നവജാത ശിശുവിനെ ഈശോയ്ക്ക് സമര്‍പ്പിക്കാം ഈ പ്രാര്‍ത്ഥനയിലൂടെ

ജനിച്ചുവീഴുന്ന ഓരോ ശിശുവും ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം നമുക്കായി നല്‍കിയ സമ്മാനം. സമ്മാനം എന്നതിനെക്കാള്‍ ഉപരിയായി ദൈവം മാതാപിതാക്കളെ ഒരു വലിയ ദൗത്യം ഭരമേല്പിക്കുകയാണ്, കുഞ്ഞിന്റെ വരവോടു കൂടി. ആ കുഞ്ഞിനെ ദൈവത്തിന്റെയും മനുഷ്യന്റെയും സംപ്രീതിയില്‍ വളര്‍ത്തുക എന്ന വലിയ ദൗത്യം.

ഈ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കണമെങ്കില്‍ ദൈവത്തിനായി അവരെ വിട്ടുകൊടുക്കണം. കുഞ്ഞുണ്ടാകുമ്പോള്‍ അവന്‍/ അവള്‍ ഒരു എഞ്ചിനീയറാകണം ഡോക്ടറാകണം എന്ന് ആഗ്രഹിക്കുന്നതില്‍ ഉപരിയായി അവന്‍/ അവള്‍ ദൈവത്തിന്റെ കുഞ്ഞായി വളരണം എന്ന് ആഗ്രഹിക്കണം. അതിനായി പ്രവര്‍ത്തിക്കണം. ജനിച്ച ഉടനെ ഒരു കുഞ്ഞിനെ ഈശോയുടെ കരങ്ങളില്‍ സമര്‍പ്പിക്കുവാനും അവന്/ അവള്‍ക്ക് കൂട്ടായി ഉണ്ണിയീശോയെ നല്‍കുവാനുമുള്ള ഒരു പ്രാര്‍ത്ഥനാ ഇതാ:

‘പ്രിയ ഉണ്ണിയീശോയേ, ഏറ്റവും സ്‌നേഹനിധിയായ രാജാവേ, അങ്ങയുടെ പ്രിയ മാതാവിന്റെ കരങ്ങളിലൂടെ എന്റെ കുഞ്ഞിനെ അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇവനെ/ ഇവളെ അങ്ങയുടെ സംരക്ഷണത്തിന്‍ കീഴില്‍ വയ്ക്കുന്നു. എല്ലാവിധ രോഗങ്ങളില്‍ നിന്നും തിന്മയുടെ സ്വാധീനങ്ങളില്‍ നിന്നും ഇവനെ/ ഇവളെ കാത്തുകൊള്ളണമേ. വിശുദ്ധിയിലും അങ്ങയെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യന്റെയും സംപ്രീതിയിലും വളരുവാന്‍ ഇവനെ/ ഇവളെ അനുഗ്രഹിക്കണമേ. അങ്ങയുടെ സംരക്ഷണത്തിന് കീഴില്‍ സദാ സമയം ഇവന്‍/ ഇവള്‍  ആയിരിക്കട്ടെ. ആമ്മേന്‍’