നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: 35-ാം ദിനം – വി. ജോസഫൈൻ ബക്കീത്ത

“നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ കൃപയാണ്” – വി. ജോസഫൈൻ ബക്കീത്ത (1869-1947).

ആഫ്രിക്കന് രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടിക്കൊണ്ടു പോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകള് മാറി ബക്കീത്ത 1883 -ല് കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന് വിദേശകാര്യ ഉദ്യോഗസ്ഥന്റെ കൈകളില് എത്തി. രണ്ടു വര്ഷത്തിനുശേഷം ബക്കീത്ത യജമാനന്റെ കൂടെ ഇറ്റലിയില് എത്തി.

കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്കി. ഇറ്റലിയിലെത്തിയ ബക്കീത്താക്ക് ആ കുടുംബത്തിലെ കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്വം കിട്ടി. അവിടെ വച്ചാണ് ക്രിസ്തീയവിശ്വാസത്തെക്കുറിച്ചു പഠിക്കുകയും 1890 -ല് ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന് എന്ന പേര് സ്വീകരിക്കുകയും ചെയ്തത്.

ബക്കീത്ത 1893 -ല് ബക്കീത്ത മേരി മഗ്ദലീന് ഓഫ് കനോസ്സ് സന്യാസമഠത്തില് ചേര്ന്നു ‘ദൈവത്തിന്റെ സ്വതന്ത്രപുത്രി’ ആയി. മറ്റുളളവര്ക്കായി വിശിഷ്യാ, പാവങ്ങള്ക്കും നിസ്സഹായര്ക്കുമായി സന്യാസത്തിലൂടെ സ്വയം സമര്പ്പിച്ചുകൊണ്ടാണ് അവള് വിശുദ്ധിയുടെ പടവുകള് കയറിയത്.

1947 -ൽ ഇറ്റലിയിലെ ഷിയോയിൽ വച്ചു നിര്യാതയായ ബക്കീത്തയെ 2000 ഒക്ടോബർ ഒന്നിന് ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 2007 -ലെ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ രക്ഷയുടെ പ്രത്യാശ (Spe Salvi) എന്ന തന്റെ രണ്ടാം ചാക്രികലേഖനത്തിൽ ബക്കീത്തയെ ക്രിസ്തീയപ്രത്യാശയുടെ ഉദാത്തമാതൃകയായി അവതരിപ്പിച്ചിരിക്കുന്നു.

വി. ജോസഫൈൻ ബക്കീത്തയോടൊപ്പം പ്രാർഥിക്കാം…

വി. ബക്കീത്തായേ, ക്രിസ്തീയപ്രത്യാശയുടെ ഉദാത്തമാതൃകയായിരുന്നല്ലോ നിന്റെ ജീവിതം. നോമ്പിലെ ഈ ദിനങ്ങളിൽ പ്രത്യാശയിൽ വളരുവാനും എന്നെ കാണുന്ന മറ്റുള്ളവർക്കു ക്രിസ്തീയപ്രത്യാശയും സ്നേഹവും പകരുവാനും എനിക്കു വേണ്ടി പ്രാർഥിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.