നോമ്പുകാലം സുന്ദരമാക്കാൻ 20 ലളിത മാർഗ്ഗങ്ങൾ

നോമ്പുകാലം ക്രിസ്തു ശിഷ്യർക്കെന്നും ഒരു പാഠശാലയാണ്. നോമ്പിലെ ഓരോ ദിനവും ക്രിസ്തുവിലേക്കു അടുക്കുവാനുള്ള ചവിട്ടുപടികളാണ്. വലിയ നോമ്പിന്റെ ദിനങ്ങളിൽ യേശുവുമായി കൂടുതൽ അടുക്കുന്നതിനു സഹായകമായ ചില പ്രായോഗിക നിർദേശങ്ങൾ ലൈഫ്ഡേ വായനക്കാരുടെ മുമ്പിൽ വയ്ക്കുന്നു.

1. വ്യക്തികൾ മൂലമോ സാഹചര്യങ്ങൾ മൂലമോ നീ വിഷമിക്കുമ്പോൾ  സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചെല്ലുക
വേഗത്തിൽ കോപിക്കുന്ന സ്വഭാവം നമുക്കുണ്ടങ്കിൽ അതിൽ നിന്നു വിടുതലും വിമോചനവും പ്രാപിക്കാൻ നമുക്കാഗ്രഹം കാണും അതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ അല്ലങ്കിൽ നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചെല്ലുക.

2. സാമൂഹ്യ മാധ്യമങ്ങളിൽ Update തിരയുന്നതിനു മുമ്പു നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന  ഒരു പ്രാവശ്യം ചെല്ലുക
നോമ്പുകാലത്തു സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. അതിനൊപ്പം ഇങ്ങനെ ഒരു നിയോഗം നാം സ്വീകരിച്ചാൽ നോമ്പിന്റെ അവസാനം നിരവധി ജപമാലകൾ നാം ജപിച്ചുണ്ടാവണം. Instagram, Facebook, WhatsApp എന്നിവയിൽ മറ്റുള്ളവരുമായി സംവദിക്കുന്നതിനു മുമ്പ് പ്രാർത്ഥന നമ്മുടെ ശീലമാക്കാം.

3. ഭക്ഷണ സമയത്തും മറ്റുള്ളവരുമായി സംസാരിക്കുന്ന അവസരങ്ങളിലും മോബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക
ഭക്ഷണ സമയത്തും പരസ്പരമുള്ള സംഭാഷണസമയത്തും മറ്റുള്ളവരെ അവഗണിച്ചു കൊണ്ട് സ്മാർട്ട്ൽ ഫോണിൽ പരതുമ്പോൾ നമ്മൾ സ്മാർട്ടല്ല നമ്മുടെ വില ഇടിച്ചു താഴ്ത്തുകയാണു ചെയ്യുക.

4. ഓരോ ദിനാന്ത്യത്തിലും നന്ദി പറയേണ്ടതിന്റെ ഒരു ലിസ്റ്റു തയ്യാറാക്കുക ലഭിച്ച അനുഗ്രഹങ്ങൾക്കു ദൈവത്തിനു നന്ദി പറയുക
നോമ്പുകാലം ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിനു നമ്മൾ നന്ദി അർപ്പിക്കേണ്ട അവസരമാണ്.

5. സാധിക്കുന്ന ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരുക
നോമ്പുകാലത്തു ഞായറാഴ്ചയിൽ ദിവ്യബലിക്കു പോകുന്നതിനു പുറമേ സാധ്യമായ ദിവസങ്ങളിലെല്ലാം ദൈവാലയത്തിൽ പോവുക വിശുദ്ധ ബലിയിൽ സംബദ്ധിക്കുക. ഓരോ ദിവാബലിയിലും ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിൽ നാം പങ്കുചേരുകയാണന്ന ബോധ്യം മറക്കാതെ സൂക്ഷിക്കാം.

6. ആരോടും പരുഷമായി പെരുമാറാതെ ശ്രദ്ധിക്കുക
ഭക്ഷണം താമസിക്കുമ്പോൾ, അതിനു രുചി കുറയുമ്പോൾ, അല്ലങ്കിൽ ആശുപത്രിയിൽ, ഓഫീസുകളിൽ കാത്തു നിൽക്കുമ്പോൾ അക്ഷമരാവുകയോ പരുഷമായി പെരുമാറുകയോ ചെയ്യാതെ സൂക്ഷിക്കുക. യേശു ഇപ്പോൾ എന്റെ സ്ഥാനത്തായിരുന്നു എങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു ചിന്തിക്കുക അതനുസരിച്ചു പ്രവർത്തിക്കുക.

7. നിന്നെ മുറിപ്പെടുത്തിയവരോടു ക്ഷമിക്കുക
നോമ്പുകാലം ക്ഷമ എന്ന പുണ്യത്തിൽ വളരേണ്ട കാലഘട്ടമാണ്. മുറിപ്പെടുത്തിയവരെ കുരിശിന്റെ തിരുനടയിൽ കൊണ്ടു വരുമ്പോൾ മാപ്പു കൊടുക്കാനും സൗഖ്യം നേടാനും എളുപ്പം സാധിക്കും.

8. അത്യാവശ്യമായ സാധനങ്ങൾ മാത്രം വാങ്ങുക
നോമ്പുകാലം മിതവ്യയം ശീലിക്കാൻ ഏറ്റവും നല്ല സമയമാണ്.

9. ഓരോ ദിവസവും നമ്മുടെ ഒരു കുറവു കണ്ടെത്തുക അതു അംഗീകരിക്കുക, ദൈവശക്തിയിലാശ്രയിക്കുക
നമ്മുടെ ന്യൂനതകൾ നമ്മുടെ വഴികളിലെ നിർണ്ണായക ഭാഗമാണ്. അവ നമ്മളെത്തന്നെ മനസ്സിലാക്കി ദൈവത്തിലാശ്രയിക്കാൻ സഹായിക്കുന്നു.

10. സന്തോഷത്തോടെ ജോലി ചെയ്യുക
ആനന്ദം ഒരു ക്രിസ്തീയ പുണ്യമാണ്. സന്തോഷം നമ്മുടെ ജീവിതത്തിനു സംതൃപ്തിയും മറ്റുള്ളവരുടെ ജീവിതങ്ങൾക്കു വെളിച്ചവും നൽകുന്നു.

11. കൂടുതൽ പ്രാർത്ഥിക്കുക, സാധിക്കുമെങ്കിൽ ഒരു നോമ്പുകാല ധ്യാനത്തിൽ പങ്കുചേരുക
പരിശുദ്ധ കുർബാന, ആരാധന ദിവ്യകാരുണ്യ സന്ദർശനം, കുടുംബ പ്രാർത്ഥനകൾ, ദൈവ വചന വായന, ജ്ഞാന വായന, ജപമാല തുടങ്ങിയ ആത്മീയ പതിവുകൾ മുടക്കാതിരിക്കുക. അതുപോലെ ഇടവക ദൈവാലയത്തിൽ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന ധ്യാനം കുരിശിന്റെ വഴി, തീർത്ഥാടനം ഇവയിൽ പങ്കുചേരുക.

12. രോഗികളെയും വൃദ്ധരെയും അനാഥരെയും സന്ദർശിക്കുക
ആരും അനാഥരല്ല എന്ന സത്യമാണു നോമ്പു നമ്മളെ പഠിപ്പിക്കുന്നത്. മനുഷ്യകുലം പാപത്തിന്റെ സ്വാധീനത്താൽ അനാഥമാകാതിരിക്കാൻ യേശു കുരിശിൽ മരിച്ചു. നമ്മളും നോമ്പുകാലത്ത് ആരെയും മാറ്റിനിർത്താതെ തള്ളിപ്പറയാതെ  കുരിശിന്റെ സ്നേഹ ശക്തിയാൽ എല്ലാവരെയും ആശ്ലേഷിക്കുന്നവരാകു.

13. കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക
കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ട സമയമാണ് നോമ്പുകാലം. അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നു ചേർന്നു നോമ്പാചരിക്കുമ്പോൾ കുടുംബം ദൈവസാന്നിധ്യത്തിന്റെ കൂടാരമായിത്തീരും. നഷ്ടപ്പെട്ട കുടുബ ബന്ധങ്ങളും അയൽ ബന്ധങ്ങളും രക്ഷയുടെ അടയാളമായ കുരിശടയാളത്താൽ നാം വിളക്കിച്ചേർക്കണം.

14. ഒരു എക്സ്ട്രാ ഭക്ഷണ പൊതി കരുതുക
ജോലിക്കോ, സ്കൂളിലോ പോകുമ്പോൾ നമ്മുടെ ഭക്ഷണത്തോടൊപ്പം ഒരു ഭക്ഷണപൊതി കൂടി കരുതിയാൽ വിശക്കുന്ന ഒരു വയറിനു ഒരു നേരം സമാശ്വാസം നൽകാൻ നമുക്കു കഴിയും. വിശപ്പിന്റെ വിളിയിൽ നമ്മൾ അന്നമാകുമ്പോൾ ദൈവം നമ്മളെ നോക്കി ആനന്ദാശ്രുക്കൾ ചൊരിയും .

15. കൃത്യനിഷ്ഠ പാലിക്കുക
ഒരു വ്യക്തിയുടെ സമയത്തെ വിലമതിക്കുമ്പോൾ നാം ആ വ്യക്തിയെ ആദരിക്കുന്നു അംഗീകരിക്കുന്നു. നോമ്പുകാലത്തു ഞാൻ വൈകുന്നതുമൂലം ജോലിസ്ഥലത്തോ, ഓഫീസിലോ, സ്കൂളിലോ, കുടുബങ്ങളിലോ, ഇടവകയിലോ ഞാൻ ആർക്കും അസ്വസ്ഥത സൃഷ്ടിക്കില്ലന്നു പ്രതിജ്ഞയെടുക്കുക.

16. പങ്കു വയ്ക്കുന്ന ശീലം വളർത്തുക
ഉദാരത പുഷ്പിക്കുന്ന മരമാണ് നോമ്പ്, സത്പ്രവർത്തികളാലും ദാനധർമ്മത്തിലും സ്വർഗ്ഗത്തിൽ നിക്ഷേപം സമാഹരിക്കാൻ പറ്റിയ സമയം, അതിനാൽ ഈ നോമ്പുകാലത്തു പങ്കുവയ്പ്പിന്റെ നല്ല ശീലം നമുക്കു പരിപോഷിപ്പിക്കാം.

17. കുടുംബ പ്രശ്നങ്ങളിൽ ഒരു സമാധാന ദൂതനാകുക
മറ്റുള്ളവരെക്കാൾ ഉച്ചത്തിൽ സംസാരിച്ചതുകൊണ്ടോ, ന്യായ അന്യായങ്ങൾ അക്കമിട്ടു നിരത്തിയതുകൊണ്ടോ സമാധാനം ഉണ്ടാകാൻ പോകുന്നില്ല. അതിനായി മറ്റുള്ളവരെ ശ്രവിക്കുന്ന, അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന, തുറവിയുള്ള മനോഭാവം നമ്മൾ കുടുംബങ്ങളിലും സമൂഹങ്ങളിലും വളർത്തണം

18. വിമർശനം കുറയ്ക്കുക
വിമർശിക്കാൻ ധാരാളം കാരണങ്ങൾ നമുക്കുകിട്ടും. ഒരു പക്ഷേ പ്രോത്സാഹനത്തിന്റെ ഒരു നല്ല ശീലം നോമ്പുകാലത്തു ശീലിച്ചാൽ അതു മറ്റു ജിവിതങ്ങളെ വളർത്തും. അപരന്റെ വളർച്ച കണ്ട് എന്റെ മനസു സന്തോഷിക്കുമ്പോൾ ഞാൻ നോമ്പിന്റെ പാതയിലാണ്.

19. അശ്ലീല സിനിമകളും ചിത്രങ്ങളും കാണുന്ന ശീലമുള്ളവരാണങ്കിൽ അതിൽ നിന്നു പിൻ തിരിയാനും പുണ്യത്തിൽ വളരാനുള്ള സുവർണ്ണ കാലഘട്ടമാണ് നോമ്പുകാലം

20. നോമ്പു സഭയൊടൊത്താചരിക്കുക
അവസാനമായി സഭ നിർദേശിക്കുന്ന അനുതാപ പ്രായശ്ചിത്ത വഴികളിലൂടെ നാം നീങ്ങുമ്പോൾ തിരുസഭയുടെ ശക്തമായ കോട്ട നമ്മുടെ രക്ഷയ്ക്കുണ്ടാകും. കൂദാശ സ്വീകരണങ്ങളിലൂടെ നോമ്പുകാലത്തു സഭയോടൊത്തു നമുക്കു യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.