‘ലവ് ആന്‍ഡ് മേഴ്‌സി ഫൗസ്റ്റീന’ സിനിമയുടെ ചിത്രീകരണ സമയത്തെ ദൈവാനുഭവം വെളിപ്പെടുത്തി നടി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28-ന് തീയറ്ററുകളിലെത്തിയ ചിത്രമാണ്, വി. ഫൗസ്റ്റീനയുടെ ജീവിതം വിവരിക്കുന്ന ‘ലവ് ആന്‍ഡ് മേഴ്‌സി ഫൗസ്റ്റീന.’ മികച്ച പ്രതികരണം നേടിയ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തില്‍ വി. ഫൗസ്റ്റീനയായി വേഷമിട്ട പോളിഷ് നടി കമില കമിന്‍സ്‌കായുടെ ചില വെളിപ്പെടുത്തലുകളും ശ്രദ്ധേയമാവുകയാണ്. സിനിമയുടെ ചിത്രീകരണവേളയില്‍ തങ്ങള്‍ക്ക് ശക്തമായ ദൈവാനുഭവം ഉണ്ടായതായാണ് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനു മുമ്പേ വി. ഫൗസ്റ്റീനയുടെ ഡയറി വായിച്ചു തീര്‍ക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും, അത് വി. ഫൗസ്റ്റീനയുടെ സന്ദേശങ്ങളായതിനാല്‍, ചിത്രത്തില്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഡയറിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്നും കമില കമിന്‍സ്‌കാ വിശദീകരിച്ചു.

ചിത്രത്തിന്റെ ഓഡീഷനു വേണ്ടി അവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും, ഫൗസ്റ്റീനയുടെ കഥാപാത്രമായിരുന്നില്ല ആദ്യം കമിലയ്ക്ക് ലഭിച്ചത്. ഫൗസ്റ്റീനയുടെ വേഷം ചെയ്യാന്‍ പറ്റിയ ആളെ അന്വേഷിച്ചു കണ്ടെത്താനുള്ള സഹായവും സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ കമിലയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നീട് സംവിധായകനുള്‍പ്പെടെയുള്ളവര്‍ കമിലയെ തന്നെ വി. ഫൗസ്റ്റീനയുടെ കഥാപാത്രത്തിനു വേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു.

‘നമ്മള്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു’ എന്ന ലളിതമായ സന്ദേശം ഈ ലോകത്തിനു നല്‍കിയതിന് വി. ഫൗസ്റ്റീനയോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന് കമില ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ സ്‌നേഹം നമ്മള്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്നും കമില കമിന്‍സ്‌കാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.