ലത്തീന്‍ ജനുവരി 21 മർക്കോ: 2:18-22 സനാതന ആനന്ദം

“യേശു പറഞ്ഞു; മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക്‌ ഉപവസിക്കാനാവില്ല” (മര്‍ക്കോ. 2:19).

വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ ഉപവാസം പാപത്തെക്കുറിച്ചുള്ള മനുഷ്യൻറെ പശ്ചാത്താപത്തിന്റെയും ദുഖത്തിന്റെയും പ്രകാശനമാണ്. “മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാനാകുമോ?” എന്ന ചോദ്യത്തിലൂടെ ഉപവാസത്തിന്റെ ആത്മീയപ്രാധാന്യത്തെ ഇകഴ്ത്തിക്കാണിക്കുകയല്ല യേശുനാഥൻ. എന്നാൽ, ആത്മാവിൽ ആനന്ദിക്കാനായി ഒരു കാരണം ഉള്ളപ്പോൾ ഉപവാസത്തിലൂടെ ദുഃഖം നടിക്കുന്നത് കപടനാട്യമാകും എന്ന് സൂചിപ്പിക്കുകയാണ്.

സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെടുന്നവരുടെയും സാന്നിധ്യം ആനന്ദദായകമാണ്. സുവിശേഷത്തിൽ പ്രതിപാദനം ചെയ്യപ്പെടുന്ന മണവാളൻ യേശുവും മണവറത്തോഴര്‍ ശിഷ്യരും ആണ്. അതായത് സ്നേഹനിധിയായ ഗുരുവിൻറെ സാന്നിധ്യം സ്നേഹിക്കപ്പെടുന്ന ശിഷ്യർക്ക് ആനന്ദത്തിന് കാരണമാകുന്നു എന്നതിനാൽ ശിഷ്യർ ആനന്ദിക്കേണ്ട സമയമാണ്. തന്റെ ഉദരത്തിലെ രക്ഷകന്റെ സാന്നിധ്യബോധം ജനിപ്പിക്കുന്ന ആത്മീയ ആനന്ദമാണ് മറിയത്തിന്റെ സ്തോത്രഗീതം വെളിപ്പെടുത്തുന്നത്.

ലോകത്തിന്റെ ലൗകികത്വം മനുഷ്യന് സമ്മാനിക്കുന്നത് നൈമിഷിക ആസ്വാദനങ്ങൾ ആണെങ്കിൽ മനുഷ്യജീവിതത്തിൽ “സനാതന-ആനന്ദം” നൽകുന്നത് ദൈവസാന്നിധ്യ ബോധമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.