50 നോമ്പ് ധ്യാനം 42: ഓശാന – ദാഹപൂര്‍ണ്ണമായ വിളി

‘ഓശാന’ അതൊരു ജനസമൂഹത്തിന്റെ ആരവമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അരങ്ങേറിയ ഒരു ഘോഷയാത്രയുടെ ആരവം. അവിടെ ആര്‍പ്പുവിളിയും വിജയാഹ്ലാദവുംവും നിറഞ്ഞുനിന്നു. ജനക്കൂട്ടം രണ്ട് വിധത്തില്‍ പ്രതികരിച്ചു; ചിലര്‍ പ്രവൃത്തി വഴി – വഴിയില്‍ വസ്ത്രം വിരിച്ചും ഒലിവിന്റെ ശാഖകള്‍ വീശിയും ആദരവോടും ആഹ്ലാദത്തോടും കൂടി യേശുവിനെ സ്വീകരിച്ചു. രണ്ടാം കൂട്ടര്‍ ജയ്‌വിളിയുടെ അകമ്പടിയോടെ പാടി; ‘ഓശാന, ദാവീദിന്‍ പുത്രന് ഓശാന.’

രണ്ടാം കൂട്ടരുടെ സ്വീകരണം ആഴവും അര്‍ത്ഥപൂര്‍ണ്ണവുമായിരുന്നു. കാരണം, കാലം കാത്തിരുന്നത് ദാവീദിന്റെ സുതനു വേണ്ടിയായിരുന്നു. അതിനാല്‍ അവരുടെ ഓശാനവിളി വിമോചനത്തിന്റെ വിളിയായിരുന്നു. ‘ഓശാന’ ഒരു നിലവിളിയാണ്. ക്ലേശങ്ങളുടെ നടുവിലൂടെ കടന്നുപോവുകയായിരുന്ന ഇസ്രായേല്‍ ജനത ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. അങ്ങനെ കഷ്ടതയിലായിരുന്ന ജനം രക്ഷകനായ രാജാവിന്റെയോ ദൈവത്തിന്റെയോ സന്നിധിയില്‍ ഉയര്‍ത്തുന്ന നിലവിളിയായിരുന്നു ‘ഓശാന.’ ഓശാന എന്ന ഹീബ്രുപദത്തിന്റെ അര്‍ത്ഥം തന്നെ ‘രക്ഷിക്കുക’ എന്നാണ്. അതും ‘ഇപ്പോള്‍ രക്ഷിച്ചാലും’ എന്ന്. ഈ അര്‍ത്ഥത്തില്‍ ഓശാനാ വിളി ദാഹപൂര്‍ണ്ണമായ ഒരു വിളി കൂടിയാണ്.

ആര്‍പ്പു വിളിച്ചവര്‍ ഓശാന, രാഷ്ട്രീയവിപ്ലവത്തിന്റെ പെരുമ്പറയെന്നു കരുതി. എന്നാല്‍, കഴുതപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന ക്രിസ്തുവിന് അത് ആത്മീയതയുടെ വിപ്ലവമുണ്ടാക്കുന്ന, ഭാവിയില്‍ നടക്കേണ്ട മനംമാറ്റത്തിന്റെ ശംഖുനാദമായിരുന്നു. ജനക്കൂട്ടം അതിനാല്‍ ക്രിസ്തുവില്‍ ഒരു പുതിയ രാജാവിന്റെ ഉദയം കണ്ടു. ക്രിസ്തുവാകട്ടെ, ബാഹ്യമായ രാഷ്ട്രീയവിമോചനമല്ല ആന്തരീക മോചനമാണ് കണ്ടത്. അങ്ങനെയങ്കില്‍ അതിനുള്ള ആദ്യമാതൃകയായി ക്രിസ്തു തന്നെ മാറുകയായിരുന്നു.

പൗരസ്ത്യ പാരമ്പര്യമനുസരിച്ച് കഴുതപ്പുറത്തു വരുന്ന രാജാവ് സമാധാനം പ്രഖ്യാപിച്ച് വരുന്ന രാജാവാണ്. കുതിരപ്പുറത്ത് വരുന്ന രാജാവാണ് യുദ്ധം പ്രഖ്യാപിച്ച്, വെട്ടിപ്പിടിക്കാനും, പടവെട്ടാനും കീഴടക്കാനും വേണ്ടി വരുന്നത്. അതിനാല്‍ ഈ രാജാവ് യുദ്ധനായകനല്ല, സമാധാന നാഥനാണ്. ഓശാന പാടിയുള്ള ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം ശാന്തിദൂത് നല്‍കിയുള്ള, സമൃദ്ധിയും സുരക്ഷിതത്വവും പ്രഘോഷിച്ചുകൊണ്ടുള്ള യാത്രയാണ്.

കഴുത വിനയത്തിന്റെയും ഭാരം വഹിക്കുന്നതിന്റെയും പ്രതീകമാണ്. ഇത് താമസിയാതെ ഓശാന പാടുന്ന അധരങ്ങള്‍ ദുഃഖവെള്ളിയാഴ്ച ”ഇവനെ ക്രൂശിക്കുക, ഇവനെ ക്രൂശിക്കുക” എന്ന സ്വരം മാറ്റിയുള്ള ആര്‍പ്പുവിളിയെയും സൂചിപ്പിക്കുന്നു. പാശ്ചാത്യപാരമ്പര്യമനുസരിച്ചു, കഴുത നിന്ദയുടേയും അപമാനത്തിന്റെയും പ്രതീകമാണ്. ക്രിസ്തു സ്വീകരിക്കാന്‍ പോകുന്ന കുരിശിന്റെ ഭാരത്തിന്റെയും കാല്‍വരി യാത്രയില്‍ ലഭിക്കാന്‍ പോകുന്ന നിന്ദാപമാനങ്ങളുടെയും പ്രതീകം കൂടെയാണ് ‘ഓശാന’ സ്വീകരിക്കുമ്പോഴും കഴുതയെ തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്ന ക്രിസ്തുവിന്റെ മാനസികാവസ്ഥ.

മൂന്ന് തരത്തിലുള്ള ആളുകളെ നാം ഓശാന തെരുവില്‍ കണ്ടുമുട്ടുന്നു. അവന്റെ ശിഷ്യന്മാര്‍, ഓശാനാരവം ഉയര്‍ത്തുന്ന തീര്‍ത്ഥാടകരും സ്ത്രീജനങ്ങളും, ”ആരാണിവന്‍” എന്ന് ചോദിക്കുന്ന ജറുസലേം നിവാസികളും നിയമജ്ഞരും (മത്താ. 21″11). അവനെ സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും അവിടെയുണ്ടായിരുന്നു. എങ്കിലും അവന്‍ രക്ഷകനാണെന്ന് ജനം അറിയേണ്ടത് ആവശ്യമായിരുന്നു. അതിനാല്‍ അവന്‍ പറഞ്ഞു; ”ഇവര്‍ ഓശാന പാടിയില്ലെങ്കില്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു” (ലൂക്കാ 19:40).

വിശ്വകവി റോബര്‍ട്ട് ബ്രൗണിംഗിന്റെ ‘മനുഷ്യസ്‌നേഹി’ എന്ന ഒരു കവിതയുണ്ട്. അതില്‍, യുദ്ധം കഴിഞ്ഞു മടക്കയാത്ര നടത്തുന്ന പടനായകന് നല്‍കുന്ന സ്വീകരണത്തെപ്പറ്റി ഒരു വിവരണമുണ്ട്. നാടെങ്ങും ഉത്സവപ്രതീതിയായിരുന്നു: നിരത്തുകളില്‍ സ്വീകരിക്കാനാളുകള്‍, പൂ വിതറിയും വിജയഗാഥപാടിയും പടനായകനു ആര്‍പ്പുവിളിക്കുന്ന ജനസമൂഹം. ആ ദിനത്തെക്കുറിച്ചോര്‍ത്ത് നായകന്‍ പറയുകയാണ്; ”ആകാശത്തില്‍ ഒളിതൂകി നില്‍ക്കുന്ന സൂര്യനെ വേണമെന്ന് ആവശ്യപ്പെട്ടാലും ആ ജനക്കൂട്ടം അത് എനിക്ക് സാധിച്ചു തരുമായിരുന്നു.” വര്‍ഷങ്ങള്‍ക്കു ശേഷം പടനായകന്‍ അവിടെ നിന്ന് പിന്‍വാങ്ങുന്നു. വിജയവീഥിയിലൂടെ, ആര്‍ഭാടങ്ങളില്ലാതെ, പരിവാരങ്ങളില്ലാതെ, ആരവങ്ങളില്ലാതെ ഏകനായി ഭാരവും പേറി കഴുമരത്തിലേക്കു കൈകള്‍ നീട്ടി നടന്നടുക്കുമ്പോള്‍ അയാള്‍ മന്ത്രിച്ചു; Thus I entered and thus I go.

കണ്ണടച്ചു മനനം ചെയ്താല്‍ പിടികിട്ടും ഈ കവിതയിലെ നായകന്‍ ആരാണെന്ന്. ക്രിസ്തുവല്ലാതെ മറ്റാരാണ്? യേശുക്രിസ്തുവിന്റ ജെറുസലേം പ്രവേശനത്തിന്റെ തുടക്കവും ഒടുക്കവുമാണത്. തുടക്കം രാജകീയം, വര്‍ണ്ണാഭം. അന്ത്യം ശോചനീയം, നിന്ദനാസാന്ദ്രം. കൗതുകരമായ നിരീക്ഷണമിതാണ്; ഓശാന പാടി സ്വീകരിക്കുന്ന തെരുവിന്റെ ആരംഭം ഓശാന… ഓശാനാ… ഗീതം. ആ തെരുവിന്റെ അന്ത്യസ്ഥലം കാല്‍വരി. അവിടെ, ‘അവനെ ക്രൂശിക്കുക; അവനെ ക്രൂശിക്കുക’ എന്ന ഭീകര മുദ്രാവാക്യങ്ങളും.

ഓശാന, അണയാന്‍ പോകുന്ന തിരിയുടെ ആളിക്കത്തലാണ്. ആരവങ്ങള്‍, അവന്‍ രാജാവാണെന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍ അവന്‍ വിനയാന്വിതനാകുന്നു. നമ്മുടെ ഭാരമകറ്റാന്‍ ഭാരംവഹിച്ചു നമ്മെ എഴുന്നേല്‍പ്പിക്കാന്‍ അവന്‍ വീഴുന്നു. അവന്റെ രാജത്വം നശ്വരലോകത്തിന്റേതല്ല, മറിച്ച് അനശ്വരലോകത്തിന്റെ ചക്രവര്‍ത്തിയാണവന്‍. നമുക്കും ആര്‍ത്തുവിളിക്കാം, ‘ഓശാന’- ‘ഞങ്ങളെ രക്ഷിക്കണമേ.’

ഫാ. എ.ആര്‍. ജോണ്‍