ഈ ഡോക്ടറേറ്റിന് പത്തരമാറ്റ് തിളക്കം; ഇത് ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ

സി. സൗമ്യ DSHJ

ഒരു ശരാശരി വിദ്യാർത്ഥിയിൽ നിന്നും ഡോ. സെമിച്ചനിലേയ്ക്കുള്ളത് അതിജീവനത്തിന്റെ ദൂരമാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ വിജയം. തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ വായിച്ചറിയാം.

കുട്ടനാട് കഞ്ഞിപ്പാടത്ത് ആണ് ജനനം. സെമിച്ചന് ആറ് വയസുള്ളപ്പോൾ ഇവരുടെ കുടുംബം കാഞ്ഞൂർ അടുത്തുള്ള വെള്ളാരപ്പള്ളിക്ക് സ്ഥലം മാറി വന്നു. അവിടെ ലക്ഷംവീട് കോളനിയിൽ നാലര സെന്ററിൽ ആണ് താമസം. ചാച്ചനും അമ്മച്ചിയും ഒരു പെങ്ങളുമാണ് ഉള്ളത്. ചാച്ചന് ബിസിനസ് ആയിരുന്നു. വെള്ളാരപ്പള്ളിയിൽ വന്ന ശേഷം മണൽ വാരൽ തുടങ്ങി. ചാച്ചൻ നാലാം ക്ലാസ് വരെയും അമ്മച്ചി അഞ്ചാം ക്ലാസ് വരെയുമേ പഠിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ മക്കൾ എന്തുപഠിക്കണം, അവരെ പഠന കാര്യത്തിൽ എങ്ങനെ നയിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല. അന്നത്തെക്കാലത്ത് ഒരു സാധാരണ കുടുംബത്തിലെ മാതാപിതാക്കൾക്ക് അത്രയുമൊക്കെ അറിവേ ഇത്തരം കാര്യങ്ങളെ കുറിച്ച് ഉണ്ടായിരുന്നുള്ളൂ.

സ്‌കൂൾ പഠന കാലഘട്ടത്തിൽ സെമിച്ചൻ ഒരു ശരാശരി വിദ്യാർത്ഥി ആയിരുന്നു. എട്ടിലും ഒമ്പതിലും ഒക്കെ നന്നായി ഉഴപ്പി. പത്താം ക്ലാസ് ആയപ്പോൾ മാത്രമാണ് കുറച്ചു നന്നായി പഠിച്ചത്. അതുകൊണ്ട് പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് മാർക്ക് മേടിച്ച് ജയിച്ചു. കുടുംബത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരാൾക്ക് എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസ് കിട്ടുന്നത്. അതിനാൽ വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷമായിരുന്നുവെന്ന് സെമിച്ചൻ ഓർമ്മിക്കുന്നു.

സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന അധ്യാപകനാകാൻ കൊതിച്ച കാലം

പ്ലസ്‌ടുവിന് ഹ്യുമാനിറ്റിസ് എടുത്ത് പഠിച്ച് സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന ഒരു അധ്യാപകൻ ആകണമെന്നതായിരുന്നു അന്ന് സെമിച്ചന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, എല്ലാവരും പറഞ്ഞു ‘ആൺകുട്ടികൾ കോമേഴ്‌സ് ആണ് എടുക്കുന്നത്’ എന്ന്. അങ്ങനെ എല്ലാവരും കൂടി നിർബന്ധിച്ച് കോമേഴ്‌സ് എടുപ്പിച്ചു. ഒക്കൽ ശ്രീ നാരായണ സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം. ഡിസ്റ്റിങ്ഷനോട് കൂടി തന്നെ പ്ലസ് ടു പാസാവുകയും ചെയ്തു. പഠിക്കാനൊക്കെ നല്ല താത്പര്യം ഉള്ള ഒരു കാലഘട്ടമായിരുന്നു അത്. എന്നാൽ, ഉള്ളിന്റെ ഉള്ളിൽ ഹ്യുമാനിറ്റീസ് എന്ന സംഭവം ഒളിമങ്ങാതെ കിടന്നിരുന്നു. അദ്ധ്യാപകനാകണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് പ്ലസ് ടുവിന് ശേഷം റ്റിറ്റിസിക്ക് പോകാൻ തീരുമാനിച്ചു. അന്ന് പ്രൈവറ്റ് റ്റിറ്റിസി ട്രെയിനിങ് കോളേജുകൾ ഒന്നുമില്ല. ഉള്ളത് ഗവൺമെൻറ് സ്ഥാപനങ്ങളാണ്. അതിനായിട്ടുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപ്പോൾ ഒരു പ്രശ്നമുള്ളത് കോമേഴ്‌സ്കാർക്ക് 20 % സീറ്റുകൾ മാത്രമേ ഉള്ളൂ. അങ്ങനെ റ്റിറ്റിസിക്ക് അഡ്മിഷൻ കിട്ടിയില്ല. അങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന അസമയത്ത് ഡിഗ്രി ചെയ്താലോ എന്ന ആശയം ഉദിച്ചു. പക്ഷേ, മറ്റൊരു പ്രശ്‌നം എം. ജി യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ എടുക്കേണ്ട സമയം അപ്പോഴേക്കും കഴിഞ്ഞു പോയിരുന്നു. ഡിസ്റ്റിങ്ങ്ഷൻ മാർക്കുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ മൂലം പ്രൈവറ്റ് ആയിട്ട് ഡിഗ്രി ചെയ്യുക എന്ന തീരുമാനത്തിൽ അവസാനം ചെന്നെത്തി. ആലുവയിലെ ‘ക്വീൻ മദേഴ്‌സ്’ കോളേജിലായിരുന്നു ഡിഗ്രി പഠനം. ഈ പാരലൽ കോളേജിൽ രാവിലെ എട്ടു മണി മുതൽ പതിനൊന്ന് മണി വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു.

ഡിഗ്രി പഠനത്തോടൊപ്പം ജോലിയും

ഡിഗ്രി പഠനത്തോടൊപ്പം ജോലികളും ചെയ്യുവാനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നു. കാരണം, രാവിലെ എട്ടു മണി മുതൽ പതിനൊന്ന് മണി വരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. “മാതാപിതാക്കൾ സാമ്പത്തികമായി സഹായിക്കാത്തത് കൊണ്ടല്ല, ജോലി ചെയ്യുവാൻ ഞാൻ പോയിക്കൊണ്ടിരുന്നത്. സ്വന്തമായി പണം ഉണ്ടാക്കണം, മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെടുമ്പോൾ എന്നെക്കൊണ്ട് സാധിക്കുന്ന വിധം അവരെ സഹായിക്കണം. അതായിരുന്നു ആഗ്രഹം. രാവിലെ ആറരക്ക് വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി ഒൻപത് മണിയാകും തിരിച്ചു വീട്ടിൽ കയറുമ്പോൾ. പതിനൊന്ന് മണിവരെയുള്ള ക്ലാസ് കഴിഞ്ഞു ചെറിയ ചെറിയ ജോലികൾ ചെയ്യുവാൻ തുടങ്ങി. പല ജോലികൾ അക്കാലയളവിൽ ഞാൻ ചെയ്തു. അങ്കമാലിയിൽ ഒരു മെഡിക്കൽ സ്റ്റോറിൽ, ഐസ് ക്രീം പാർലറിൽ, എൽ ഐ സി ഏജന്റ്, പള്ളിയിൽ കണക്കെഴുത്ത്, പത്രത്തിന്റെ ഏജന്റ്, വെള്ളാരപ്പിള്ളിയിൽ ലൈബ്രറിയുടെ സെക്രട്ടറി എന്നിങ്ങനെയുള്ള ജോലികൾ മാറി മാറി ചെയ്തിട്ടുണ്ട്.” -സെമിച്ചൻ വെളിപ്പെടുത്തുന്നു.

‘യൗസേപ്പിതാവ് ആണ് എന്നെ തോൽപ്പിച്ചത്’

ഡിഗ്രി പഠനം ഒരു തരത്തിൽ എല്ലാ അർത്ഥത്തിലും പാർട്ട് ടൈം പഠനമായി ഒതുങ്ങി. 2008 -ൽ റിസൾട്ട് വരുമ്പോൾ ഓഡിറ്റിങ് എന്ന വിഷയത്തിൽ നാല് മാർക്കിന് സെമിച്ചൻ തോറ്റു. മൊത്തത്തിൽ ഉള്ള മാർക്കും വളരെ കുറഞ്ഞ ശതമാനം മാത്രം. സെമിച്ചനെ സംബന്ധിച്ച് വലിയ ഒരു ഉയർച്ചയിൽ നിന്നും കുഴിയിലേക്ക് വീണ അനുഭവമായിരുന്നു ആ തോൽവി. “ഒന്ന് രണ്ടാഴ്ചക്കാലം ഞാൻ പുറത്തെങ്ങും ഇറങ്ങാതെ വീടിനകത്ത് മാത്രമിരുന്നു. ദേഷ്യമായിരുന്നു എനിക്കന്ന് എല്ലാവരോടും. യൗസേപ്പിതാവിന്റെ നാമത്തിലാണ് ഞങ്ങളുടെ ഇടവകപ്പള്ളി. അതിനാൽ ‘എന്നെ യൗസേപ്പിതാവ് തോൽപ്പിച്ചു’ എന്നാണ് ഞാൻ അന്ന് പറഞ്ഞുകൊണ്ടിരുന്നത്. അത്രമാത്രം നിസഹായാവസ്ഥയിലായിരുന്നു അക്കാലഘട്ടത്തിൽ ഞാൻ കടന്നുപോയിക്കൊണ്ടിരുന്നത്. പള്ളിയിലെ ഒരു കാര്യത്തിനും സംഘടനകളുടെ കാര്യങ്ങൾക്കോ ഞാൻ മുടക്കം വരുത്താറില്ലായിരുന്നു. ഇടവകയിലെ മതബോധന അധ്യാപകൻ, മിഷൻലീഗിന്റെ രൂപതാ ഭാരവാഹി, ഇടവകയുടെ എന്ത് പ്രവർത്തനങ്ങളിലും മുൻപന്തിയിൽ, മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്ന ആൾ. ഇങ്ങനെയൊരു അവസ്ഥയിൽ ആ തോൽവി എന്നെ വല്ലാതെ വിഷമിപ്പിച്ചു. ദൈവമാണ് എന്നെ തോൽപ്പിച്ചത് എന്നാണ് അന്ന് പറഞ്ഞിരുന്നത്.” തോറ്റതിന്റെ വേദനയിൽ പറഞ്ഞ കാര്യങ്ങൾ സെമിച്ചൻ ഓർമ്മിച്ചെടുത്തു.

പഠിത്തം നിർത്താൻ തീരുമാനിച്ച ദിനങ്ങൾ

ആ തോൽവി സെമിച്ചനെ ഒരു നിഗമനത്തിലെത്തിച്ചു, “ഇനി ഞാൻ പഠിക്കുന്നില്ല. പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. എന്നെക്കൊണ്ടിനി പറ്റില്ല”.  എന്തെങ്കിലും പണിക്കൊക്കെ പോകാം എന്ന് തീരുമാനിച്ചിരിക്കുന്ന സമയത്ത് സെമിച്ചന്റെ ഒരു സുഹൃത്ത് എം.ഡി ജോയി എന്ന ജോയിച്ചേട്ടൻ ഫോൺ വിളിച്ചു ചോദിച്ചു. “എടാ, നാല് മാർക്ക് കുറഞ്ഞു പോയതുകൊണ്ട് എല്ലാം അവസാനിപ്പിക്കാൻ നീ തീരുമാനിച്ചോ? ജീവിതത്തിൽ പിന്നെങ്ങനെയാണ് നിനക്ക് രക്ഷപെടാൻ കഴിയുന്നത്?” ആ ചോദ്യം ഒരു തിരിഞ്ഞു നടപ്പിനുള്ള പ്രചോദനമായിരുന്നു. ആ ഒരു സാഹചര്യത്തിൽ അദ്ദേഹം സെമിച്ചന്റെ ജീവിതത്തിലേയ്ക്ക് ദൈവം അയച്ച ഒരു മാലാഖ തന്നെയായിരുന്നു. നേരിൽക്കണ്ടും അദ്ദേഹത്തോട് സംസാരിച്ചു. അങ്കമാലിയിലെ ഒരു ചായക്കടയിൽ ഇരുന്ന് തോൽവിയിൽ നിന്നും വിജയത്തിലേക്ക് കടന്നുവന്ന അനേകരുടെ ജീവിതത്തെ കുറിച്ച് അദ്ദേഹവുമായി മണിക്കൂറുകളോളം സംസാരിച്ചു. അത് ജീവിതത്തിൽ വഴിത്തിരിവായി. അങ്ങനെ തോറ്റുപോയ വിഷയം വീണ്ടുമെഴുതാൻ തന്നെ തീരുമാനിച്ചു. ആ വിഷയം പാസായി എന്ന് മാത്രമല്ല, ഒരു വ്യത്യാസവും കൂടി സംഭവിച്ചു. അന്ന്  ഡിഗ്രിയുടെ പരീക്ഷ 1400 -ൽ ആണ്. ആദ്യം പരീക്ഷ എഴുതിയപ്പോൾ നാല് മാർക്ക് കൂടി കിട്ടി ജയിച്ചിരുന്നെങ്കിൽ 50 % മാർക്ക് പോലും സെമിച്ചന് ലഭിക്കുകയില്ലായിരുന്നു. രണ്ടാമത് എഴുതിയപ്പോൾ ആ വിഷയത്തിന് 75 മാർക്കോളം കിട്ടി. ആ ഒരൊറ്റ കാരണത്താൽ മൊത്തത്തിലുള്ള മാർക്കിന്റെ ശതമാനം കൂടി 50 ശതമാനത്തിലെത്തി. അങ്ങനെ സെക്കൻഡ് ക്ലാസോടെ ഡിഗ്രി പാസായി. ആ മാർക്ക് പിന്നീടുള്ള സെമിച്ചന്റെ പഠനവഴികളിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു.

മിഷൻ യാത്ര മാറ്റിമറിച്ച തീരുമാനം

ഡിഗ്രി പാസായപ്പോൾ സെമിച്ചന്റെ ആത്മവിശ്വാസം വർദ്ധിച്ചു. എംകോം അല്ലെങ്കിൽ എംബിഎ ചെയ്യാം എന്നുള്ള തീരുമാനത്തിൽ എത്തി. എന്നാൽ, അവിടെയും ദൈവത്തിന് സെമിച്ചനെ സംബന്ധിച്ചുള്ള തീരുമാനം മറ്റൊന്നായിരുന്നു. അങ്ങനെയിരിക്കുമ്പോൾ എറണാകുളം – അങ്കമാലി അതിരൂപതയിൽ നിന്നും ഒരു മിഷൻ യാത്ര പോയി. മഹാരാഷ്ട്രയിലെ ചാന്ദാ രൂപതയിലേക്കാണ് അന്ന് പോയത്. അതിരൂപതയിലെ മിഷൻ ലീഗിന്റെ ജൂനിയർ കോർഡിനേറ്റർ ആയിരുന്നു സെമിച്ചൻ. മിഷൻലീഗ് രൂപത ഡയറക്ടർ അച്ചൻ ഉൾപ്പെടെയുള്ള പതിമൂന്നോളം പേരാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. 2009 ഫെബ്രുവരി മാസത്തിലായിരുന്നു അത്. ചാന്ദാ രൂപതയിലെ മിഷൻ പ്രദേശങ്ങൾ സന്ദർശിക്കുകയും ആ സന്ദർനങ്ങൾ ജീവിതത്തിൽ നിർണായകമാവുകയും ചെയ്തു. അവിടെ നേരിട്ട് കണ്ടറിഞ്ഞ മിഷൻ അനുഭവങ്ങൾ സാമൂഹിക സേവനം എന്ന ആശയത്തിൽ സെമിച്ചനെ കൊണ്ടുചെന്നെത്തിച്ചു. അങ്ങനെയാണ് എം. എസ്. ഡബ്ള്യു പഠനത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്.

ഈ മിഷൻ യാത്രക്ക് ശേഷം തിരിച്ചു വന്നിട്ട് കാലടി യൂണിവേഴ്‌സിറ്റിയിൽ എം. എസ്. ഡബ്ള്യു വിന്റെ എൻട്രൻസ് പരീക്ഷ എഴുതി. നല്ല തയായറെടുപ്പോടെ തന്നെയായിരുന്നു പരീക്ഷ എഴുതിയത്. ‘എനിക്കിത് കിട്ടിയേ പറ്റൂ’ എന്നൊരു ആവേശം അതിന്റെ പിന്നിലുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ മാർക്ക് പബ്ലിഷ് ചെയ്തു. നല്ല മാര്‍ക്ക് തന്നെ സെമിച്ചന്‍ പ്രതീക്ഷിച്ചിരുന്നു. അങ്ങനെ സന്തോഷത്തോടെ ഇരിക്കുമ്പോൾ പിറ്റേദിവസത്തെ പത്രത്തിൽ ഒരു വാർത്ത. ‘എം. എസ്. ഡബ്ള്യു പ്രവേശന പരീക്ഷയിൽ ക്രമക്കേട്, റാങ്ക് ലിസ്റ്റ് റദ്ദുചെയ്തു, പരീക്ഷ വീണ്ടും നടത്തും’ എന്നതായിരുന്നു അത്.  ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്ന സെമിച്ചന് രണ്ടാമത് നടത്തിയ പരീക്ഷയിൽ 164 -മത്തെ റാങ്കാണ് ലഭിച്ചത്. യൂണിവേഴ്‌സിറ്റിയിൽ ആകെ നൂറ് സീറ്റു മാത്രമേ ഉള്ളു. തനിക്ക് സീറ്റ് കിട്ടുകയില്ല എന്ന് അദ്ദേഹത്തിന് മനസിലായി. യൂണിവേഴ്‌സിറ്റി കോളേജുകളിൽ പഠിക്കാനുള്ള മാർക്കും ഇല്ല. അങ്ങനെ തനിക്ക് എം. എസ്. ഡബ്ള്യു പഠിക്കാൻ സാധിക്കുകയില്ല എന്ന് വേദനയോടെ സെമിച്ചൻ മനസിലാക്കി. കേരളത്തിന് പുറത്ത് ഈ കോഴ്സ് ഉണ്ടെന്നും അവിടെ പോയി പഠിക്കാമെന്നുമൊക്കെയുള്ള അറിവ്  ഇല്ലായിരുന്നു താനും. അങ്ങനെ വിഷമത്തോടെ ഇരിക്കുന്ന സമയം.

പുതിയ സാധ്യതകൾ തുറന്ന ഫോൺ കോൾ

ഒരു ദിവസം രാത്രി പതിനൊന്നു മണി സമയമായപ്പോൾ ഒരു ഫോൺ കോൾ. ഡോൺ ബോസ്കോ കോളേജിൽ നിന്നും ഫാ. സിറിൾ ജോൺ ഇടമലയാണ് വിളിക്കുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ഇരിട്ടിക്ക് അടുത്ത് അങ്ങാടിക്കടവിലുള്ള എം. എസ്. ഡബ്ള്യു വിന് അഡ്മിഷൻ തരാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  ഒരു സുഹൃത്ത് വഴിയാണ് അച്ചന് ഫോൺ നമ്പർ കിട്ടുന്നതും വിളിക്കുന്നതും. അങ്ങനെ അങ്ങാടിക്കടവിൽ എം എസ് ഡബ്ല്യൂ വിന് ചേർന്നു. അവിടെ നിന്നും നന്നായി പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പും ലഭിച്ചു. പഠിക്കാനായി വിദ്യാഭ്യാസ ലോണും എടുത്തു. ഡിഗ്രിക്ക് തോറ്റെങ്കിലും എം.എസ്.ഡബ്ല്യൂ 73 ശതമാനം മാർക്കോടെ ജയിച്ചു. ചുരുക്കിപ്പറഞ്ഞാൽ പിജി വിദ്യാഭ്യാസത്തിന്റെ കാലയളവിലാണ് പഠനത്തിന്റ യഥാർത്ഥ ട്രാക്കിലേക്ക് വീണത്. “സോഷ്യൽ വർക്ക് മേഖലയാണ് ദൈവം എനിക്കായി കരുതി വെച്ചിരുന്നതെന്ന് ഞാൻ ഇന്ന് ഉറച്ചു വിശ്വസിക്കുന്നു.” -സെമിച്ചൻ പറയുന്നു.

ആദ്യമായി വിമാനത്തിൽ

1999 -ൽ ആണ് നെടുമ്പാശേരിയിൽ എയർപോർട്ട് വരുന്നത്. അന്ന് മുതൽ വിമാനത്തിൽ കയറാൻ ഭയങ്കര ആഗ്രഹം. വിമാനത്തിൽ കയറുക എന്നത് സ്വപ്നം പോലും കാണുവാൻ സാധിക്കാത്ത സാഹചര്യം. പതിനഞ്ചു വർഷം പഠിച്ചിട്ടും പഠിച്ച സ്ഥാപനത്തിൽ നിന്നും ഒരു വൺ ഡേ ടൂർ പോലും പോകാത്തയാളാണ് സെമിച്ചൻ. ആഗ്രഹമില്ലാഞ്ഞിട്ടില്ല വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല എന്നത് തന്നെ കാര്യം. പിജി പഠിക്കുമ്പോഴും എൽ ഐ സി ഏജന്റ് ജോലി തുടരുന്നുണ്ടായിരുന്നു അദ്ദേഹം. അങ്ങനെ കുറച്ച് പോക്കറ്റ് മണിയൊക്കെ കിട്ടും. ഈ പഠന കാലഘട്ടത്തിൽ പതിനാറോളം സെമിനാറുകളിൽ സെമിച്ചൻ പങ്കെടുത്തു. കേരളത്തിന് അകത്തും പുറത്തുമായി പങ്കെടുത്ത ഈ സെമിനാറുകൾ നല്ല അനുഭവങ്ങളാണ്  സെമിച്ചന് പകർന്നു നൽകിയത്. പഠന കാലഘട്ടത്തിൽ ഇന്റർനാഷണൽ ഫീൽഡ് വർക്കിനുള്ള അവസരം അന്നത്തെ മാനേജരായിരുന്ന ഫാ. ജോസ് കോയിക്കലിന്റെ നേതൃത്വത്തിൽ ഒരുക്കി. അത് ശ്രീലങ്കക്കായിരുന്നു. ആറുപേരെയാണ് അതിനായി സെലക്ട് ചെയ്തത്. ആ യാത്ര സെമിച്ചന്റെ വിമാനത്തിൽ കയറുക എന്ന സ്വപ്നവും കൂടിയായിരുന്നു യാഥാർഥ്യമാക്കിയത്.

ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ

2011 ഓഗസ്റ്റിൽ പഠനം കഴിഞ്ഞു തിരിച്ചു വന്നു. അത്യാവശ്യം നല്ല മാർക്കും പഠന മികവും ഒക്കെയുള്ളതുകൊണ്ട് പഠിച്ചിറങ്ങുമ്പോഴേ ജോലി കിട്ടും എന്നതായിരുന്നു ചിന്ത. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടുന്നില്ല. നിരവധി ഇന്റർവ്യൂകളിൽ പങ്കെടുത്തു, ഒരുപാട് അലഞ്ഞു. പക്ഷെ ജോലി മാത്രം കിട്ടിയില്ല. കുറെയേറെ NGO (നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ) കയറിയിറങ്ങി ജോലിക്ക് വേണ്ടി അന്വേഷിച്ചു. അവസാനം നാല് മാസങ്ങൾക്ക് ശേഷം അതിരൂപതയുടെ വെൽഫെയർ സർവീസിൽ ഒരു ജോലി കിട്ടി. 5250 രൂപാ ശമ്പളത്തോടെയാണ് തുടക്കം. ആറു മാസത്തിന് ശേഷം ആ പ്രൊജക്റ്റ് തീർന്നപ്പോൾ അവിടെ നിന്നും പോന്നു. എന്നാൽ, ഉടനെ തന്നെ വനിതാ വികസന കോർപ്പറേഷന്റെ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി തൃശൂരിൽ അടുത്ത ജോലിയിൽ പ്രവേശിച്ചു. ഒരു വർഷത്തെ കരാർ ആയിരുന്നു. ഈ കാലാവധി കഴിഞ്ഞപ്പോൾ ‘സേവാ ഫാമിലി’യിൽ മൂന്ന് വർഷത്തേക്ക് ജോലിയിൽ പ്രവേശിച്ചു. ഈ സമയങ്ങളിൽ ഇന്ത്യ മുഴുവനും തുടരെയുള്ള യാത്രകൾ നടത്തി. ഒപ്പം തന്നെ മിഷൻ ലീഗിന്റെ അതിരൂപത പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ അംഗം എന്നിങ്ങനെയുള്ള സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 2016 കാലഘട്ടത്തിൽ നാഗ്‌പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ എംഫില്ലും സെമിച്ചൻ നേടി.

2016 -ൽ ആണ് അനുവുമായി സെമിച്ചന്റെ വിവാഹം നടക്കുന്നത്. അനു ടീച്ചറാണ്. മിഷൻലീഗിന്റെ സജീവ പ്രവർത്തകയായ അനു എം എസ് സി കഴിഞ്ഞു നിൽക്കുകയാണ്. സെമിച്ചന്റെ വലിയ ആഗ്രഹമായിരുന്നു വിശ്വാസപരമായ കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരാളെ വിവാഹം കഴിക്കണമെന്നുള്ളത്. അങ്ങനെ ആ വിവാഹം നടന്നു. അനുവിന് അന്ന് ടീച്ചറായി ജോലിയുണ്ട്. അതിനാൽ, ഡോക്ടറേറ്റ് എടുക്കണമെന്ന സെമിച്ചന്റെ ആഗ്രഹത്തിന് എല്ലാവിധ സപ്പോർട്ടും നൽകിയത് അനുവായിരുന്നു. ‘കേരളത്തിലെ സ്‌കൂൾ കൗൺസലിംഗ് മേഖല’ എന്ന വിഷയമാണ് പ്രൊപോസൽ വെച്ചത്. അതിനുള്ള അനുമതിയും ലഭിച്ചു. പാർട്ട് ടൈം ആയി ഡോക്ടറേറ്റ് ചെയ്യുവാനായിരുന്നു തീരുമാനം. ജോലി ചെയ്തുകൊണ്ട് പഠിക്കാം എന്നതായിരുന്നു കണക്കുകൂട്ടൽ. ട്രിച്ചിയിൽ ആയിരുന്നു പഠനം. ഫുൾ ടൈം ആയി ചെയ്യുവാൻ ട്രിച്ചിയിൽ നിന്നും വിളിച്ചു പറഞ്ഞതിനാൽ ജോലി രാജി വെച്ച് പൂർണ്ണമായും ഒരു ഗവേഷണ വിദ്യാർത്ഥിയാവുകയായിരുന്നു സെമിച്ചൻ. മൂന്ന് വർഷങ്ങൾക്കുള്ളിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. അക്കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വീണ്ടും പ്രതിസന്ധിയിലാക്കി. ഭാര്യയുടെ ഉണ്ടായിരുന്ന ജോലിയും നഷ്ട്ടപ്പെട്ടു.

‘സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ ആഗ്രഹിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല’

സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നും കൂടെപ്പിറപ്പായി സെമിച്ചന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എങ്കിലും പണമില്ലാത്തതിന്റെ പേരിൽ ആഗ്രഹിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല എന്ന പൂർണ്ണമായും വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. “എന്റെ ജീവിത വഴികളിൽ അനവധി തണൽമരങ്ങളെ ദൈവം ഒരുക്കിത്തന്നിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയോളം ഗവേഷണ പഠനത്തിനായി ചിലവഴിച്ചു. ട്രിച്ചിയിലേക്ക് ഉള്ള യാത്രയിൽ പകലുകൾ നഷ്ടപ്പെടുത്താതെ രാത്രികളിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യും. 2017 ജനുവരിയിലാണ് പഠനത്തിനായി ചേരുന്നത്. 2019 -ൽ ഫ്രീ സബ്മിഷന് ശേഷം ട്രിച്ചിയിൽ നിന്നും തിരിച്ചു പോന്നു. നാലുമാസത്തിനുള്ളിൽ തീസിസ് സബ്മിറ്റ് ചെയ്യണം. കുട്ടിക്കാനം മരിയൻ കോളേജിൽ ജോലി ചെയ്യുമ്പോഴാണ് തീസിസ് സബ്മിറ്റ് ചെയ്യുന്നത്. 2020 ഫെബ്രുവരി ഏഴാം തീയതിയായിരുന്നു അത്.” -സെമിച്ചൻ പറയുന്നു.

മരിയൻ കോളേജിൽ ജോലി ചെയ്യുമ്പോഴാണ് കോവിഡ് വരുന്നതും ജോലി നഷ്ടപ്പെടുന്നതും. നാല് മാസത്തേക്കായിരുന്നു ജോലിയിൽ പ്രവേശിച്ചത്. ജോലി നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം, ചാച്ചനെ സഹായിച്ചുകൊണ്ട് വീട്ടിലെ ജോലികളിലേക്ക് തിരിഞ്ഞു. ചാച്ചന് ജാതിക്കായുടെ ബിസിനസ് ആയിരുന്നു. വീടുകളിൽ പോയി മലഞ്ചരക്ക് സാധനങ്ങൾ എടുക്കും. എന്നിട്ട് അത് കടകളിൽ കൊണ്ടുപോയി വിൽക്കും. അതിനായി ചാച്ചന്റെ ഒപ്പം പോകുവാൻ തുടങ്ങി. ഈ സമയത്താണ് തൃക്കാക്കര ഭാരതമാതാ കോളേജിൽ ഒരു വേക്കൻസി ഉണ്ടെന്ന് അറിയുന്നതും ജോലിയിൽ പ്രവേശിക്കുന്നതും. 2020 ജൂലൈ 15 നാണ് അസിസ്റ്റന്റ് പ്രൊഫസറായി ഈ ജോലിയിൽ പ്രവേശിക്കുന്നത്. ഗവേഷണ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഭാര്യ അനു എല്ലാവിധ സഹകരണവും പ്രോത്സാഹനവും നൽകി കൂടെ നിന്നു. അതിനാലാണ് ഇത്രയും വേഗം പഠനം പൂർത്തിയാക്കാൻ തനിക്ക് സാധിച്ചതെന്ന വിശ്വാസത്തിലാണ് സെമിച്ചൻ. അനു ഇപ്പോൾ ഒരു  ജോലിക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഇവർക്ക് നാലു വയസായ ഒരു മകളുണ്ട്, മെർലിൻ തെരേസ്.

“ജീവിതത്തിലെ നേട്ടങ്ങൾ ഒരിക്കലും കുറച്ചുപേർക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ളത് ഒന്നുമല്ല. ഏത് സാധാരണക്കാരനും ഇതൊക്കെ ചെയ്യാൻപറ്റുമെന്ന് എനിക്ക് ജീവിതം പഠിപ്പിച്ചു തന്നു. ഇന്നും നാലര സെന്റ് കോളനിയിൽ ആണ് ഞാൻ താമസിക്കുന്നത്. 33 -മത്തെ വയസിൽ ജീവിതത്തിൽ പലതും ഒന്നിൽ നിന്നും തുടങ്ങാനുണ്ട്. ഇതുവരെ നടത്തിയ ദൈവം ഇനിയും എന്നെ നടത്തും എന്നൊരു ആത്മവിശ്വാസം എനിക്കുണ്ട്. അത് വലിയൊരു ബലമാണ്. എനിക്കിപ്പോൾ ഒരാവശ്യം വന്നാൽ സഹായിക്കാൻ ഒരുപാട് പേരുണ്ട്. അത് മിഷൻലീഗിലൂടെയും സഭയിലൂടെയും ലഭിച്ച ഒരു ഭാഗ്യമാണ്” -സെമിച്ചൻ പറയുന്നു.

എല്ലാം നിർത്തി തിരിച്ചു പോരാം എന്ന് തീരുമാനിച്ച പല നിമിഷങ്ങളിലും ദൈവമാണ് പലരിലൂടെയും സെമിച്ചന്റെ ജീവിതത്തിൽ ഇടപെട്ടത്. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നന്മയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരൻ സമൂഹത്തിന് വലിയ ഒരു മാതൃകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

1 COMMENT

  1. Dr. Semicha, first and foremost Congratulations to you. May God continue to shower His manifold blessings on you and your family.

Comments are closed.