ആകുലതയാൽ വലയുകയാണോ..? എങ്കിൽ വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവം ആവർത്തിച്ചു പറയുന്നത് കേൾക്കാം 

    ഇനി എന്ത് ചെയ്യും..? നമ്മുടെ ജീവിതത്തിൽ പലപ്പോഴും ആകുലതയുടെ പാരമ്യത്തിൽ നമ്മെ എത്തിക്കുന്ന ഒരു വലിയ ചോദ്യമാണ് ഇത്. അസാധ്യകാര്യങ്ങളുടെ ഒരു നീണ്ടനിര മുന്നിൽ കിടക്കുമ്പോൾ ഒരു ആശ്വാസത്തിനായി കേഴുമ്പോൾ സ്നേഹനിധിയായ ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മോട് പറയുന്നു “മകനേ/ മകളേ നീ ഭയപ്പെടേണ്ടാ…”

    പ്രതിസന്ധികൾ നിറഞ്ഞ ജോസഫിന്റെ ജീവിതത്തിൽ നിർണ്ണായകമായ ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ ജോസഫ് ആകുലചിത്തനാകുന്നുണ്ട്. അപ്പോൾ ദൈവദൂതൻ ജോസഫിനോട് പറയുന്നു: “ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ഭയപ്പെടേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്” (മത്തായി 1: 20).

    ഈശോയുടെ രൂപാന്തരീകരണ വേളയിൽ ഭയപ്പെട്ട ശിഷ്യന്മാരെ എഴുന്നേൽപ്പിച്ചുകൊണ്ട് ഈശോ പറയുന്നുണ്ട്: “എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ട” (മത്തായി 17: 7). ജെറമിയയുടെ പുസ്തകത്തിൽ ജെറമിയായെ വിളിച്ചുകൊണ്ട് കർത്താവ് പറയുന്നുണ്ട്: “നീ അവരെ ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്ക് നിന്നോടു കൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്‌” (ജെറ. 1: 8). ഈശോയുടെ ഉത്ഥാനശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ ഭയപ്പെട്ടു. ഈശോ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ട. ഇത് ഞാനാണ്” (യോഹ. 6: 20).

    വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമത്തിലും പുതിയനിയമത്തിലുമായി 365 തവണയാണ് ദൈവം “ഭയപ്പെടേണ്ട” എന്ന് വ്യക്തമാക്കുന്നത്. അസാധ്യമെന്നും, കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്തതെന്നും തോന്നുന്ന സന്ദർഭങ്ങളിൽ മാനുഷികമായ ഭയത്തിന് അടിമയായ മനുഷ്യനോട് ദൈവം ഇന്നും പറയുന്നത് ഇതുതന്നെയാണ്. “ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്.”

    ആകുലതയാൽ വലയുമ്പോൾ, പ്രതിസന്ധികൾ ഉയരുമ്പോൾ നമുക്കും ദൈവത്തോട് പറയാം, “ദൈവമേ, നീ എന്റെ കൂടെയുണ്ടല്ലോ. എന്റെ ഭയത്തെ ഞാൻ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു” എന്ന്.