50 നോമ്പ് ധ്യാനം 09: പീലാത്തോസ് – സത്യം തമസ്കരിക്കപ്പെടുന്നു

ഈശോയുടെ വിചാരണയും വിധിയുമായി ബന്ധപ്പെട്ട് നാല് സുവിശേഷങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിയാണ് പീലാത്തോസ്. മത്തായി 27:1-2, 11-26; മര്‍ക്കോ. 15:1-5; ലൂക്കാ 23:1-2; യോഹ. 18:28-38 എന്നീ വചനഭാഗങ്ങളിലാണ് പീലാത്തോസിനെ നാം കാണുന്നത്.

ഈശോയെ മരണവിധിക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ തക്കവിധം മൂന്ന് കുറ്റങ്ങളാണ് മതനേതാക്കന്മാരുടെ പ്രേരണയാല്‍ ജനം ആരോപിക്കുന്നത്. “ഈ മനുഷ്യന്‍ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുന്നു; സീസറിന് നികുതി കൊടുക്കുന്നത് നിരോധിക്കുന്നു; താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുന്നു” (ലൂക്കാ 23:2) എന്നീ മൂന്ന് കുറ്റങ്ങള്‍. ഈ മൂന്ന് ആരോപണങ്ങളും രാഷ്ട്രീയമേഖലയിലുള്ളവയാണ്. മതപരമായ ഒരു ആരോപണം കൊണ്ടുവന്നാല്‍ (മത്തായി 26:66) പീലാത്തോസിന്റെ മുമ്പില്‍ വിലപ്പോവില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാലാണ് ഈ രാഷ്ട്രീയകുറ്റങ്ങള്‍ ഈശോയില്‍ ആരോപിക്കുന്നത്.

ഇവ മൂന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. അവന്‍ പറഞ്ഞു: “വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ ഇവനില്‍ കാണുന്നില്ല” (ലൂക്കാ 23:22) എന്ന് പീലാത്തോസ് പറഞ്ഞതായി യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (19:4). വിചാരണവേളയില്‍ പീലാത്തോസ് പറഞ്ഞു: “നിങ്ങള്‍ത്തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചു കൊള്ളുവിന്‍; എന്തെന്നാല്‍ ഞാനവനില്‍ ഒരു കുറ്റവും കാണുന്നില്ല” (യോഹ. 19:6).

പീലാത്തോസിന്റെ മുമ്പിലുള്ള വിചാരണയെക്കുറിച്ച് വിശദമായിത്തന്നെ സുവിശേഷങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. വിചാരണയുടെ വിശദീകരണങ്ങള്‍ പീലാത്തോസിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.  അഴിമതിയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട ഒരു ഭരണാധികാരി ആയിരുന്നു പീലാത്തോസ് എന്ന് ചരിത്രം പറയുന്നു. പത്തു വര്‍ഷം ഭരണം നടത്തിയ പീലാത്തോസ്, യഹൂദരുമായി പലപ്പോഴും സംഘര്‍ഷത്തിലായിരുന്നു. വിശുദ്ധ നഗരമായ ജറുസലേമില്‍ സീസറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോഴും ജറുസലേം ദൈവാലയത്തിലെ നേര്‍ച്ചപ്പണം ഉപയോഗിച്ച് തന്റെ പ്രവിശ്യയില്‍ ജലസേചന സൗകര്യമൊരുക്കാന്‍ പരിശ്രമിച്ചപ്പോഴും യഹൂദരുടെ അപ്രീതിക്ക് അദ്ദേഹം പാത്രീഭൂതനായി. പ്രധാനാചാര്യനായ കയ്യഫാസുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ യഹൂദരുമായി നേരിട്ടുള്ള കലാപത്തിന് അദ്ദേഹം മുതിര്‍ന്നില്ല. മതമേഖലയില്‍ കയ്യാഫാസും രാഷ്ട്രീയമേഖലയില്‍ പീലാത്തോസും അഴിമതിയ്ക്കും ക്രൂരതയ്ക്കും കുപ്രസിദ്ധരായി. അവരുടെ ബന്ധം നന്മയെ നിഗ്രഹിക്കുന്ന വിധിയിലേക്ക് നയിക്കുകയായിരുന്നു.

തിന്മയും തിന്മയും തമ്മിലുള്ള ബന്ധം നന്മയെ തകര്‍ക്കും. എന്നാല്‍ നന്മയും തിന്മയും തമ്മിലുള്ള ബന്ധം തിന്മയെ നന്മയിലേയ്ക്ക് നയിക്കുന്നതിനുള്ള മാര്‍ഗ്ഗം തെളിക്കും. പക്ഷേ, നന്മ തിന്മയിലേയ്ക്ക് ചായുന്നതിനുള്ള അപകടവും അതിലൊളിഞ്ഞിരിപ്പുണ്ട്. മുകളില്‍ പറഞ്ഞ രണ്ടുപേരും ഒരേ വര്‍ഷത്തില്‍ തന്നെ അധികം താമസിയാതെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു എന്ന് ചരിത്രം സാക്ഷിക്കുന്നു. തിന്മയ്ക്ക് ശാശ്വതമായി ലോകത്തില്‍ വാഴാനാകുകയില്ലെന്ന് ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഈശോയുടെ വിചാരണവേളയില്‍ പീലാത്തോസ് ജനക്കൂട്ടത്തെ ഭയപ്പെടുന്നവനായിട്ടാണ് പെരുമാറുന്നത്. ഒരു ഭരണാധികാരിക്ക് ചിലപ്പോള്‍ പൊതുസമൂഹത്തിന്റെ മനോഭാവങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരും; പ്രത്യേകിച്ച് ജനം തിന്മയ്ക്കായി മുറിവിളി കൂട്ടുമ്പോള്‍. ഈശോ കുറ്റമറ്റവനാണെന്നും മരണശിക്ഷയ്ക്കര്‍ഹമായ ഒന്നുംതന്നെ അദ്ദേഹത്തില്‍ കാണുന്നില്ലെന്നും പൂര്‍ണ്ണബോധ്യമുണ്ടായിരുന്നിട്ടും ഈശോയെ കുരിശുമരണത്തിന് വിട്ടുകൊടുക്കാന്‍ മാത്രം ഭീരുവായിപ്പോയി അദ്ദേഹം. ജനത്തിനു മുമ്പില്‍ ധീരനായി, മനഃസ്സാക്ഷിയുടെ സ്വരത്തിന് അനുഗുണമായി നില്‍ക്കാന്‍ ഭരണാധികാരിക്ക് കഴിയാതെ വരുമ്പോള്‍ നന്മകള്‍ ശാശ്വതമായിത്തന്നെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകും.

ദൈവമല്ലാതെ മറ്റൊരു നേതാവിനെയും അംഗീകരിക്കാത്ത മതവിശ്വാസം പുലര്‍ത്തുന്ന ഒരു സമൂഹമാണ് യഹൂദ സമൂഹം. സീസറാണ് ദൈവമെന്ന് യഹൂദരെക്കൊണ്ട് ഏറ്റുപറയിക്കുക എന്നത് റോമന്‍ ഭരണാധികരികളുടെ ഒരു വെല്ലുവിളിയായിരുന്നു. പീലാത്തോസ് ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചു. ”സീസറല്ലാതെ ഞങ്ങള്‍ക്ക് വേറെ രാജാവില്ല” (യോഹ. 19:16) എന്ന് യഹൂദ പുരോഹിതപ്രമുന്മാരെക്കൊണ്ട് ഏറ്റുപറയിപ്പിക്കുന്നതു വരെ അദ്ദേഹം ഈശോയുടെ വിചാരണ നീട്ടിക്കൊണ്ടു പോവുകയാണ്. അദ്ദേഹം അതില്‍ വിജയിച്ചു. ഇപ്രകാരമൊരു ഏറ്റുപറച്ചില്‍ അവരില്‍ നിന്ന് ലഭിച്ചപ്പോള്‍; ”അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്ക് വിട്ടുകൊടുത്തു” (യോഹ. 19:6).

കുശാഗ്രബുദ്ധിയും കുടിലതന്ത്രങ്ങളും കൈമുതലായുള്ള ഒരു വ്യക്തിയെയാണ് പീലാത്തോസില്‍ ഇവിടെ നാം ദര്‍ശിക്കുക. പീലാത്തോസും മതനേതൃത്വവും സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ മുഴുകുകയാണിവിടെ. ഒരു കാര്യം ഇതിലൂടെ വി. ഗ്രന്ഥം വെളിപ്പെടുത്തുന്നു. സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ മുഴുകുന്ന ആത്മീയനേതൃത്വവും രാഷ്ട്രീയനേതൃത്വവും മതജീവിതത്തിന്റെയും രാഷ്ട്രീയജീവിതത്തിന്റെയും അടിസ്ഥാനലക്ഷ്യങ്ങളെ തകിടം മറിക്കും. ചെയ്ത പ്രവര്‍ത്തിയുടെ – അത് നന്മയോ തിന്മയോ ആകട്ടെ – ഉത്തരവാദിത്വം ഏറ്റെടുക്കുക സമഗ്രമായ വ്യക്തിത്വമുള്ളതിന്റെ ലക്ഷണമാണ്. പീലാത്തോസ് ആ കാര്യത്തില്‍ വട്ടപൂജ്യമായിരുന്നു. ”ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല” (മത്തായി 27:24) എന്ന് പ്രഖ്യാപിച്ച് കൈകഴുകുന്ന ഒരു ഭരണാധികാരി ജനത്തോട് പ്രതിബദ്ധതയുള്ളവനല്ല. ഇവിടെയും സ്വാര്‍ത്ഥതയുടെ പര്യായമായി മാറി പീലാത്തോസ്.

ദൈവം നല്‍കിയ സൂചനകളെ വിവേചിച്ചറിയുന്നതില്‍ പീലാത്തോസ് പരാജയപ്പെടുന്നു. വളരെ വ്യക്തമായ സൂചനകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ”അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പ്പിച്ചു കൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു” (മത്തായി 27:18) എന്നും ”ആ നീതീമാന്റെ കാര്യത്തില്‍ ഇടപെടരുത് എന്ന് ഭാര്യ അറിയിച്ചു” (മത്തായി 27:19) എന്നും സുവിശേഷകന്‍ രേഖപ്പെടുത്തുമ്പോള്‍, ദൈവം മതിയായ സൂചനകള്‍ നല്‍കിയിരുന്നതായി നമുക്ക് മനസ്സിലാവുകയാണ്. ദൈവം വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും നമുക്ക് നല്‍കുന്ന സൂചനകളെ അവഗണിച്ചാലും സത്യം തമസ്‌ക്കരിക്കപ്പെടും എന്ന് ഓര്‍മ്മിക്കുക.

ഫാ. കുര്യാക്കോസ് മൂഞ്ഞേലി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.