മക്കളോട് മാപ്പ് ചോദിക്കാന്‍ മടിക്കണോ?

ഏത് വ്യക്തിയുടേയും വ്യക്തിത്വരൂപീകരണത്തില്‍ നിര്‍ണായകമാവുന്നത് അയാളുടെ ബാല്യകാല ജീവിതാനുഭവങ്ങള്‍ ആണ്. കുട്ടിക്കാലത്ത് കുട്ടികള്‍ ആദ്യം നിരീക്ഷിക്കുന്നതും,മാതൃകയാക്കുന്നതും, മാതാപിതാക്കളുടേയും അദ്ധ്യാപകരേയുടേയും സ്വഭാവസവിശേഷതകളാവും. അത് കൊണ്ട് തന്നെ കുട്ടികളെ ഭാവിപൗരന്‍മാരെന്ന നിലയില്‍ കണ്ട് പെരുമാറേണ്ട ചുമതല മാതാപിതാക്കള്‍ക്കുണ്ട്. അവരെ സ്‌നേഹിക്കുകയും ശാസിക്കുകയും തെറ്റുകള്‍ പറ്റുമ്പോള്‍ തിരുത്തുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ പക്ഷേ സ്വന്തം നിലയില്‍ തെറ്റു വരുമ്പോള്‍ അതിന് ക്ഷമ ചോദിക്കാന്‍ മനസ്സ് കാണിക്കാറില്ല. ഇത് വലിയൊരു തെറ്റാണെന്നാണ് കുട്ടികളുടെ സ്വഭാവരൂപീകരണത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ തെളിയുന്നത്.

ക്ഷണനേരത്തെ കോപത്തിന് കുട്ടിയെ ചീത്ത പറഞ്ഞതോ ശകാരിച്ചതോ കൂടിപ്പോയെന്ന് തോന്നിയാല്‍ പിന്നീട് അവരോട് ക്ഷമ ചോദിക്കാനും സ്‌നേഹത്തോടെ ലാളിക്കാനും മാതാപിതാക്കള്‍ മടിക്കരുത്. താന്‍ എന്തിന് ശകാരിച്ചെന്നും എന്ത് കൊണ്ട് കുട്ടി ചെയ്തത് തെറ്റായിപ്പോയെന്നും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കയും വേണം. തെറ്റുകള്‍ പറ്റിയാല്‍ സ്വയം തിരുത്തിയും മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവണം. കാരണം ഈ മാതൃകയാണ് പിന്നീട് മറ്റുള്ളവരോട് പെരുമാറുമ്പോള്‍ കുട്ടികള്‍ പിന്തുടരുക. മറ്റുള്ളവരോട് മറക്കാനും പൊറുക്കാനും പഠിക്കാനും, കൂടുതല്‍ വിനയമുള്ളവരാവാനും തെറ്റുകള്‍ പറ്റുമ്പോള്‍ അത് തിരുത്തുവാനുമെല്ലാം ഇത് കുട്ടികളെ പ്രേരിപ്പിക്കും