ലത്തീൻ സെപ്റ്റംബർ 21 മത്തായി 9: 11-15 (വി. മത്തായി ശ്ലീഹ) പരിവര്‍ത്തനം

യേശു അവിടെ നിന്ന് നടന്നു നീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: ‘എന്നെ അനുഗമിക്കുക.’ അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു (മത്തായി 9:9).

മാനസാന്തരത്തിന്റെ ഓരോ അനുഭവങ്ങളും ദൈവകാരുണ്യത്തിന്റെ അനുഭവ സാക്ഷ്യങ്ങളാണ്. മാനസാന്തരം എന്നത് മനുഷ്യന്റെ മനഃസാക്ഷിയിൽ നടക്കുന്ന ഒരു ആന്തരീക പ്രവർത്തനമാണ് എങ്കിലും, ബാഹ്യചേഷ്ടകളിൽ പ്രകടമാവുന്നതുമാണ്. ചുങ്കസ്ഥലത്തു നിന്നുള്ള ലേവിയുടെ “എഴുന്നേൽപ്പ്‌” പാപകരമായ പൂർവ്വകാല ജീവിതത്തിൽ നിന്നുമുള്ള ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പ്രകടനമായി കാണാം. മാനസാന്തരം ഒരു എഴുന്നേൽപ്പ്‌ (Getting Up) ആവശ്യപ്പെടുന്നു.

ആത്മീയജീവിതത്തിൽ ഉയിർത്തെഴുന്നേൽപ്പിന് രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ്

1 . സൗഖ്യം സാധ്യം എന്ന ബോധ്യം: ഞാൻ സൗഖ്യപ്പെടാൻ സാധ്യമല്ലാത്ത വിധം രോഗിയാണ് എന്ന ചിന്ത ഉണ്ടായാൽ രോഗിയിൽ സൗഖ്യം അസാധ്യമാണ്. വിശുദ്ധനായ യേശുവിന്റെ സൗഹൃദത്തിന് ഞാൻ യോഗ്യനല്ല എന്ന തെറ്റായ ധാരണ ഉണ്ടായാൽ ലേവിയിൽ മാനസാന്തരം അസാധ്യമാകുമായിരുന്നു. പക്ഷെ, ദൈവകാരുണ്യത്തിൽ ആശ്രയിച്ച ലേവി മാനസാന്തരത്തിലൂടെ മത്തായി ആയി മാറി. 

2. രോഗത്തിന്റെ സമ്മതം: പാപത്തെ ഒരു ആത്മീയ രോഗാവസ്ഥയായി അംഗീകരിക്കാത്ത വ്യക്തി മനുഷ്യജീവിതത്തിൽ ദൈവകാരുണ്യത്തിന്റെ ആവശ്യം അംഗീകരിക്കാത്ത വ്യക്തിയാണ്. ഞാൻ അത്ര മോശക്കാരനല്ല, അതിനാൽ ഞാൻ എന്നെത്തന്നെ മാറ്റുന്നത് എന്തിനാണ് എന്ന ചിന്തയായിരിക്കും അവരെ നയിക്കുക. ധൂർത്തപുത്രന്റെ ജേഷ്ഠനും, ഫരീസേയരും ഈ മനോഭാവത്തിന്റെ മൂർത്തീകരണങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.