50 നോമ്പ് ധ്യാനം 40 : വഴിയില്‍ വീഴുന്നു – രക്ഷാകരമായ ഉത്ഥാനാനുഭവം

നോമ്പുകാലത്തെ വളരെ പ്രധാനപ്പെട്ട ഭക്തകൃത്യങ്ങളിലൊന്നാണല്ലോ കുരിശിന്റെ വഴി. അതിലെ പ്രാര്‍ത്ഥനകളിലൂടെ കടന്നുപോകുമ്പോള്‍, 14 സ്ഥലത്തെ പ്രാര്‍ത്ഥനകളില്‍ 3-ാം സ്ഥലവും, 7-ാം സ്ഥലവും, 9-ാം സ്ഥലവും കാല്‍വരി മലയിലേയ്ക്കുള്ള തന്റെ യാത്രയില്‍ ഈശോ കുരിശുമായി വീഴുന്നതിനെക്കുറിച്ചാണ്. ലോകത്തിന്റെ പാപങ്ങളും ഭാരങ്ങളും ചുമലിലേറ്റിക്കൊണ്ടാണ് ക്രിസ്തുവിന്റെ യാത്ര. കുരിശും ചുമന്ന് നമുക്കു മുമ്പേ അവന്‍ സഞ്ചരിക്കുന്നു. യേശുവിന്റെ സഹനങ്ങളും വീഴ്ചകളുമെല്ലാം രക്ഷാകരമായ ഉത്ഥാനാനുഭവത്തിന്റെ മുന്നോടിയായിരുന്നു.

ജീവിതഭാരങ്ങളും ചുമലിലേറ്റിയാണ് എല്ലാ മനുഷ്യജീവിതങ്ങളും യാത്ര ചെയ്യുന്നത്. ഭാരങ്ങളും വേദനകളും യാതനകളും തകര്‍ച്ചകളും പരാജയങ്ങളും വീഴ്ചകളുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വപ്നജീവിതത്തില്‍ ചരിക്കുന്നതിനു തുല്യമാണെന്നു പറയാം. കാരണം, ഇവയെല്ലാം ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. എന്നാല്‍, നമ്മുടെ യാതനകളും തകര്‍ച്ചകളും വീഴ്ചകളും ജീവിതത്തിന്റെ അവസാനമല്ലാ എന്ന് കുരിശുമായുള്ള ഈശോയുടെ വീഴ്ചകള്‍ സൂചിപ്പിക്കുന്നു. ക്രിസ്തുവിനെപ്പോലെ പ്രത്യാശയോടെ മുമ്പോട്ടു നീങ്ങുവാന്‍ നമുക്ക് സാധിക്കണം. ക്രിസ്തുവിന്റെ മൂന്ന് വീഴ്ചകളും അവന്റെ വിളിയുടെ അന്ത്യമല്ലായിരുന്നു. അവന്റെ വിളി, കുരിശുമരണവും അവിടെനിന്ന് ഉത്ഥാനവുമായിരുന്നു. അതിനാല്‍ അവന്റെ വീഴ്ചകളില്‍ തളര്‍ന്നുപോകാതെ അവന്‍ സ്വയവും മറ്റുള്ളവരുടെ സഹായം തേടിയും എഴുന്നേല്‍ക്കുന്നു.

സ്‌കോട്‌ലണ്ടിലെ രാജാവായിരുന്ന ബ്രൂസ്, ആറ് പ്രാവശ്യം യുദ്ധത്തില്‍ പരാജയപ്പെട്ടു. അവസാനം നിരാശനായി വനത്തിലെ ഒരു ഗുഹയില്‍ അഭയം തേടി. ഗുഹയുടെ കവാടത്തില്‍ ഒരു ചിലന്തി വലകെട്ടുന്ന കാഴ്ച അദ്ദേഹത്തെ സ്പര്‍ശിച്ചു. ഒരുവശത്തു നിന്ന് മറുവശത്തേക്കെത്താനായി ചിലന്തി എഴ് പ്രാവശ്യം ചാടി. ആറ് പ്രാവശ്യം പരാജയപ്പെട്ടെങ്കിലും ഏഴാം തവണ ചിലന്തി ലക്ഷ്യസ്ഥാനത്തെത്തി. മനസ്സു മടുക്കാതെ പരിശ്രമിക്കണമെന്ന പാഠം ചിലന്തിയില്‍ നിന്നും സ്വാംശീകരിച്ച് ബ്രൂസ് വീണ്ടും യുദ്ധത്തിന് പുറപ്പെടുകയും വിജയശ്രീലാളിതനായി തിരിച്ചുവരികയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തീയജീവിതത്തില്‍ അഹത്തിന്റെ ഇല്ലായ്മയ്ക്കു മാത്രമല്ല ശാരീരികമായ സഹനത്തിനും പ്രസക്തിയുണ്ട്. ക്രിസ്തീയജീവിതത്തിന്റെ അവിഭാജ്യഘടകമാണ് കുരിശ്. ”നീ നിന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക.” കുരിശിന്റെ ഭാരം മൂലമുള്ള വീഴ്ചകളില്‍ തളര്‍ന്നു കിടക്കാനല്ല, കുരിശുകളുമെടുത്ത് അവനെ അനുഗമിക്കുവാനും ജീവിതത്തില്‍ വിജയം കൈവരിക്കുവാനും യേശു നമ്മളെ ക്ഷണിക്കുന്നു.

കുരിശുമായുള്ള യേശുവിന്റെ ഓരോ വീഴ്ചയും ഓരോ ക്രിസ്തുശിഷ്യനെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ക്രിസ്തുനാഥന്റെ വീഴ്ച, കുരിശിന്റെ ഭാരം കൊണ്ടും തളര്‍ച്ച കൊണ്ടുമായിരുന്നെങ്കില്‍ ജീവിതത്തിന്റെ അഹന്തകളിലും പ്രലോഭനങ്ങളിലും അകപ്പെട്ടാണ് നമ്മള്‍ വീണുപോകുന്നത്. ഈ വീഴ്ചകളില്‍ കിടന്നുഴലാതെ ഉണര്‍ന്നെഴുന്നേല്‍ക്കുവാനും സധൈര്യം വിശ്വാസവെളിച്ചത്തിലേക്ക് കടന്ന് ജീവിതത്തെ ജ്വലിപ്പിക്കുവാനും നമുക്ക് കഴിയണം.

ഡോ. ജേക്കബ് അരീത്തറ