നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: 44-ാം ദിനം – കുരിശിന്റെ വി. ആഞ്ചല 

“സന്തോഷത്തോടെ നീ നിന്റെ കുരിശു വഹിച്ചാൽ അവ നിന്നെ താങ്ങിക്കൊള്ളും” – ക്രിസ്താനുകരണം; കുരിശിന്റെ വി. ആഞ്ചല (1846-1932).

സ്പെയിനിലെ സെവിയ്യായിൽ 1846 -ൽ ആഞ്ചല ജനിച്ചു. പിതാവ് ട്രിനിറ്റേറിയൻ അച്ചന്മാരുടെ ആശ്രമത്തിലെ പാചകക്കാരനും അമ്മ അവിടുത്തെ സഹായിയും ആയിരുന്നു. ഭക്തരായ മാതാപിതാക്കൾ ആഞ്ചലയെ ചെറുപ്പത്തിലെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്നു, നന്നേ ചെറുപ്പത്തിലേ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല പ്രാർത്ഥന അവൾ ഹൃദിസ്ഥമാക്കിയിരുന്നു. മെയ് മാസത്തിൽ തങ്ങളുടെ കൊച്ചുവീട്ടിൽ പരിശുദ്ധ അമ്മയുടെ വണക്കത്തിനായി മരിയൻ അൾത്താര സ്ഥാപിച്ചിരുന്നു. ദൈവാലയത്തിൽ തനിയെ പോയിരുന്നു പ്രാർത്ഥിക്കുക അവളുടെ മറ്റൊരു വിനോദമായിരുന്നു. പതിനാറു വയസ്സുള്ളപ്പോൾ ഫാ. ടോറസിനെ പരിചയപ്പെട്ടു. പിന്നീട് ടോറസച്ചനായിരുന്നു അവളുടെ ആത്മീയനിയന്താവ്.

പത്തൊമ്പതാം വയസ്സിൽ ആഞ്ചല സാന്താക്രൂച്ചിലുള്ള കർമ്മലീത്താ മഠത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം മൂലം പ്രവേശനം സാധ്യമായില്ല. 1868 -ൽ സെവ്വയിലെ ഉപവികളുടെ പുത്രിമാരുടെ സഭയിൽ ചേർന്നെങ്കിലും അസുഖം നിമിത്തം നവസന്യാസ സമയത്ത് വിട്ടിലേക്കു തിരികെ പോകേണ്ടിവന്നു. പിന്നീട് ഒരു ചെരുപ്പുനിർമ്മാണ കടയിലായിരുന്നു ജോലി.

1871 നവംബർ മാസത്തിൽ സുവിശേഷ ഉപദേശങ്ങൾ വ്രതങ്ങളായി അവൾ സ്വമേധയാ സ്വീകരിച്ചു. 1873 -ൽ പ്രാർത്ഥനാസമയത്ത് ആഞ്ചലക്ക് ഒരു ദർശനമുണ്ടായി. ഈശോയുടെ ക്രൂശിതരൂപത്തിനു മുമ്പിൽ ശ്യൂന്യമായിക്കിടക്കുന്ന മറ്റൊരു കുരിശ്. ശ്യൂന്യമായ കുരിശു തനിക്കു വേണ്ടിയാണെന്ന് ആഞ്ചല മനസ്സിലാക്കി. ഫാ. ടോറസ്ന്റെ നിർദേശത്തെ തുടർന്ന് ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ അവൾ ബുക്കിൽ എഴുതാൻ ആരംഭിച്ചു. 1875 -ൽ മൂന്നു സഹോദരിമാർ ആഞ്ചലയോടൊപ്പം ചേരുകയും ഒരു വാടകമുറിയിൽ താമസിച്ചുകൊണ്ട് ദരിദ്രരും പീഡിതരുമായവരുടെ ഇടയിൽ പ്രവർത്തിക്കാനും തുടങ്ങി.

പാവങ്ങളുടെ ഇടയിലല്ലാത്തപ്പോൾ കഠിനമായ പ്രാർത്ഥനയിലും തപസ്സിലുമാണ് അവർ ജീവിച്ചിരുന്നത്. പാവങ്ങളെയും അവഗണിക്കപ്പെട്ടവരെയും സ്നേഹിക്കാനും സഹായിക്കാനും നിയോഗിക്കപ്പെട്ട “മാലാഖമാർ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മദർ ആഞ്ചലയുടെ ജീവിതകാലത്ത് ഇരുപത്തിമൂന്ന് പുതിയ മഠങ്ങൾ കൂടി സ്ഥാപിതമായി. 1932 മാർച്ച് രണ്ടാം തീയതി “പാവങ്ങളുടെ അമ്മ” സ്വർഗ്ഗത്തിലേക്കു യാത്രയായി. 2003 മെയ് മാസം നാലാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ ആഞ്ചലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

കുരിശിന്റെ വി. ആഞ്ചലയോടൊപ്പം പ്രാർത്ഥിക്കാം…

വി. ആഞ്ചലയേ, ഈശോയുടെ പീഡാനുഭവത്തിന്റെ കുരിശ് നിന്റെ ജീവിതത്തിന് അർത്ഥവും ഔന്നത്യവും നൽകിയല്ലോ. ജീവൻ നൽകുന്ന ഈശോയുടെ വിശുദ്ധ കുരിശിനെ ആശ്ലേഷിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.