യാചിക്കുന്നവരുടെ ഹൃദയം പറയുന്നത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മകന്റെ ചികിത്സയ്ക്കായി മറ്റുള്ളവര്‍ക്കു മുന്നില്‍ കരം നീട്ടുന്നൊരമ്മയെ അറിയാം. ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് അവൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ചിലപ്പോഴൊക്കെ അവള്‍ നിരാശപ്പെടാറുണ്ട്. എങ്കിലും പ്രത്യാശ കൈവിടാതെ മകനു വേണ്ടി അവൾ ഇന്നും നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നു.

മറ്റുള്ളവരിലെ നന്മയെക്കുറിച്ച് അവൾ ഒരിക്കല്‍ പറഞ്ഞത്ര്‍ ഓക്കുന്നു: “അച്ചാ, മനുഷ്യര്‍ നല്ലവരാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മകനു വേണ്ടി, അവനെയോ, എന്നെയോ, എന്റെ ജീവിതപങ്കാളിയെയോ ഒരിക്കല്‍ പോലും കാണാത്തവരും പരിചയമില്ലാത്തവരും വരെ പണം നല്‍കി സഹായിച്ചിട്ടുണ്ട്. അവരുടെ വലിയ മനസിനു മുമ്പില്‍ നമ്മള്‍ ചെറുതായി പോകുന്നു.”

ശരിയല്ലേ അവള്‍ പറഞ്ഞത്? ഞാനും നിങ്ങളുമെല്ലാം യഥാര്‍ത്ഥത്തില്‍ നല്ലവരാണ്. നന്മയുടെ നിറവുകളായാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതും. ഒന്നു ചിന്തിച്ചു നോക്കിക്കേ, ജീവിതത്തില്‍ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാത്തവരായി നമ്മില്‍ ആരെങ്കിലുമുണ്ടോ? എന്തുമാത്രം കൊടുക്കുന്നു എന്നതില്‍ മാത്രമാണ് വ്യത്യാസമുള്ളത്. മനുഷ്യനിലെ ഈ നന്മയെ നോക്കിയാണ്, “ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍” (മത്തായി 10:8) എന്ന് ക്രിസ്തു പറഞ്ഞത്.

ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു. ആല്‍വിന്‍ എന്ന സുഹൃത്തിന്റെ കൂടെ ഒരിക്കല്‍ യാത്ര ചെയ്യുകയായിരുന്നു. ‘വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സംഭാവന’ എന്നെഴുതിയ ഒരു ബോക്‌സുമായി ചിലര്‍ വഴിയരികില്‍ നില്‍ക്കുന്നത് കണ്ടു. അവര്‍ ആവശ്യപ്പെടാതെ തന്നെ വണ്ടി നിര്‍ത്തി ചെറിയ സംഭാവന അവന്‍ നല്‍കി. തുടര്‍ന്നുള്ള യാത്രയില്‍ അവന്‍ പറഞ്ഞു: “എന്റെ സഹോദരിയുടെ ചികിത്സയ്ക്കു വേണ്ടി ഞാനും ഇങ്ങനെ വഴിയോരത്ത് നിന്നിട്ടുണ്ട്. അങ്ങനെ നില്‍ക്കുന്നതിന്റെ നൊമ്പരം എനിക്ക് നന്നായറിയാം.”

നമ്മിലെ നന്മയുടെ തിരിവെട്ടം അണഞ്ഞുപോകാതിരിക്കാന്‍ തുറന്ന മിഴികളും ഉദാരമായ കരങ്ങളും നമുക്ക് ലഭിക്കട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.