ലത്തീൻ ജൂൺ 28 ലൂക്കാ 15: 3-7 (തിരുഹൃദയ തിരുനാൾ) സേക്രഡ്‌ സ്‌പേസ്

അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പത് നീതിമാന്മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോട് പറയുന്നു (ലൂക്കാ 15: 7).

“തിരു” എന്നത് ദൈവത്വവുമായി ബന്ധപ്പെട്ട നാമവിശേഷണമാണ്. ആ അർത്ഥത്തിൽ “തിരുഹൃദയം” എന്നത് ദൈവികപുണ്യങ്ങളുടെ വിളനിലമായ ഒരു ഹൃദയം എന്ന അർത്ഥത്തിലാണ്. യേശുവിന്റെ തിരുഹൃദയം എന്നത് സ്വർഗീയപിതാവിൻ്റെ നൈസര്‍ഗ്ഗിക സ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ശാന്തത എന്നിവയുടെ ഭണ്ഡാകാരമാണ്. അതിനാൽ തിരുഹൃദയ തിരുനാൾ മനുഷ്യർക്ക് നൽകുന്ന ഏറ്റവും ഉല്‍കൃഷ്‌ഠമായ സന്ദേശമെന്നത്, മനുഷ്യഹൃദയം പരിശുദ്ധമായ ഒരിടം എന്നതാണ് (Sacred Space).

തിരുഹൃദയത്തോടുള്ള പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നതു പോലെ “എൻ്റെ ഹൃദയത്തെയും അവിടുത്തെ ഹൃദയത്തിന് ഒത്തതാക്കണമേ” എന്ന അപേക്ഷ  പുണ്യങ്ങൾ കൊണ്ട് മനുഷ്യഹൃദയം നിറച്ച് തിരുഹൃദയത്തിൻ്റെ സാദൃശത്തിലേയ്ക്ക് രൂപാന്തരപ്പെടുത്താം. യേശുവിന്റെ കരുണയുള്ള ഹൃദയത്തിൽ അനുതാപം വഴി ഒരിടം കണ്ടെത്തുവാനും ഒപ്പം മനുഷ്യഹൃദയത്തിൻ്റെ ദൈവികമായ പരിശുദ്ധി ആഘോഷിക്കാനും തിരുഹൃദയ തിരുനാൾ ഓർമ്മപ്പെടുത്തുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ