്നെ ഒഴിവാക്കുകയായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍, നമ്മുടെ ചില ജീവിതരീതികളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ അവ നമ്മെ വിട്ടുപോയി.

  നൂതന കൃഷിരീതികളും അശാസ്ത്രീയ നിര്‍മ്മാണ ചെയ്തികളും സാങ്കേതികവിദ്യയുടെ ദുരുപയോഗവുമാണ് പ്രകൃതിയെ നശിപ്പിച്ചത്. ഭൂമിയുടെ ഘടന പോലും വ്യത്യാസപ്പെടുത്തിയും കയ്യേറ്റ കൃഷിരീതികളും രാസവസ്തുക്കളുടെ അമിതോപയോഗവുമെല്ലാം ആവാസവ്യവസ്ഥയെ തകിടം മറിച്ചു. ഒഴുകിക്കൊണ്ടിരുന്ന പുഴ, മനുഷ്യന്റെ ഇഷ്ടവഴി ഒഴുക്കാന്‍ ശ്രമിച്ചപ്പോള്‍ വറ്റിവരണ്ടു. കോണ്‍ക്രീറ്റും ടാറും കൊണ്ട് ആവരണമുണ്ടാക്കി മണ്ണിലെ ജലാംശവും വായൂസഞ്ചാരവും വേരോട്ടവും നമ്മള്‍ തടഞ്ഞു. ഫാക്ടറികളും ഫ്‌ളാറ്റുകളും മൊബൈല്‍ ടവറുകളുമൊക്കെ ചേര്‍ന്ന് പച്ചപ്പിനെ ഒരു മൂലയിലേയ്ക്ക് ഒതുക്കി. പ്ലാസ്റ്റിക്കും രാസമാലിന്യവും നിമിത്തം മണ്ണും ജലവും വായുവും മലിനമാക്കി.

  പ്രകൃതിയാണ് യഥാര്‍ത്ഥ സമ്പത്തെന്ന് തിരിച്ചറിയാതെയാണ്, അതിനെ ബലികൊടുത്ത് ചിതലരിച്ചാല്‍ തീരുന്ന ധനം മക്കള്‍ക്കായി സമ്പാദിച്ചു കൂട്ടുന്നത്. ചക്കയും മാങ്ങയും കഴിക്കുമ്പോള്‍ ഒന്ന് ഓര്‍ത്തുനോക്കുക… ഇത് ഞാന്‍ നട്ടവയുടെ ഫലമാണോ എന്ന്. 99 ശതമാനവും അത് അപ്പനപ്പൂപ്പന്മാരുടെ അദ്ധ്വാനമായിരിക്കും. മൂന്ന് മാസം കൊണ്ട് കായ്ക്കും എന്നുപറഞ്ഞ് ഞാന്‍ മേടിച്ചുനട്ട മാവും, പ്ലാവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂക്കാതെ, മരമാകാതെ മുറ്റത്ത് നില്‍ക്കുന്നുണ്ട്. എന്നും രാവിലെ ഇല തൂത്തുവാരാം എന്നല്ലാതെ വിറകിനു പോലും ഉപകാരമില്ല. തങ്ങള്‍ നടുന്ന മരത്തിന്റെ ഫലം ഈ ആയുസ്സില്‍ ലഭിക്കില്ല എന്ന ബോധ്യമുണ്ടായിട്ടും അവ കാരണവന്മാര്‍ നട്ടുവളര്‍ത്തിയത് വരുംതലമുറയ്ക്കു വേണ്ടിയാണ്. നമ്മള്‍ നടുന്ന ഹൈബ്രീഡ് മരത്തിന്റെ തടി ശവപ്പെട്ടി പോലും ഉണ്ടാക്കാന്‍ കൊള്ളില്ല എന്നതാണ് വസ്തുത.

  സാങ്കേതികവിദ്യ വളരുന്നതു പോലെ മനുഷ്യന്റെ ബുദ്ധി വളരുന്നു; പ്രകൃതി ചുരുങ്ങുന്നതു പോലെ മനുഷ്യന്റെ ഹൃദയവും! മനുഷ്യന്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ആദ്യം കണ്ണ് തുറക്കേണ്ടത് അധികാരികളാണ്. പരിസ്ഥിതി സംരക്ഷണനിയമം പാസാക്കിയാല്‍ പോര. സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. അധികാരത്തിനും സമ്പത്തിനുമായി അധികാരികള്‍ തന്നെ പ്രകൃതിയെ കുരുതികഴിക്കുന്നത് പരസ്യമായ രഹസ്യമാണ്. പരിസ്ഥിതി സംരക്ഷണം കൃഷിക്കാരുടെ ചുമതലയായി ചുരുങ്ങാന്‍ പാടില്ല. ഒരിക്കല്‍ ശ്വാസംമുട്ടലുണ്ടായി ഓക്‌സിജന്‍ സിലിണ്ടറും വെച്ച് ഒരാഴ്ച ആശുപത്രിയില്‍ കിടന്നാല്‍ മനസ്സിലാകും, പ്രകൃതി സൗജന്യമായി നല്‍കുന്ന ശുദ്ധവായുവിന്റെ വില. ദാനമായി ലഭിക്കുന്നവയ്ക്ക് മൂല്യമുണ്ടെന്ന് മനസ്സിലാക്കിയാല്‍ നന്ന്.

  ഫാ. റോബിന്‍ പൂതക്കുഴി MCBS

  കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്

   

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.