ഇത്രമേല്‍ സ്‌നേഹിച്ചിട്ടും…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ ഇടവകയിലേക്ക് വികാരിയായി വന്ന വര്‍ഷം ഭവനസന്ദര്‍ശനത്തിനിടയിലാണ് ഞാന്‍ തോമസിനെ പരിചയപ്പെടുന്നത് (യഥാര്‍ത്ഥ പേരല്ല). വളരെ പാവപ്പെട്ട കുടുംബമാണ് അവന്റേത്. തകര്‍ന്നുവീഴാറായ വീട്ടില്‍ ക്യാന്‍സര്‍ ബാധിച്ച് അവന്‍ കിടപ്പിലായിരുന്നു. ഇടവകാംഗമായ ഒരു യുവാവിനെക്കുറിച്ചുള്ള വികാരിയച്ചന്റെ വാക്കുകളായിരുന്നു ഇത്. അദ്ദേഹം തുടര്‍ന്നു…

“ചികിത്സക്കു വേണ്ടി കുറച്ചു പണമല്ല വേണ്ടിയിരുന്നത്. പൊതുയോഗത്തില്‍ പ്രത്യേക അജണ്ട വച്ച്, കുടുംബ ക്ഷേമനിധിയില്‍ നിന്നും അവന് വീട് വച്ചു നല്‍കി. രൂപതയിലെ ചികിത്സാഫണ്ടില്‍ നിന്ന് സഹായവും നല്‍കി. ഇതും കൂടാതെ വ്യക്തിപരമായ രീതിയിലും അവനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവന്‍ അതെല്ലാം മറന്നിരിക്കുന്നു. ഇപ്പോള്‍ ഇടവകയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന പ്രധാനവ്യക്തി അവനാണ്. എന്തിനുമേതിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന അയാളുടെ ശൈലി ഇടവകയെ മുഴുവനും വേദനയിലാഴ്ത്തുന്നു. മാത്രമല്ല, തുടരെത്തുടരെ സഭയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതും അവന്റെ പതിവായി.

ഒരിക്കല്‍ ഞാനവനോട് പറഞ്ഞു: ദൈവം നിന്നോട് എന്തുമാത്രം കരുണ കാണിച്ചു എന്ന് നീ മറക്കരുത്. നിനക്കു വേണ്ടി എത്ര കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെട്ടു. എത്രയോ ആരാധനകള്‍ നടത്തി. എത്രയോ പേര്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. ദൈവം നിനക്ക് സൗഖ്യം നല്‍കിയപ്പോള്‍ സഭയും ദൈവവുമെല്ലാം ശത്രുപക്ഷത്തായി. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു.” അവന്‍ ആ വാക്കുകളൊന്നും ചെവികൊള്ളാതെ ഇപ്പോഴും പതിവ് ശൈലി തുടരുകയാണ്.

നമ്മില്‍ നിന്ന് ക്ഷേമം സ്വീകരിച്ച വ്യക്തികള്‍ നമ്മെ കുത്തിനോവിക്കുമ്പോള്‍ നമ്മുടെ ഹൃദയവും നുറുങ്ങാറില്ലേ? ചിലപ്പോഴെങ്കിലും അവര്‍ക്ക് ചെയ്ത ഉപകാരങ്ങള്‍ മറ്റാര്‍ക്കെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുമില്ലേ? ക്രിസ്തുവിനുമുണ്ടായിരുന്നു അങ്ങനെയൊരു ചിന്ത – കൊറാസിന്‍, ബത്സയ്ദാ നഗരങ്ങളെക്കുറിച്ച്. അനുതപിക്കാത്ത അവിടുത്തെ ജനത്തെ നോക്കി അവിടുന്ന് വിലപിക്കുന്നു: “കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!” (മത്തായി 11:21).

കര്‍ത്താവില്‍ നിന്ന് കൃപകള്‍ സ്വീകരിക്കുമ്പോള്‍ അവിടുത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള ബാധ്യതയും നമുക്കുണ്ടെന്ന് മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.