ലത്തീൻ ഒക്ടോബർ 05 ലൂക്കാ 10: 17-24 അനാവൃത ജ്ഞാനം

ആ സമയം തന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്‌ അവന്‍ പറഞ്ഞു: ‘സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ്‌ ഇവ ജ്‌ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്‌തു. അതേ പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം.’ (ലൂക്കാ 10:21).

ഇവിടെ “ബുദ്ധിമാന്മാരും വിവേകികളും” പ്രതിനിധാനം ചെയ്യുന്നത് യഹൂദ സമുദായത്തിലെ വിദ്യാസമ്പന്നരായ ഫരിസേയരെയും നിയമജ്ഞരെയുമാണ്. “ശിശുക്കൾ” പ്രതിനിധാനം ചെയ്യുന്നത് നിരക്ഷരകുക്ഷികളായ ശിഷ്യന്മാരേയും. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ പാമരന്മാരായ ശിഷ്യന്മാർക്ക് വെളിപ്പെടുത്തിയതിൽ ദൈവപിതാവിന് നന്ദി പറയുന്നു.

വി. കൊച്ചുത്രേസ്യ ഏതെങ്കിളുമൊരു ദൈവശാസ്‌ത്ര വിദ്യാലയത്തിൽ പഠനം നടത്തിയിട്ടില്ല എന്നു മാത്രമല്ല, അവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ പടിക്കൽ കാൽ വയ്ക്കുക പോലും ചെയ്‌തിട്ടില്ലായിരുന്നു. സന്യാസിനീ മഠത്തിന്റെ ചുവരുകൾക്കിടയിൽ ജീവിച്ച അവൾ ഇന്ന്, തിരുസഭയ്ക്കു മുഴുവനും  ദൈവസ്നേഹത്തിന്റെ വേദപണ്‌ഡിതയായി വണങ്ങപ്പെടുന്നു. അതുപോലെ തന്നെ, പറയത്തക്ക വിദ്യാഭാസപശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്നെങ്കിലും വി. ഫൗസ്റ്റീന ഇന്ന് “ദൈവകാരുണ്യത്തിന്റെ വേദപണ്‌ഡിതയായി വണങ്ങപ്പെടുന്നു.

ജ്ഞാനം, “ആര്‍ജ്ജിത ജ്ഞാനം” (Learned Knowledge), “അനാവൃത ജ്ഞാനം” (Revealed Knowledge) എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. ഇതിൽ ഒന്നാമത്തേത്, യേശു സൂചിപ്പിക്കുന്നതു പോലെ ലോകത്തിലെ ബുദ്ധിമാന്മാരും വിവേകികളും പഠനത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ജ്ഞാനമാണ്. രണ്ടാമത്തേതാകട്ടെ, ദൈവതിരുമുമ്പിൽ ശിശുതുല്യരും നിഷ്‌കളങ്കരുമായവർക്ക് ദൈവം കൊടുക്കുന്ന കൃപയാണ്. ആര്‍ജ്ജിത വിജ്ഞാനം ഐഹിക കാര്യങ്ങളെക്കുറിച്ചുള്ള അറിവാണെങ്കിൽ, അനാവൃത വിജ്ഞാനം  നിത്യജീവിതം, മരണാനന്തര ജീവിതം തുടങ്ങിയവയെക്കുറിച്ചുള്ളതാണ്.

ശിശുക്കളെപ്പോലെ എളിമയുള്ളവരുടെ ഹൃദയത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിന് എപ്പോഴും ഒരിടമുണ്ട്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ