കാണ്ഡമാൽ കലാപത്തിൽ അപമാനിതയായ സന്യാസിനിയുടെ ജീവിതസാക്ഷ്യം

കൃത്യം 13 വർഷങ്ങൾക്കു മുമ്പ്, 2008 ആഗസ്റ്റ് മാസം. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ക്രിസ്ത്യാനികൾക്കു നേരെ നടന്ന ഏറ്റവും ഭീകരമായ അക്രമത്തിന് കാണ്ഡമാൽ ജില്ല സാക്ഷ്യം വഹിച്ചു. ആ ദുരന്തത്തിൽ ബലാത്സംഗത്തിന്  ഇരയാവുകയും അതിനെ അതിജീവിക്കുകയും ചെയ്ത സി. മീന ബർവയുടെ ജീവിതസാക്ഷ്യമാണിത്.

“ഞാൻ സാധാരണവും സന്തുഷ്ടവുമായ ജീവിതമാണ് ഇന്ന് നയിക്കുന്നത്. കാരണം എന്റെ ഗുരുവായ യേശുവുമായുള്ള ബന്ധം ശക്തമാണ്. എനിക്ക് ഇപ്പോഴും എല്ലാവരോടും ക്ഷമിക്കാനും നിരുപാധികമായി സ്നേഹിക്കാനും കഴിയുന്നുണ്ട്. മനസിൽ ആരോടും വിദ്വേഷം ഇല്ല. എങ്കിലും ഇനിയും നിരവധി കുറവുകളുള്ള വ്യക്തിയാണ് ഞാൻ. അതിനെ അതിജീവിക്കാൻ ഇനിയും ഞാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു” – സി. മീന ബർവ വെളിപ്പെടുത്തി.

“ലോക്ക് ഡൗൺ കാലയളവിൽ ഞാൻ എന്റെ ബൈബിൾ വായന പൂർത്തിയാക്കി. ദൈവവചനം എന്നെക്കുറിച്ചും സംസാരിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. ‘നിത്യമായ അവന്റെ കരുണ, എല്ലാ തലമുറയോടുമുള്ള അവന്റെ വിശ്വസ്തത’ (സങ്കീ. 99:5), ‘നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ മടങ്ങും’ (സങ്കീ. 70:21), ‘അവൻ നമ്മെ ശത്രുക്കളിൽ നിന്ന് മോചിപ്പിച്ചു’ (സങ്കീ. 135:24) തുടങ്ങിയ വാക്യങ്ങൾ ഞാൻ വായിച്ചു. ദൈവത്തിന്റെ ഈ വാക്കുകൾ എന്റെ ജീവിതത്തിൽ അന്വർത്ഥമാവുന്നത് ഞാൻ തിരിച്ചറിഞ്ഞു. അവ എനിക്ക് ജീവനുള്ളതും സജീവവുമായ വചനമാണ്.

ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുന്നത് നമ്മെ തകർക്കാനല്ല; വളരാൻ പ്രേരിപ്പിക്കാനാണ്. അത് നമ്മെ ക്ഷമയുള്ളവരും ആത്മവിശ്വാസമുള്ളവരും ധൈര്യമുള്ളവരുമാക്കുന്നു. നമ്മെത്തന്നെ വിശുദ്ധീകരിക്കാനുള്ള ഒരു മാർഗ്ഗമാണിത്. യേശുവിന്റെ കഷ്ടപ്പാടുകൾ പ്രാധാന്യമർഹിക്കുന്നതും നമ്മുടെ കഷ്ടപ്പാടുകൾക്ക് അർത്ഥം നൽകുന്നതും ഈ വിധത്തിൽ നാം അവയെ സ്വീകരിക്കുമ്പോഴാണ്.

സമാധാനത്തിനും നീതിക്കും സമത്വത്തിനും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കുന്നതിനുള്ള 13 വർഷത്തെ പോരാട്ടം ഞാൻ നടത്തി. ഒപ്പം വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ കാണ്ഡമാലിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നു, അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. എന്റെ ശ്രദ്ധയും പിന്തുണയും, കഷ്ടത അനുഭവിക്കുന്നവരും സഹിക്കുന്നവരുമായ സഹോദരങ്ങൾക്കുള്ളതാണ്. ഒരു നല്ല സമൂഹം സ്വപ്നം കാണാനും സന്തോഷത്തോടെ ജീവിക്കാനും എന്നെ സഹായിച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവളാണ്. കാണ്ഡമാലിലെ ആളുകൾ വളരെയധികം കഷ്ടത അനുഭവിച്ചു. പക്ഷേ അവർ കർത്താവിൽ വിശ്വസിച്ചു. സ്വയം സഹിക്കുന്നത് ഒരു കൃപയാണ്” – സിസ്റ്റർ കൂട്ടിച്ചേർത്തു.

2019 -ൽ നിയമബിരുദം പൂർത്തിയാക്കിയ സിസ്റ്റർ ഇന്ന് ഒറീസയിലെ വക്കീൽ കൗൺസിൽ അംഗമാണ്. സിസ്റ്ററിനെ ആക്രമിച്ച മൂന്ന് പേർ ശിക്ഷിക്കപ്പെട്ടു; മറ്റുള്ളവരെല്ലാം ജാമ്യത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.