50 നോമ്പ് ധ്യാനം 33: കല്ലുകള്‍ – രക്ഷാകര ചരിത്രവീഥിയിലെ നാഴികക്കല്ല്

“തൃപ്പാദം കല്ലിന്മേല്‍ തട്ടി മുറിഞ്ഞു… ചെന്നിണം വാര്‍ന്നൊഴുകി…” എന്ന് കുരിശിന്റെ വഴിയില്‍ നാം പാടാറുണ്ട്.

മാനവരക്ഷയ്ക്കായി കാല്‍വരിയില്‍ ജീവാര്‍പ്പണം ചെയ്ത ഈശോയുടെ കാല്‍വരിയാത്രയിലെ വേദനാജനകമായ ഒരു സംഭവത്തെയാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. രക്ഷയുടെ – നന്മയുടെ പാതയില്‍ തടസ്സമായി നില്‍ക്കുന്ന കല്ല്. രക്തച്ചൊരിച്ചിലിന് കാരണമാകുന്ന കല്ല്. ഈശോയുടെ പീഡാസഹനങ്ങളെ കൂടുതല്‍ തീവ്രമാക്കുന്ന കല്ല്. കാല് കല്ലില്‍ തട്ടുമ്പോഴുണ്ടാകുന്ന വേദനയിലൂടെ കടന്നുപോയിട്ടുള്ളവരാണ് നമ്മളില്‍ മിക്കവരും. ഇത്തരം വേദനയിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ കരയും, ചിലര്‍ ദൈവത്തെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്യും. ചിലരാകട്ടെ നിശബ്ദം സഹിക്കും.

ഈശോയാകട്ടെ, തന്റെ യാതനാകരമായ ഇത്തരം അനുഭവങ്ങളെപ്പോലും നമ്മുടെ രക്ഷയ്ക്കുള്ള ഉപാധിയാക്കി മാറ്റുന്നു. നമ്മുടെ ജീവിതത്തിലും കല്ലുകളെപ്പോലുള്ളവരെ നാം കണ്ടിട്ടുണ്ടാവാം. നന്മയുടെ പാതയില്‍ മുന്നേറുമ്പോള്‍ മുന്നില്‍ തടസ്സമായി കല്ലുപോലെ നില്‍ക്കുന്നവര്‍; സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരു സമൂഹത്തിനു തന്നെ ലഭിക്കാവുന്ന നന്മയെ നഷ്ടപ്പെടുത്തിക്കളയുന്നവര്‍; എല്ലാം വെട്ടിപ്പിടിക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ അപരനെക്കുറിച്ച് ചിന്തിക്കാനോ അവന്റെ നന്മ ആഗ്രഹിക്കാനോ കഴിയാതെ പോകുന്നവര്‍. അങ്ങനെ നിരവധി ആളുകളെ നമുക്ക് പരിചയമുണ്ടാകും. ജീവകാരുണ്യത്തെയും സാമൂഹികപ്രവര്‍ത്തനങ്ങളെപ്പോലും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗമായിട്ടാണ് ഇക്കൂട്ടര്‍ കാണുന്നത്.

ചിലപ്പോഴൊക്കെ അപരന്റെ കഷ്ടതകള്‍ക്കും വേദനകള്‍ക്കും മുന്നില്‍ നാമും കല്ലുപോലെ നില്‍ക്കാറുണ്ട്. പൊഴിച്ചിടുന്ന ഇലകളുടെ അമ്ലത കൊണ്ട് മറ്റൊരു സസ്യത്തെയും തന്റെ ചുവട്ടില്‍ വളരാന്‍ അനുവദിക്കാത്ത വാളന്‍പുളിയെപ്പോലെ സ്വാര്‍ത്ഥമതികളാണ് നമ്മില്‍ പലരും. ആരെയും വളര്‍ത്താത്ത, ആരെയും വളരാന്‍ അനുവദിക്കാത്ത വ്യക്തികള്‍. ഇക്കൂട്ടരെപ്പറ്റിയാണ് നാം പറയുന്നത്: ”എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്… കരിങ്കല്ലാണ് നെഞ്ചിലെന്ന്…” ഈ പാട്ട് പഴയ ഒരു സിനിമയിലേതാണെങ്കിലും അതില്‍ പറയുന്നത് ഇപ്പോഴും സംഭവിക്കുന്ന കാര്യമാണ്.

മരുഭൂമിയിലെ പരീക്ഷണവേളയിലും ഈശോയും കല്ലും തമ്മില്‍ കാണുന്നുണ്ട്. കല്ലുകളെ അപ്പമാക്കുവാനാണ് സാത്താന്‍ ഈശോയോട് ആവശ്യപ്പെട്ടത്. ശരിയാണ്, കല്ലുകള്‍ തന്നെയാണ് അപ്പമാകേണ്ടത്. പക്ഷേ, അതിന്റെ പിന്നില്‍ വലിയ ഒരു പ്രക്രിയ തന്നെയുണ്ട്. അദ്ധ്വാനത്തിന്റെയും കരുതലിന്റെയും കഷ്ടപ്പാടിന്റെയും പ്രക്രിയ. നാം നിലത്തു വിതയ്ക്കുന്ന നെല്‍വിത്തുകള്‍ അഴുകണം. അതില്‍ നിന്നും പുതിയ നാമ്പുകള്‍ മുളയെടുക്കണം. പാകമാകുന്ന നെല്‍ക്കതിരുകള്‍ അനുകൂലമായ സാഹചര്യവും കാലാവസ്ഥയും ലഭിക്കുമ്പോള്‍ മണ്ണില്‍ നിന്നും ജീവകങ്ങള്‍ സ്വാംശീകരിച്ചെടുത്ത് നെല്‍മണികളാക്കി അവയെ മാറ്റുന്നു. മനുഷ്യന്‍ ഈ നെല്‍മണികള്‍ കൊയ്‌തെടുത്ത് അപ്പമാക്കുന്നു. ഈ പ്രക്രിയ മുഴുവന്‍ അവഗണിച്ചുകൊണ്ട് എളുപ്പത്തില്‍ ക്രിയ ചെയ്യാനാണ് പിശാച് ഈശോയോട് ആവശ്യപ്പെടുന്നത്. ഈശോ കല്ലിന്റെ പ്രലോഭനത്തെ വിജയകരമായി അതിജീവിച്ചതുപോലെ നാമും അദ്ധ്വാനമുപേക്ഷിക്കാനുള്ള – കൈ നനയാതെ മീന്‍ പിടിക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കണം.

കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചുവരുന്ന ഐതിഹ്യകഥാപാത്രങ്ങളില്‍ പ്രധാനിയാണ് നാറാണത്ത് ഭ്രാന്തന്‍. മലമുകളിലേക്ക് കല്ലുരുട്ടി കയറ്റുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. കല്ലുരുട്ടി കയറ്റുന്ന ഭ്രാന്തന്റെ മുമ്പില്‍ നിന്നും ആളുകള്‍ ജീവനും കൊണ്ട് ഓടിയകന്നിരുന്നു. പക്ഷേ, ഭ്രാന്തന്‍ നടന്ന വഴികളില്‍ ആരും കല്ലില്‍ തട്ടി വീണിരുന്നില്ല. കാരണം, മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരുന്ന എല്ലാ കല്ലുകളെയും നാറാണത്തു ഭ്രാന്തന്‍ ഒഴിവാക്കിയിരുന്നു.

ദൈവത്തിലേക്കുള്ള യാത്രയില്‍ – അപരനിലേക്കുള്ള യാത്രയില്‍ നമ്മുടെ മുന്നിലും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന കല്ലുകളുണ്ടാകാം. അവ വ്യക്തികളാകാം, വസ്തുക്കളാകാം, നമ്മുടെ മനോഭാവങ്ങളാകാം, ബലഹീനതകളാകാം. എന്തുമാകട്ടെ, ദൈവദര്‍ശനത്തില്‍ നിന്നും എന്റെ കാഴ്ചയെ മറയ്ക്കുന്ന ആ കല്ലിനെ നമുക്ക് പിഴുതെറിയാം.

ഓരോരുത്തരും കല്ല് ഉപയോഗിക്കുന്നത് ഓരോ വിധത്തിലാണ്. ചിലര്‍ കല്ലുകള്‍കൊണ്ട് മഹാസൗധങ്ങള്‍ തീര്‍ക്കുന്നു. ചിലരാകട്ടെ കല്ലില്‍ നിന്നും സുന്ദരശില്പങ്ങള്‍ കൊത്തുന്നു. മറ്റുചിലര്‍ കല്ലുകള്‍ കൊണ്ട് മതിലുകള്‍ തീര്‍ക്കുന്നു. അപരനെ കല്ലുകൊണ്ടെറിയുന്നവരുമുണ്ട് നമ്മുടെയിടയില്‍. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച കല്ലിനെപ്പോലും രക്ഷാകരചരിത്രവീഥിയിലെ നാഴികക്കല്ലാക്കി മാറ്റിയ ഈശോയാകട്ടെ നമ്മുടെ മാതൃക.

ഡോ. ജോസഫ് പാറയ്ക്കല്‍