പരാതിപ്പുസ്തകം അടച്ചുവയ്ക്കാം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

“അച്ചാ, വിരോധമില്ലെങ്കില്‍ ആശുപത്രി വരെ ഒന്നു വരാമോ?”

അപരിചിതനായ ഒരാളാണ് വിളിച്ചത്. അയാളുടെ ഭാര്യയ്ക്ക് ബ്രെയിന്‍ ട്യൂമറാണ്. വിദഗ്ദ ചികിത്സയ്ക്കായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാള്‍ പറഞ്ഞതു പ്രകാരം ആശുപത്രിയില്‍ എത്തിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടാണ് ആ സ്ത്രീ എന്നെ സ്വീകരിച്ചത്. അവര്‍ പറഞ്ഞു: “അച്ചോ, ഞാനൊരു നഴ്‌സാണ്. എന്റെ രോഗത്തിന്റെ തീവ്രത എനിക്കറിയാം. ഇനിയും എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് പറയാനാകില്ല. ഈ രോഗം വന്നതില്‍ എനിക്ക് ഒട്ടും പരാതിയുമില്ല. എന്റെ മക്കള്‍ക്കാണെങ്കില്‍ പ്രായപൂര്‍ത്തിയായി. കര്‍ത്താവറിയാതെ ഒന്നും സംഭവിക്കില്ലെന്ന് എനിക്ക് നന്നായറിയാം. അച്ചനോട് വരാന്‍ പറഞ്ഞത് എന്റെ ഭര്‍ത്താവിനു വേണ്ടിയാണ്. അദ്ദേഹം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി. അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കണം. ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രാര്‍ത്ഥിക്കണം.”

ആ സ്ത്രീയുടെ ശിരസില്‍ കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിച്ച ശേഷം അവരുടെ ഭര്‍ത്താവിനെ കൂട്ടി വരാന്തയില്‍ പോയിരുന്നു. അയാള്‍ വിതുമ്പികൊണ്ട് പറഞ്ഞു: “ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷമായി. ഇതുവരെ പുതിയ വസ്ത്രത്തിനു വേണ്ടിയോ, സ്വര്‍ണ്ണത്തിനു വേണ്ടിയോ, ഇഷ്ടമുള്ള ഭക്ഷണത്തിനു വേണ്ടിയോ അവള്‍ പരാതിപ്പെട്ടിട്ടില്ല. ഉള്ളതുകൊണ്ട് ജീവിക്കാന്‍ അവള്‍ക്ക് നന്നായറിയാം. കുറച്ചു നാളായ് തലവേദനയാണെന്നു പറയുന്നു. എന്നാലും അതും സഹിച്ച് അവള്‍ ജോലിക്ക് പോകും. ഇപ്പോഴും അവള്‍ക്ക് ഈ അസുഖമൊന്നും ഒരു കുഴപ്പവുമില്ല. എന്റെ ഭാര്യയോടൊത്ത് ഇനിയും ജീവിക്കണമെന്നാണ് അച്ചാ എന്റെ ആഗ്രഹം.” അയാളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലായിരുന്നു. അല്പനേരം സംസാരിച്ച ശേഷം ഞാന്‍ ആശ്രമത്തിലേക്ക് മടങ്ങി.

അന്ന് രാത്രി ആ സ്ത്രീയുടെ വാക്കുകള്‍ ഞാനോര്‍ത്തു. കടുത്ത വേദനയിലും ദൈവത്തോടോ കുടുംബാംഗങ്ങളോടോ ഒരു പരാതി പോലും പറയാതെ സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച അവരുടെ എക ആവശ്യം ഭര്‍ത്താവിനെ ധൈര്യപ്പെടുത്തണമെന്നു മാത്രമായിരുന്നു. അപൂര്‍വ്വം ചിലര്‍ക്കു മാത്രം ലഭിക്കാവുന്ന ഭാഗ്യമാണ് ആ സ്ത്രീക്ക് ലഭിച്ചിട്ടുള്ളത്. ‘ജീവിതസഹനങ്ങള്‍ പരാതിയില്ലാതെ സ്വീകരിക്കുമ്പോള്‍ മാത്രമേ അവ അനുഗ്രഹങ്ങളായ് തീരുകയുള്ളൂ’ എന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാകുന്നു.

അനുദിന ജീവിതത്തില്‍ എത്രയോ നിസ്സാരകാര്യങ്ങള്‍ക്കാണ് നമ്മള്‍ പരാതികൾ ഉന്നയിക്കുന്നത്? ഭക്ഷണത്തിന് രുചി കുറഞ്ഞതിന്റെ പേരില്‍,
വസ്ത്രം, സ്വത്ത്, അഴക്… ഇങ്ങനെ എന്തിന്റെയെല്ലാം പേരിലാണ് നമ്മുടെ പരാതികള്‍? സത്യത്തില്‍ അവനവനോടുള്ള സ്‌നേഹം വര്‍ദ്ധിക്കുമ്പോഴാണ് പരാതികള്‍ ഏറുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും” (യോഹ. 12:25).

സഹനങ്ങളെ പരാതിയില്ലാതെ സ്വീകരിച്ചവരാണ് വിശുദ്ധര്‍. അങ്ങനെയൊരു വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ. കടുത്ത വേദനയിലും പരാതികളുന്നയിക്കാതെ ക്രൂശിതനെ നെഞ്ചോടു ചേര്‍ത്ത ആ ജീവിതമാതൃക നമുക്കെല്ലാം വെല്ലുവിളിയാണ്. പരാതികളും പരിഭവങ്ങുളും മാറ്റിവച്ച് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും കര്‍ത്താവിന്റെ കരുണയില്‍ ആശ്രയിക്കാനും നമുക്ക് കഴിയട്ടെ.

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.