അലഞ്ഞുനടന്നവൻ ‘ജോസഫ്’ ആയതു പോലെ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു അഗതിമന്ദിരത്തിൽ പരിചയപ്പെട്ട ഒരാളുടെ ജീവിതം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നടത്തിപ്പുകാരനാണ് അയാളെക്കുറിച്ച് എന്നോടു പറഞ്ഞത്.

“അച്ചാ, വർഷങ്ങൾക്കു മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ ഏൽപിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു ഭ്രാന്തനെപ്പോലെ തെരുവിൽ അലഞ്ഞുനടന്നിരുന്ന ഇയാൾക്ക് ഊരും പേരുമൊന്നും അറിയില്ലായിരുന്നു. ‘ഭ്രാന്തൻ’ എന്ന് വിളിക്കപ്പെട്ട ഇദ്ദേഹത്തെ ഞങ്ങൾ ‘ജോസഫ്’ എന്നാണ് വിളിച്ചത്. അല്പസ്വല്പം ചികിത്സകൾ ലഭിച്ചപ്പോൾ അദ്ദേഹം സ്വന്തം കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ പേരു വിളിച്ചാൽ പ്രതികരിക്കും. മാത്രമല്ല, പ്രാർത്ഥനകളെല്ലാം കാണാതെ ചൊല്ലുകയും ചെയ്യും. ഒരുപക്ഷേ, വർഷങ്ങൾക്കു മുമ്പ് നല്ല ചികിത്സയും പരിഗണനയും ലഭിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ അവസ്ഥ ഇത്ര മോശമാകില്ലായിരുന്നു.”

‘ഭ്രാന്തൻ’ എന്നു വിളിക്കപ്പെട്ട ഒരുവനെ ‘ജോസഫ്’ എന്ന നാമത്തിന് അർഹനാക്കിയ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരെയോർത്ത് എനിക്ക് അഭിമാനം തോന്നി. നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഇങ്ങനെ അലഞ്ഞുതിരിയുന്നവർ ധാരാളമുണ്ടാകാം. എന്തുകൊണ്ട് അവർ അങ്ങനെ ഭൃഷ്ട് കൽപിക്കപ്പെട്ടു എന്ന് പലരും ചിന്തിക്കാറില്ല. ഭ്രാന്തൻ, ഭിക്ഷക്കാരി, നാടോടി… ഇങ്ങനെയൊക്കെയാകും നാം അവരെ വിളിക്കുന്നത്.

ക്രിസ്തുവിന്റെ കാലത്തുമുണ്ടായിരുന്നു അങ്ങനെ പലരും. അവരിൽ ഒരുവളെ സുവിശേഷകൻ വിളിച്ചത് ‘രക്തസ്രാവക്കാരി’ എന്നാണ്. അവൾക്കുമുണ്ടായിരിക്കില്ലേ ഊരും പേരുമെല്ലാം? എന്നാൽ അവളുടെ രോഗാവസ്ഥ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നുമെല്ലാം അവളെ അകറ്റിനിർത്തി. അവൾ പേരില്ലാത്തവളായി. ഭൃഷ്ട് കൽപിക്കപ്പെട്ട ആ സ്ത്രീ തന്റെ വസ്ത്രവിളുമ്പിൽ തൊട്ടതും സൗഖ്യപ്പെട്ടതുമെല്ലാം ക്രിസ്തു അറിയുന്നുണ്ട്. ഇനിയൊരിക്കലും അവൾ സമൂഹത്തിൽ നിന്നും അകന്നു നിൽക്കേണ്ടവളല്ല എന്ന ബോധ്യത്തോടെയാണ്, “ആരാണ്‌ എന്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌?” (മര്‍ക്കോ. 5:30) എന്ന് ക്രിസ്തു ചോദിക്കുന്നത്. ആ ചോദ്യത്തിൽ അവൾ ആദ്യമൊന്ന് പകച്ചെങ്കിലും പണ്ടെങ്ങോ നഷ്ടപ്പെട്ട തന്റെ നിലയും വിലയും തിരിച്ചുകിട്ടിയതറിഞ്ഞ അവൾ, സൗഖ്യപ്പെട്ടത് ഏറ്റുപറഞ്ഞ് ആനന്ദിക്കുന്നു.

പലപല കാരണങ്ങളാൽ നമ്മിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരും അകന്നു പോയവരുമുണ്ടാകാം. അവരെയെല്ലാം ഒന്ന് ഓർത്തെടുക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും അവരെ ചേർത്തുനിർത്താൻ ശ്രമിക്കുന്നതുമെല്ലാം ക്രിസ്തീയമാണ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.