നോമ്പ് വിചിന്തനങ്ങൾ 15: നാലാം സ്ഥലം – ഈശോ വഴിയിൽവെച്ച് തൻ്റെ മാതാവിനെ കാണുന്നു

നിണവഴികളില്‍ കാത്തുനില്‍ക്കുന്നവള്‍

പീലാത്തോസിന്റെ അരമനക്കോടതിയില്‍ നിന്ന് ആ കുരിശുയാത്ര നീങ്ങിത്തുടങ്ങിയിട്ട് അധികനേരമായിട്ടില്ല. ചോര വാര്‍ന്നൊഴുകുന്ന ശരീരത്തില്‍ ചുവപ്പു വസ്ത്രം ധരിപ്പിച്ച്, ശിരസില്‍ മുള്‍മുടിയണിയിച്ച്, ബറാബ്ബാസെന്ന കൊടും കുറ്റവാളിക്കു പകരക്കാരനെന്നവണ്ണം, ഭാരമേറിയ കുരിശും ചുമപ്പിച്ച്, ക്രൂശില്‍ തറച്ചു കൊല്ലുവാന്‍ യേശുവെന്ന നിരപരാധിയായ ചെറുപ്പക്കാരനെ അവര്‍ കൊണ്ടുപോകുമ്പോള്‍ അവനു മുപ്പത്തിമൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ.

നഗരവീഥികള്‍ പിന്നിട്ട് ഗാഗുല്‍ത്താ മലയുടെ ചെങ്കുത്തായ ചരിവുകള്‍ ആരംഭിച്ചിടത്താണ് കാലിടറി അവന്‍ ആദ്യമായി നിലംപതിച്ചത്. ചാട്ടവാറുകള്‍ ആഞ്ഞു പതിക്കുന്നതിനിടയില്‍ കുരിശുമായി പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, ചുറ്റുമുയര്‍ന്നുകൊണ്ടിരുന്ന ആരവങ്ങള്‍ക്കിടയിലൂടെ ആ തേങ്ങല്‍ അവന്റെ കാതില്‍ വന്നലച്ചത്. റോമന്‍ പടയാളികളുടെ ആക്രോശങ്ങള്‍ക്കിടയില്‍ നേര്‍ത്തു പോകാനനുവദിക്കാതെ ആ നിലവിളി അവന്‍ ഹൃദയത്തില്‍ സ്വീകരിച്ചു. മണ്ണില്‍ വീണു ചിതറും മുമ്പ്, ആകാശത്തിന്റെ അനന്തതയില്‍ ലയിച്ച് ആരുമറിയാതെ അവസാനിക്കും മുമ്പ് ആ നിലവിളി അവനേറ്റെടുക്കേണ്ടതുണ്ട്. കാരണം ആ തേങ്ങലുതിര്‍ന്നത് അവന്റെ അമ്മയുടെ ഹൃദയത്തില്‍ നിന്നായിരുന്നു. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കു’ മെന്ന് ശിമയോന്‍ ആരെക്കുറിച്ച് പ്രവചിച്ചുവോ, അവളായിരുന്നു അത്- മറിയം! ഹന്നയുടേയും യൊവാക്കീമിന്റേയും മകള്‍! ദൈവപുത്രന്റെ അമ്മയാകാന്‍ ദൈവം പ്രതേ്യകമായി തെരഞ്ഞെടുത്തവള്‍!

രക്തമിറ്റിറ്റു വീഴുന്ന മുടിയിഴകള്‍ കൊണ്ടു മറഞ്ഞ കണ്‍പീലികള്‍ വേദനയോടെ തുറന്ന്, ചുവന്നു കലങ്ങിയ മിഴികളാല്‍ അവനാ മുഖം കണ്ടു. റോമന്‍ പട്ടാളക്കാരുടെ ഉയര്‍ന്നു താഴുന്ന ചാട്ടവാറിന്റെ ചലനങ്ങള്‍ക്കിടയിലൂടെ തന്നെ തേടി വരുന്ന മിഴികള്‍! തലങ്ങും വിലങ്ങും ഓടിനടന്ന്, പുച്ഛത്തോടെ ആക്രോശങ്ങളുതിര്‍ക്കുന്ന, ധാര്‍ഷ്ട്യം നിറഞ്ഞ യഹൂദന്മാര്‍ക്കിടയിലൂടെ തന്റെ നേര്‍ക്കു നീണ്ടു വരുന്ന നൊമ്പരം കിനിഞ്ഞിറങ്ങുന്ന രണ്ടുമിഴികള്‍! ഒരു മാത്രനേരമേ നീണ്ടുള്ളൂ എങ്കിലും ഹൃദയഭേദകമായ ആ കൂടിക്കാഴ്ചയില്‍ വാക്കിന്റെ പരിമിതികളില്ലാതെ ഒരായിരം കാര്യങ്ങള്‍ ആ മിഴികള്‍ പരസ്പരം പറഞ്ഞു.

‘എല്ലാം പൂര്‍ത്തിയാക്കാന്‍ സമയമായിരിക്കുന്ന ഈ അവസാന മണിക്കൂറില്‍ അമ്മ എന്തിനാണെന്നെ തേടി വന്നത്? എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ജറുസലേം ദൈവാലയത്തില്‍ പെരുനാളിന് എന്നെ കാണാതെ പോയത് അമ്മയോര്‍ക്കുന്നില്ലേ? ഒടുവില്‍ മൂന്നു ദിനരാത്രങ്ങള്‍ കഴിഞ്ഞ് അതേ ദൈവാലയത്തിനുള്ളില്‍ എന്നെ കണ്ടെത്തിയപ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യം അമ്മയ്‌ക്കോര്‍മ്മയില്ലേ? ‘നിങ്ങളെന്തിനാണ് എന്നെ അനേ്വഷിച്ചത്? ഞാനെന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ?’ അതു തന്നെ ഞാന്‍ വീണ്ടും പറയുന്നു. ഞാനെന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാണ്. ഈ വേദന അതെന്റെ മാത്രം അവകാശമാണ്. അമ്മ വിഷമിക്കരുത്. തലമുറകള്‍ അമ്മയെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. അമ്മ സമാധാനത്തോടെ മടങ്ങിപ്പൊയ്‌ക്കൊള്ളുക?”

”ഇല്ല മകനേ! നിന്നെ കാണുമ്പോള്‍ കണ്ണില്‍ നനവു പടരുന്നുണ്ടെങ്കിലും ഉള്ളു പൊടിയുന്നുണ്ടെങ്കിലും നിന്നെ തനിച്ചാക്കി മടങ്ങാന്‍ ഈ അമ്മ സഹനങ്ങളെ ഭയക്കുന്ന ഒരു ഭീരുവല്ല. ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് സ്വര്‍ഗ്ഗത്തോട് ഞാന്‍ മറുപടി നല്‍കിയത് എല്ലാമറിഞ്ഞുകൊണ്ടു തന്നെയാണ്. നിനക്കറിയാമോ, ഈ കല്‍വഴി യാത്ര ആരംഭിച്ചത് പീലാത്തോസിന്റെ അങ്കണത്തില്‍ നിന്നല്ല, എന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്. എന്റെ ഉദരത്തില്‍ നീയുരുവായ നാളില്‍ത്തന്നെ നിനക്കു വേണ്ടി നിന്റെ പിതാവും ഞാനും ആരംഭിച്ചതാണ് ഈ കുരിശുയാത്ര!” മടങ്ങിപ്പോകാനല്ല, വഴിയില്‍ വീണു പോകാതെ, സ്വര്‍ഗ്ഗസ്ഥ പിതാവിന്റെ ഇഷ്ടം പൂര്‍ത്തിയാക്കാന്‍ നിനക്കു കൂട്ടുവരാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്”.

മനസ്സുകൊണ്ടു മറിയം പറഞ്ഞ വാക്കുകള്‍ക്കുവേണ്ടി കാത്തു നില്‍ക്കാതെ, പൊടിപടലങ്ങളുയര്‍ത്തി, കല്‍വഴികളിലൂടെ ആ യാത്ര മുന്നോട്ടു പോയി; മറിയത്തിന്റെ ഓര്‍മ്മകളാവട്ടെ മുപ്പതു സംവല്‍സരങ്ങള്‍ പിന്നിലേക്കും.

പുലരാന്‍ തുടങ്ങുന്ന ആ രാത്രിയില്‍ ബേത്‌ലഹേമിന്റെ വീഥികളില്‍ അപ്പോഴും മഞ്ഞും തണുപ്പും പെയ്യുന്നുണ്ടായിരുന്നു. പാതിരാവിന്റെ വിജനതയില്‍ തളര്‍ന്നുലഞ്ഞ്, അടഞ്ഞുകിടന്ന സത്ര വാതിലുകള്‍ക്കു മുന്നില്‍ വിവശയായി നിന്നിട്ടൊടുവില്‍, ഒരു കാലിത്തൊഴുത്തിന്റെ ഇത്തിരിയിടങ്ങളിലേക്ക് തന്റെ മകനെ പിറക്കാനനുവദിക്കുമ്പോള്‍ അതവന്റെ കുരിശിന്റെ ഒന്നാം സ്ഥലമായിരുന്നുവെന്ന് അവള്‍ക്കറിയാമായിരുന്നോ? കീറ്റുശീലകളില്‍ പൊതിഞ്ഞെടുത്ത തന്റെ ചോരക്കുഞ്ഞിനേയും മാറോടു ചേര്‍ത്തുപിടിച്ച്, അരണ്ട നിലാവെളിച്ചത്തില്‍, ആരുമറിയാതെ ബേത്‌ലഹേം  പട്ടണാതിര്‍ത്തി പിന്നിട്ട് ഈജിപ്തിന്റെ മണലാരണ്യത്തിലേക്കു കാല്‍ തൊടുമ്പോള്‍, അത്, യേശുവെന്ന് ദൈവം പേരിട്ട തന്റെ ഏക മകന്റെ കുരിശു യാത്രയും ഭാഗമായിരുന്നുവെന്ന് മറിയാമെന്ന പെണ്‍കുട്ടി എപ്പോഴെങ്കിലും കരുതിയിട്ടുണ്ടാവുമോ?

പട്ടണവഴികളവസാനിച്ച് മരുഭൂമിയുടെ വന്യതകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവള്‍ വല്ലാതെ ഭയന്നിരുന്നു. സഞ്ചരിച്ചിരുന്ന കഴുതയുടെ കുളമ്പുകള്‍ക്കിടയില്‍ മണല്‍ത്തരികള്‍ ഞെരിഞ്ഞമരുന്ന ശബ്ദം പോലും അവളെ വല്ലാതെ ഭയപ്പെടുത്തി. വാളൂരിപ്പിടിച്ച് ഹേറോദേസിന്റെ ഒരായിരം പടയാളികള്‍ തന്റെ മകനെ കൊല്ലാന്‍ പിന്നാലെ അലറിയടുക്കുന്നതു പോല അവള്‍ക്കു തോന്നി. എങ്കിലും കാവലിന് ദൈവം ഭരമേല്‍പ്പിച്ച യൗസേപ്പെന്ന നിശബ്ദനായ നീതിമാന്റെ പിന്നാലെ അവള്‍ അനുസരണയോടെ സഞ്ചരിച്ചു.

പിന്നീടെത്ര യാത്രകള്‍! ഈജിപ്തില്‍ നിന്നു നസ്രത്തിലേക്ക്. പിന്നെ മകന്റെ പിന്നാലെ അവന്റെ പരസ്യ ജീവിതത്തില്‍ നിഴല്‍ പോലെ. മുപ്പതാം വയസ്സില്‍ അവന്‍ വീടു വിട്ടിറങ്ങിയപ്പോഴും നസ്രത്തിലെ സിനഗോഗില്‍ അവന്‍ പരിഹസിക്കപ്പെട്ടപ്പോഴും അവനെ കല്ലെറിയണമെന്നാഗ്രഹിച്ച് ആളുകള്‍ തക്കം പാര്‍ത്തിരുന്നപ്പോഴും അവനെ കൊല്ലാന്‍ ഉപജാപങ്ങള്‍ നടന്നപ്പോഴുമൊന്നും ഒരു നോക്കു കൊണ്ടുപോലും മറിയം അവനെ തടഞ്ഞില്ല. തന്റെ കുരിശുയാത്രയ്ക്ക് തന്റെ മകന്‍ നന്നായി ഒരുങ്ങട്ടേ! അതായിരുന്നു മറിയത്തിന്റെ മനസ്സ്. ദൈവഹിതം നിറവേറണമെന്ന് ഒരായുഷ്‌കാലം മുഴുവന്‍ ആഗ്രഹിച്ച്, ആയുസ്സ് മുഴുവന്‍ കൊടുത്തവള്‍ക്കൊപ്പം മനസ്സു കൊണ്ടെങ്കിലും കാല്‍വരിയോളം സഞ്ചരിക്കാന്‍ കഴിയുന്നത് എത്ര ഭാഗ്യമാണ്! ഈ സഹന യാത്രയില്‍ മറിയത്തിന്റെ മനസ്സോടെ ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’.

പ്രാര്‍ത്ഥന

ഞങ്ങള്‍ക്കു വേണ്ടി കുരിശുമരണം ചുമന്നവനായ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി അങ്ങു സഹിച്ച വേദനകളോര്‍ക്കുമ്പോള്‍ ഞങ്ങളുടെ പാപം എത്ര കഠിനമായിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കുരിശു യാത്രയ്ക്കിടയില്‍ അമ്മയെ കണ്ടപ്പോള്‍ അങ്ങ് അനുഭവിച്ച വേദന ആര്‍ക്കു വര്‍ണ്ണിക്കാനാവും. അങ്ങയും അങ്ങയുടെ മാതാവും സഹിച്ച വേദനകളോര്‍ത്ത് ഇനിമേല്‍ പാപം ചെയ്യാതെ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഇനിയും പാപം ചെയ്ത് അങ്ങയുടെ കുരുശിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാവാതെ പിശാചിന്റെ എല്ലാ കെണികളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. അങ്ങയുടെ രക്ഷാകരമായ കുരിശ് ഞങ്ങള്‍ക്ക് രക്ഷയുടെ അടയാളവും ജീവന്റെ മാര്‍ഗ്ഗവുമായിരിക്കട്ടെ. ആമ്മേന്‍.

ഫാ. ഷീന്‍ പാലക്കുഴി