‘നിത്യമായ സ്വർണ്ണ’ത്തെ തിരിച്ചറിഞ്ഞ ഒരു ഒളിമ്പിക് അത്ലറ്റിന്റെ ജീവിതസാക്ഷ്യം

21 വയസ്സുള്ളപ്പോൾ 2004 -ൽ ഏഥൻസിൽ വച്ചു നടന്ന ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത അത്‌ലറ്റ് ആണ് അലൻ വെബ്. ഇപ്പോൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ശേഷം അലൻ തിരിച്ചറിയുന്നു, ഭൗതികമായി ലഭിക്കുന്ന സ്വർണ്ണത്തേക്കാൾ വിലയുള്ളത് ‘നിത്യമായ സ്വർണ്ണം’ ആണെന്ന്; ആ മത്സരത്തിൽ ആവശ്യം വേണ്ടത് വിശുദ്ധമായ ജീവിതമാണെന്നും. അലൻ വെബിന്റെ ജീവിതസാക്ഷ്യം വായിച്ചറിയാം…

ഇന്ന് 38 വയസുള്ള കാത്തലിക് ഒളിമ്പ്യൻ അലൻ തന്റെ മാനസാന്തര ജീവിതത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ഏഥൻസിൽ വച്ചു നടന്ന ഒളിമ്പിക്സിൽ അലൻ പങ്കെടുത്തത് 1500 മീറ്ററിൽ ആയിരുന്നു. എന്നാൽ, ആ ഒളിമ്പിക്സിനു ശേഷമേറ്റ പരിക്കുകൾ ഒരു കായികതാരമെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. അതിനാൽ മറ്റ് ഒളിമ്പിക്‌സുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. “അക്കാലത്ത് ഈ ഒരു സാഹചര്യത്തെ സ്വീകരിക്കാൻ എനിക്ക് വളരെയേറെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഒരു കത്തോലിക്കനായ ശേഷം എനിക്ക് തിരിഞ്ഞുനോക്കാനും എന്താണ് സംഭവിച്ചതെന്ന് അംഗീകരിക്കാനും മാത്രമല്ല, കൂടുതൽ നന്ദിയുള്ളവനാകാനും സാധിക്കുന്നുണ്ട്” – അലൻ വെളിപ്പെടുത്തി.

ഇന്ന് വെബ് ലിറ്റിൽ റോക്കിലെ അർക്കൻസാസ് സർവകലാശാലയിലെ അസിസ്റ്റന്റ് ക്രോസ് കൺട്രി കോച്ചും ട്രാക്ക് റേസിംഗ് പരിശീലകനുമാണ്. ജൂലിയയെ വിവാഹം കഴിക്കുന്നതോടെയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ഇന്ന് നാല് മക്കളുടെ പിതാവുമാണ് അലൻ.

സ്പോർട്സും കത്തോലിക്കാ വിശ്വാസവും

നീന്തൽ, സോക്കർ, ബാസ്‌കറ്റ് ബോൾ എന്നിവ പരിശീലിച്ചിരുന്നെങ്കിലും കുട്ടിക്കാലത്ത് ഓട്ടത്തിലായിരുന്നു അലൻ കൂടുതൽ മികവ് പുലർത്തിയിരുന്നത്. “കായികരംഗത്തെ പരിശുദ്ധി എനിക്ക് ഇഷ്ടപ്പെട്ടു. ഫിനിഷ് ലൈനുകളും കൃത്യമായ സമയത്തെ സൂചിപ്പിക്കുവാൻ സത്യസന്ധതയുള്ള ക്ലോക്കുകളും വളരെ നല്ല കാര്യങ്ങളും എന്നിൽ വളർന്നു. സ്പോർട്സിനെ നല്ല മനോഭാവത്തോടെ സമീപിക്കുന്നവർക്ക് അതിൽ നിന്നും തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുമുണ്ടാവും. അച്ചടക്കം, ആത്മനിയന്ത്രണം, ടീം വർക്ക്, സഹിഷ്ണുത, സ്ഥിരോത്സാഹം എന്നിവ മെച്ചപ്പെടുത്താൻ അവർക്ക് കഴിയും. നമ്മുടെ ആത്മീയജീവിതത്തെ സംബന്ധിക്കുന്ന മികച്ച തീരുമാനങ്ങൾ എടുക്കാനും കായികരംഗം സഹായിക്കും” – അലൻ വെളിപ്പെടുത്തി.

തന്റെ ആത്മീയജീവിതത്തിൽ ദൈവത്തേക്കാളും കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ള നിരവധി വിഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അലൻ സമ്മതിക്കുന്നു. മികച്ച കരിയറിനു വേണ്ടിയായിരുന്നു അതിൽ ഭൂരിഭാഗവും. എന്നാൽ തന്റെ ജീവിതപങ്കാളിയായ ജൂലിയയാണ് അതിൽ നിന്നും പുറത്തുകടക്കാൻ തന്നെ സഹായിച്ചതെന്ന് അലൻ വെളിപ്പെടുത്തുന്നു. “കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത് ജൂലിയ ആണ്. നിർബന്ധപൂർവ്വമല്ല; വളരെ സൗമ്യമായി. പിന്നീട് വിശ്വാസം സ്വീകരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ജൂലിയ എനിക്കൊരു പ്രചോദനമായിരുന്നു” – അലൻ പറയുന്നു.

കത്തോലിക്കാ സഭയുടെ പഠനങ്ങളേയും കൂദാശകളെ കുറിച്ചുള്ള നിർദ്ദേശങ്ങളും ക്രമേണ അദ്ദേഹം മനസ്സിലാക്കാൻ തുടങ്ങി. 2010 -ൽ ഇവർ വിവാഹിതരായപ്പോൾ അദ്ദേഹം പൂർണ്ണമായി കത്തോലിക്കനായിരുന്നില്ല. 2017 -ലാണ് മാമ്മോദീസ സ്വീകരിക്കുന്നത്. അതുവരെ സഭയെക്കുറിച്ച് പുതിയ എന്തെങ്കിലും പഠിക്കുമ്പോഴും കേൾക്കുമ്പോഴും എല്ലാം ദൈവത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.

“ഇപ്പോൾ ഞാൻ പൂർണ്ണമായും സഭയിൽ ആയിരിക്കുന്നതിനാൽ, വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗമായിരുന്ന എന്റെ ഭാര്യ ജൂലിയയ്ക്കായി ഞാൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു. നാലു പെണ്മക്കളെ ഞങ്ങൾക്ക് തന്നതിനും ദൈവത്തിന് നന്ദി പറയുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിത്യമായ സ്വർണ്ണം’: വിശുദ്ധി നേടുക ലക്ഷ്യം

“മുൻപ് എന്റെ ലക്ഷ്യം, എനിക്ക് കഴിയുന്നത്ര മികച്ച ഓട്ടക്കാരനാകുക എന്നതായിരുന്നു. ഇപ്പോൾ എനിക്ക് ഏറ്റവും മികച്ച കത്തോലിക്കനാകുക എന്നതാണ് ലക്ഷ്യം. ആത്യന്തികമായി അതു മാത്രമാണ് പ്രധാനം. യേശുവിനെ വിശുദ്ധ കുർബാനയിൽ കൃപാവരത്തിൽ സ്വീകരിക്കുക. വിനയവും വിശ്വസ്തയും കാത്തുസൂക്ഷിച്ച് സ്ഥിരോത്സാഹത്തോടെ ഓടുകയാണെങ്കിൽ, വിജയം ഉറപ്പുള്ള ഒരു ഓട്ടമാണ് രക്ഷ” – അലൻ വെളിപ്പെടുത്തുന്നു.

ഒപ്പം കുർബാന സ്വീകരിക്കുന്നതിന്റെയും നിരന്തരം പ്രാർത്ഥിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. “എന്റെ സ്വന്തം ബലഹീനതകളെക്കുറിച്ച് എനിക്കറിയാം. പക്ഷേ പ്രാർത്ഥനയും കൂദാശകളും കൊണ്ട് നമുക്ക് ക്രിസ്തുവിൽ എല്ലാം ചെയ്യാൻ കഴിയും. സ്വർഗ്ഗത്തിൽ സന്തോഷം കവിഞ്ഞൊഴുകുകയാണ്. അതിനാൽ ഇപ്പോൾ എന്റെ പ്രധാന ലക്ഷ്യം അവിടെയെത്തുകയും കഴിയുന്നത്ര ആളുകളെ എന്നോടൊപ്പം കൊണ്ടുവരികയുമാണ്.”

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.