ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ട്

ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറാത്ത അനുഭവം ഇല്ലാത്തവരാരുണ്ട്? ആഗ്രഹിച്ചത് സംഭവിച്ചില്ലെന്നു മാത്രമല്ല, ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്നുവീണ സ്വപ്നക്കൊട്ടാരത്തിന്റെ മുമ്പില്‍ പലപ്പോഴും നമ്മള്‍ തളര്‍ന്നിരുന്നിട്ടുണ്ട്. മുന്നോട്ടുപോകാന്‍ ഒരു വഴിയും കാണാത്ത അവസ്ഥ. വഴി പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു. ഇനി എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കുകയേ വഴിയുള്ളൂ എന്നു നിരാശപ്പെടുന്ന നിമിഷങ്ങള്‍. സഹായിക്കാന്‍ ആരുമില്ല. അല്ലെങ്കില്‍ത്തന്നെ മാനുഷികമായ ഒരു സഹായം കൊണ്ട് രക്ഷപ്പെടുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദൈവം, വിജയം നേടുന്നവന്റെ ദൈവം മാത്രമല്ല, പരാജയപ്പെട്ടവന്റെയും ദൈവമാണ്.

ഇതിന് നല്ലൊരു ഉദാഹരണം മോശയുടെ ജീവിതമാണ്. തികച്ചും നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയായിരുന്നു മോശ. അദ്ദേഹം സ്വപ്നങ്ങള്‍ നെയ്തത് തനിക്കു വേണ്ടിയല്ല തന്റെ ജനത്തിനു വേണ്ടിയാണ്. അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ക്കാരുടെ വിമോചനം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, അതൊരു അക്രമ മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കാമെന്ന് അദ്ദേഹം വ്യാമോഹിച്ചു. ഒരു ഈജിപ്തുകാരന്‍ ഹെബ്രായനെ പ്രഹരിക്കുന്നതു കണ്ടപ്പോള്‍ മോശയുടെ രക്തം തിളച്ചു. ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവു ചെയ്തു. അദ്ദേഹം രഹസ്യമായി ചെയ്ത ഇക്കാര്യം പരസ്യമായി, അത് ഫറവോയുടെ ചെവിയിലുമെത്തി.

തന്റെ ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ മോശ നാട്ടില്‍ നിന്ന് ഒളിച്ചോടി. മിദിയാനിലെത്തിയ മോശ അവിടുത്തെ പുരോഹിതനായ ജത്രോയുടെ കുടുംബവുമായി പരിചയപ്പെടുവാന്‍ ഇടവരുന്നു. അദ്ദേഹത്തിന്റെ മകള്‍ സിപ്പോറയെ മോശ വിവാഹം ചെയ്തു. അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുക എന്നതാണ് മോശയുടെ ഇപ്പോഴത്തെ ജോലി. സ്വന്തം ജനതയുടെ വിമോചകനാകാന്‍ ആഗ്രഹിച്ചിരുന്ന മോശയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.

‘ഇനി ജീവിതകാലം മുഴുവനും ഞാന്‍ ഈ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യണം’, ആടുകളെ മേയ്ക്കാന്‍ വിട്ട് മരത്തണലുകളിലുമിരുന്ന് നിരാശയുടെ ഈ ചിന്തകള്‍ പേറി മോശ ദിവസങ്ങള്‍ തള്ളിനീക്കി. എന്നാല്‍, എല്ലാം കാണുന്ന ദൈവം മോശയെയും കാണുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീണ്ടും അത്ഭുതകരമായ വഴികളിലൂടെ നടത്തി ഇസ്രായേല്‍ ജനത്തിന്റെ ഇടയനായി മോശയെ ദൈവം താമസിയാതെ ഉയര്‍ത്തി.

ദൈവം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു പരാജയം അനുവദിക്കുന്നത്, അല്ലെങ്കില്‍ അയാള്‍ പോകുന്ന വഴി അടയ്ക്കുന്നത്, അയാളെ തകര്‍ക്കുവാന്‍ വേണ്ടിയല്ല. പ്രത്യുത, ദൈവികമാര്‍ഗ്ഗത്തിലൂടെ അയാളെ വീണ്ടെടുത്ത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അതിനാല്‍ പോകുവാന്‍ ആഗ്രഹിച്ച വഴി അടഞ്ഞാല്‍പ്പോലും നിരാശപ്പെടേണ്ട ആവശ്യമില്ല. നിനക്കായി അനുഗ്രഹത്തിന്റെ മറ്റൊരു സുവര്‍ണ്ണപാത തുറക്കുവാന്‍ സാധിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടി കാത്തിരിക്കുക. അവിടുന്ന് നിന്നെ അന്വേഷിച്ച് നിശ്ചയമായും കടന്നുവരും.