ലത്തീൻ ഒക്ടോബർ 01 മത്തായി 18: 1-4 (വി. കൊച്ചുത്രേസ്യായുടെ തിരുനാൾ) മദ്ധ്യസ്ഥ പ്രാർത്ഥനാശുശ്രൂഷ

ആഗോളസഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുനാൾ സഭ ഇന്ന് ആഘോഷിക്കുന്നു. മിഷൻ പ്രദേശങ്ങളൊന്നും സന്ദർശിക്കാതെ കന്യാമഠത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ തന്നെ ആയിരുന്നുകൊണ്ട് ആഗോളമിഷൻ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയായി അവൾ മാറിയെന്നത് ഒരു വിരോധാഭാസമായി തോന്നാം. മിഷനറിമാർക്കും മിഷൻ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെയാണ് അവൾ മിഷൻ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയായി മാറിയത്.

തിരുസഭയിൽ നിർവ്വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷകളിലൊന്നാണ് മദ്ധ്യസ്ഥ പ്രാർത്ഥനാശുശ്രൂഷ. ഈ ശുശ്രൂഷയ്ക്ക് രണ്ട് ഘടകങ്ങളാണുള്ളത്.

1. മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുവാനായി സമർപ്പിക്കപ്പെടുന്ന ജീവിതം.
2. മിഷനറിമാർക്ക് ഊർജ്ജം നൽകാനായി സമർപ്പിക്കപ്പെടുന്ന സഹനങ്ങൾ.

ആവൃതിക്കുള്ളിൽ പ്രാർത്ഥനയ്ക്കായി സമർപ്പിക്കപ്പെടുന്ന ജീവിതങ്ങൾ ക്രിയാശൂന്യമാണെന്ന് ലോകം വ്യാഖ്യാനിക്കാറുണ്ട്. അത് തെറ്റായ ധാരണയാണ്.  കാരണം, ഒരു വ്യക്തി പ്രാർത്ഥനയ്ക്കായി സമയവും ആരോഗ്യവും ചെലവഴിക്കുന്നു എന്ന ത്യാഗബദ്ധമായ ഒരു ഘടകമുണ്ട്. രണ്ടാമതായി, മദ്ധ്യസ്ഥപ്രാർത്ഥന എന്നത്  നിസ്വാർത്ഥതയുടെ ഒരു പ്രകാശനമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാം ആവശ്യക്കാരുടെ ശാരീരിക ആവശ്യങ്ങളില്‍ കടന്നുചെല്ലുന്നുവെങ്കിൽ  മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ആത്മീയാവശ്യങ്ങളിലേയ്ക്ക് കടന്നുചെല്ലുന്നു. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ