സാമ്പത്തിക പുരോഗതിയുടെ സുവിശേഷം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വർഷങ്ങൾക്കു മുമ്പ് വെഞ്ചിരിപ്പ് നടത്തിയ ഒരു ഭവനം പിന്നീടൊരിക്കൽ സന്ദർശിക്കാനിടയായി. ആ വീട്ടിലെ അമ്മയുടെ മുഖത്ത് അന്നുണ്ടായിരുന്ന തെളിച്ചം ഇപ്പോൾ ഉണ്ടായിരുന്നില്ല.

“എന്തുപറ്റി? വല്ലാതിരിക്കുന്നല്ലോ!” ഞാൻ ചോദിച്ചു.

“അച്ചൻ അന്ന് വീട് വെഞ്ചിരിച്ചപ്പോൾ ഭർത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തിരികെ പോയെങ്കിലും കൊറോണ മൂലം ജോലി നഷ്ടമായി. അങ്ങനെ അദ്ദേഹം നാട്ടിലെത്തി. വീടിന്റെ കടങ്ങളാണെങ്കിൽ ഇനിയും അടച്ചുതീർക്കാനായിട്ടില്ല. ഇപ്പോൾ അതിലും വലിയ ദുഃഖം ഇദ്ദേഹത്തിന്റെ മദ്യപാനമാണ്. വീട്ടിലിരുന്നാണ് മദ്യപിക്കുക. പിള്ളേര് കാണുമെന്ന ചിന്തയൊന്നുമില്ല. എല്ലാത്തിനും കാരണം ദൈവമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി.”

അവർ കാര്യങ്ങൾ വിവരിക്കുമ്പോൾ അയാൾ തല ഉയർത്തിയിരുന്നില്ല.

“ഭാര്യ പറയുന്നതെല്ലാം ശരിയാണോ?” ഞാൻ ചോദിച്ചു.

“അതെ അച്ചോ, മനസിന്റെ ഭാരം താങ്ങാനാകാതെ വരുമ്പോൾ ആശ്വാസത്തിനു വേണ്ടി മദ്യപിക്കും. നിർത്തണമെന്നുണ്ട്. പക്ഷേ, സാധിക്കുന്നില്ല.”

“ഇതിനുള്ള പണം എവിടുന്നാണ്?”

“അതും മറ്റുള്ളവരിൽ നിന്നും കടമായി വാങ്ങും.”

“ജീവിതത്തിൽ ദുരന്തങ്ങൾ വരുമ്പോൾ ദൈവത്തിൽ ആശ്രയിച്ച് കുടുംബത്തിന് താങ്ങും തണലുമാകേണ്ട നിങ്ങൾ ഇങ്ങനെ അധഃപതിച്ചാൽ പിന്നെ എങ്ങനെയാണ് രക്ഷപ്പെടാനാകുക? പ്രാർത്ഥനകൾ ഉയരേണ്ട വീട്ടിൽ നിന്ന് മദ്യത്തിന്റെയും പുകയുടെയും ഗന്ധമുയർന്നാൽ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാനാകില്ല.”

ഇത്രയും പറഞ്ഞ് അവർക്കു വേണ്ടി പ്രാർത്ഥിച്ച് ഞാൻ അവിടെ നിന്നും ആശ്രമത്തിലേക്കു മടങ്ങി.

അപ്രതീക്ഷമായ സഹനങ്ങൾ കടന്നുവരുമ്പോൾ ദൈവത്തിലേക്ക് തിരിയാതെ ഭൗതീകസുഖങ്ങളിൽ മുഴുകുന്നവർ വരാനിരിക്കുന്ന ദൈവകൃപയെ നിഷേധിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ശരീരവും ഭവനവും വാഹനവും ജോലിസ്ഥലങ്ങളുമെല്ലാം ഇങ്ങനെ പാപത്തിന് വിട്ടുകൊടുക്കുമ്പോൾ പിന്നെ ദൈവത്തിന് വസിക്കാൻ ഇടമെവിടെ? ദൈവാലയം അശുദ്ധമാക്കിയവരോട് ക്രിസ്തു പറഞ്ഞ വാക്കുകൾ ഇവിടെ അർത്ഥവത്താണ്: “എന്റെ ആലയം പ്രാർത്ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു” (ലൂക്കാ 19:46).

ദൈവീകചൈതന്യത്തിന്റെ ചാലുകളും ചാലകങ്ങളുമാകേണ്ട ഇടങ്ങളാണ് നമ്മുടെ ഭവനവും ജോലിസ്ഥലങ്ങളും ദൈവാലയവുമെല്ലാം. അവ ഒരിക്കലും തിന്മയുടെ കേന്ദ്രങ്ങളാകാതിരിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.