ജീവിതം താളം തെറ്റാതിരിക്കണമെങ്കിൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആശുപത്രി വരാന്തയിൽ വച്ച് കണ്ട ആ സ്ത്രീ എന്നോട് ചോദിച്ചു: “അച്ചന് എന്നെ മനസിലായോ?”

ഇല്ല എന്ന് മറുപടി നൽകിയപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി. പേര് പറഞ്ഞപ്പോൾ ആളെ മനസിലായെങ്കിലും ആ സ്ത്രീയുടെ രൂപം എന്നിൽ അതിശയം ഉളവാക്കി; അത്രമാത്രം അവർ ക്ഷീണിച്ചിരുന്നു.

എന്റെ ചിന്ത മനസിലാക്കിയിട്ടെന്നതു പോലെ അവർ തുടർന്നു: “അച്ചന് എന്നെ കണ്ടിട്ട് മനസിലായില്ല അല്ലേ? ക്യാൻസറാണ് അച്ചാ. കീമോ കഴിഞ്ഞതിനു ശേഷം രൂപമാകെ മാറി. ഈ ആശുപത്രിയിലാണ് ചികിത്സ. എല്ലാ ദിവസവും ഞാൻ പള്ളിയിൽ പോകുന്നുണ്ട്. കുറച്ചു കാലം കൂടി ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ആയുസ് നീട്ടിക്കിട്ടാൻ അച്ചനും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.”

പ്രാർത്ഥിക്കാം എന്ന് ഞാൻ അവർക്ക് ഉറപ്പു നൽകി.

ഒരു കാലത്ത് അത്ര വിശ്വാസവും ഭക്തിയുമൊന്നും പ്രകടിപ്പിക്കാതെ ജീവിച്ചിരുന്ന അവരിൽ വന്ന മാറ്റം എന്നെ വല്ലാതെ അതിശയപ്പെടുത്തി. ചിലരെങ്കിലും ജീവിതത്തെ ഗൗരവമായെടുക്കുന്നത് മാരകമായ ഒരു അസുഖം ബാധിക്കുമ്പോഴല്ലേ? അസുഖങ്ങൾ ശരീരത്തെ കാർന്നു തിന്ന് ആയുസിനെ പിടിച്ചുലക്കുമ്പോഴായിരിക്കും പലരും ദൈവത്തെ ശക്തമായി വിളിക്കുന്നതും.

ജീവിതം എത്ര ഹ്രസ്വമാണെന്നും ഏതു നിമിഷവും താളം തെറ്റാമെന്നും തിരിച്ചറിയണമെങ്കിൽ വല്ലപ്പോഴും ആശുപത്രികൾ സന്ദർശിച്ചാൽ മാത്രം മതി. ചില രോഗികൾക്കരികിലേക്ക് വിശുദ്ധ കുർബാനയുമായ് കടന്നുചെല്ലുമ്പോൾ മിഴികളിലെ തിളക്കത്തിൽ നിന്നും മനസിലാക്കാം, ഒരു ദൈവീക ഇടപെടൽ അവർ എത്രമാത്രം ആഗ്രഹിക്കുന്നെന്ന്. ദൈവത്തെ തിരിച്ചറിയാനും അവിടുത്തെ സ്നേഹിക്കാനും കഴിയാത്തിടത്തോളം കാലം ജീവിതം അർത്ഥരഹിതമായിരിക്കും.

ക്രിസ്തുവിന്റെ ദൈവാലയ ശുദ്ധീകരണവുമായി ബന്ധപ്പെട്ട വചനഭാഗത്തിൽ ഇങ്ങനെ പറയുന്നുണ്ട്: “എന്നാൽ അവന്‍ പറഞ്ഞത്‌ തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്‌” (യോഹ. 2: 21). ശരീരം ദൈവാലയമാണെന്ന ചിന്ത എത്ര ഊഷ്മളമാണ്! മനുഷ്യശരീരങ്ങളെല്ലാം ദൈവാലയങ്ങളാണെങ്കിൽ ദൈവികചൈതന്യം തുളുമ്പിനിൽക്കേണ്ട ഇടങ്ങളല്ലേ നമ്മളെല്ലാം?

ദൈവം വസിക്കുന്ന ഇടങ്ങളായ് മാറുകയെന്നത് നമ്മുടെ വിളിയാണെന്ന യാഥാർത്ഥ്യം മനസിൽ സൂക്ഷിക്കാം. അങ്ങനെയുള്ളവർക്ക് ഏത് പ്രതിസന്ധിയിലും കൂടെയൊരു ദൈവമുണ്ടെന്നു വിശ്വസിക്കാൻ തെല്ലും പ്രയാസം കാണില്ല.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.