50 നോമ്പ് ധ്യാനം 38: കല്ലറ – അവസാനിക്കാത്ത ഓര്‍മ്മകളുടെ തിരുശേഷിപ്പ്

മരണത്തെ നിദ്ര എന്നാണ് ക്രിസ്തു വിളിച്ചത്. അതുകൊണ്ടു തന്നെ ആരും ഇതുവരെയും കിടക്കാത്ത തോട്ടത്തിലെ ആ കല്ലറ അവന് ഉറക്കശയ്യയായി. ആകാശം പറവകളും മാളങ്ങള്‍ കുറുനരികളും സ്വന്തമാക്കിയപ്പോള്‍ അവന് തലചായ്ക്കാനൊരിടം ആരോ കരുതിവച്ചതു പോലെ.

ആര്‍ത്തികള്‍ കവര്‍ന്നെടുക്കാത്ത ഒരിടം സൃഷ്ടാവ് എല്ലാവര്‍ക്കുമായി വീതിച്ചിടുന്നുണ്ട്. ഓരോ ബലിയിലും അവന്റെ മരണവും ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും പിന്നെ കബറടക്കവും അനുസ്മരിക്കുന്നു. ക്രിസ്തുവിന്റെ ആ കബറും കബറടക്കവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. അത് നമ്മുടെ കബറിടങ്ങളെക്കുറിച്ചു തന്നെ.

അവസാനിക്കാത്ത ഓര്‍മ്മകളുടെ തിരുശേഷിപ്പാണ് ഓരോ കബറിടവും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭൂമിയെന്ന മണ്‍പാത്രത്തിലേക്കുള്ള കൂടുമാറ്റമാണ് ജീവിതമെന്ന് ആരോ പാടുന്നുണ്ട്. ഓര്‍മ്മകള്‍ക്കു മുമ്പില്‍ കരം കൂപ്പിപ്പിടിച്ച് ഒരു മെഴുകുതിരി തുണ്ടിന്റെ വെളിച്ചത്തില്‍ നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുമ്പോള്‍ ഓരോ കബറിടത്തില്‍ നിന്നും അവരുടെ ജീവിതത്തിന്റെ ഗന്ധം നമ്മെ പൊതിയുന്നു. പറയാതെപോയ വാക്കുകള്‍ കാതില്‍ പറഞ്ഞതും പാടാതെപോയ ഈണങ്ങളും കുറെ സ്വപ്നങ്ങളും പരിഭവങ്ങളും കരുതലും കാവലും ഒക്കെ ചേര്‍ത്ത് നാം അനുഭവിച്ച ആ ജീവിതത്തിന്റെ ഋതുഭേദങ്ങളാണ് നമ്മെ പൊതിയുന്നത് (ചലച്ചിത്രങ്ങളില്‍ മൃതസംസ്‌ക്കാര വേളകളെ ചിത്രീകരിക്കുന്ന രംഗങ്ങളില്‍ തോരാമഴയത്ത് കുട ചൂടിനില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ആ സുഗന്ധത്തെ നല്ലവണ്ണം ഫോക്കസ് ചെയ്യുന്നുണ്ട്). അടക്കം ചെയ്യപ്പെട്ടത് വെറും ശരീരമാണെങ്കിലും ദൈവത്തിന്റെ നിശ്വാസത്തെയും എന്റെ ഹൃദയമിടിപ്പുകളെയും നെഞ്ചിലേറ്റിയ ഒരാളാണ് ഇവിടെ അന്തിയുറങ്ങുന്നതെന്ന സത്യമാണ് ആ കബറിടത്തെ എന്നിലേക്ക് അടുപ്പിക്കുന്നത്. ശൂന്യമായ കല്ലറയ്ക്ക് വെളിയിലിരുന്ന് മഗ്ദലേന പൊട്ടിക്കരയുന്നത് എന്തിനാണ് എന്നെനിക്ക് ഇപ്പോള്‍ നന്നായി അറിയാം. അത്രമേല്‍ അവളെ സ്‌നേഹിച്ചിരുന്ന ഒരാളെ ആരോ മോഷ്ടിച്ചുകൊണ്ടുപോയിരിക്കുന്നു. ജീവിതത്തിന്റെ അനിവാര്യമായ അന്ത്യമാണ് കബറിടം.

താളില്‍ ചുംബിച്ചുകൊണ്ടും താണുവീണ് നമസ്‌ക്കരിച്ചുകൊണ്ടും വായിച്ചുതീര്‍ക്കേണ്ട ചില അധ്യായങ്ങള്‍ വേദഗ്രന്ഥത്തിലുണ്ട്. അതിലൊന്നാണ് ഉല്‍പ്പത്തി പുസ്തകത്തിലെ ഒന്നും രണ്ടും അധ്യായങ്ങള്‍. പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും മനുഷ്യസൃഷ്ടിയെക്കുറിച്ചുമുള്ള ഭാഗങ്ങളാണവ. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി എന്നാണ് വചനം സാക്ഷിക്കുന്നത്. ഹീബ്രു ഭാഷാപ്രയോഗത്തില്‍ ‘അതമാ’യില്‍ (മണ്ണില്‍) നിന്ന് ‘ആദാമി’ന് (മനുഷ്യന്) രൂപം കൊടുത്തു.

മണ്ണില്‍ നിന്ന് രൂപം കൊണ്ടത് ഒടുവില്‍ കല്ലറയിലേക്ക് പോകുക തന്നെ വേണം. ആത്മാവ് കൊണ്ട് നിര്‍മ്മിക്കപ്പട്ടത് ആത്മാവിലേക്കും മാംസം കൊണ്ട് മെനയപ്പെട്ടത് മണ്ണിലേക്കും. ക്രിസ്തുവിന്റെ കബറടക്കം അവന്റെ മനുഷ്യത്വത്തേയും അവന്റെ ഉത്ഥാനം അവന്റെ ദൈവീകതയേയും പ്രഘോഷിക്കുന്നു. ‘ഒരാള്‍ക്ക് എത്രയടി മണ്ണു വേണം?’ എന്ന ടോള്‍സ്റ്റോയ് കഥയിലെ നായകന്‍ ഒടുവില്‍ നേടിയത് ആറടി മണ്ണുമാത്രം. ഉദയത്തില്‍ ആരംഭിച്ച് അസ്തമയത്തിനു മുമ്പേ പൂര്‍ത്തിയാകുന്ന ദൂരപരിധിയിലെ ഭൂമിയാണ് അവന് വാഗ്ദാനം ചെയ്യപ്പെട്ടത്. ഓടിക്കിതച്ച് വലിയ ഒരു പരിവൃത്തം പൂര്‍ത്തീകരിച്ചപ്പോഴേക്കും അവന്റെ ആയുസ്സിന്റെ പരിധി നിശ്ചയിക്കപ്പെട്ടിരുന്നു. ആറടിമണ്ണിന്റെ ജന്മിയായി അയാള്‍ കഥാന്ത്യത്തില്‍ മരണം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നു. നിര്‍ത്താതെയുള്ള ജീവിതത്തിന്റെ ഓട്ടം ഒടുവില്‍ അവസാനിക്കുന്ന ദൂരപരിധി കണ്‍തുറന്ന് കാണുന്നത് നല്ലതാണ്.

മരണമെത്തുന്ന നേരത്ത്…
പ്രണയമേ നിന്നിലേക്കു നടന്നെത്തൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഉടല്‍ മൂടിയ മണ്ണില്‍ നി-
ന്നിവനു പുല്‍ക്കൊടിയായുര്‍ത്തേല്‍ക്കുവാന്‍

കവി റഫീക്ക് അഹമ്മദിന്റെ വരികള്‍ വെളിപാട് ഗാനം പോലെ എന്റെ ശവമഞ്ചത്തെ അനുധാവനം ചെയ്യുന്നുണ്ട്.

ഒടുവില്‍ കല്ലറ ശൂന്യമാണ്; കാരണം ക്രിസ്തു കല്ലറ തുറന്നവനാണ്. ഉത്ഥാനത്തിന് മുമ്പ് കബറടക്കം അവന്റെ ഓര്‍മ്മകളെ അനശ്വരമാക്കുന്നു.

ഫാ. ഡൊമിനിക് ഒ.ഐ.സി.