ലത്തീൻ ജൂൺ 23 ലൂക്കാ 9: 11b-17 (ക്രിസ്തുവിന്റെ ശരീര-രക്തങ്ങളുടെ തിരുനാൾ) ദിവ്യകാരുണ്യ കുടുംബം

അവന്‍ പ്രതിവചിച്ചു: “നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച്‌ അപ്പവും രണ്ടു മല്‍സ്യവും മാത്രമേയുള്ളു (ലൂക്കാ 9: 13).

ഗാർഹികസഭകളെ അഥവാ ക്രൈസ്തവ കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിൽ വി. കുർബാന വഹിക്കുന്ന പങ്ക്  പരിചിന്തനീയമാണ്. “ദിവ്യകാരുണ്യ സംസ്കാരം” (Eucharistic Culture) ജീവിക്കുന്നതിലൂടെയാണ് ക്രൈസ്തവ കുടുംബങ്ങൾ “ദിവ്യകാരുണ്യ കുടുംബങ്ങൾ” (Eucharistic Families) ആയി മാറുന്നത്.

“ഇത് നിങ്ങൾക്കു വേണ്ടി” എന്നരുളിച്ചെയ്ത് സ്വന്തം ശരീരവും രക്തവും മനുഷ്യമക്കൾക്കായി നൽകി യേശുനാഥൻ സ്ഥാപിച്ച വി. കുർബാനയുടെ സംസ്കാരം എന്നത് ഒരു “കൊടുക്കൽ സംസ്കാരം” (Giving Culture) ആണ്.  അതായത്, ഒരാൾ എൻറെ ശരീരവും രക്തവും ഞാൻ നിങ്ങൾക്കായി നൽകാമെന്ന് അരുൾചെയ്യുമ്പോൾ അതിൻറെ അർത്ഥം എൻറെ ജീവൻ തന്നെ ഞാൻ നിങ്ങൾക്കായി നൽകാമെന്നാണ്.  ഞാൻ എനിക്കായി ഒന്നും മാറ്റിവയ്ക്കുന്നില്ല.  ഉള്ളതെല്ലാം നിങ്ങൾക്കായി നൽകുന്നു എന്നർത്ഥം. സുവിശേഷത്തിൽ ശിഷ്യന്മാര്‍ കൈവശമുള്ള അഞ്ചപ്പവും രണ്ട് മീനും തങ്ങൾക്കായി മാറ്റിവയ്ക്കാതെ മറ്റുള്ളവർക്കായി നൽകുകയാണ്.

ഉപഭോഗ-ഭൗതീകവാദ ചിന്താധാരകളുടെ സ്വാധീനത്താൽ വ്യക്തികൾ  ഉത്തരവാദിത്വങ്ങളെക്കാൾ അവകാശങ്ങളെക്കുറിച്ച് ബോധവന്മാര്‍ ആയിരിക്കുന്ന അവസ്ഥയാണ്  ‘അവകാശ സംസ്കാരം‘ (Culture of Entitlement). കുടുംബജീവിതത്തിൽ ഭാര്യ-ഭർത്താക്കന്മാർ പരസ്പരം തന്റെ പങ്കാളിക്ക് എന്താണ് കൊടുക്കേണ്ടത് എന്ന് ചിന്തിക്കാതെ, തന്റെ പങ്കാളിയിൽ നിന്നും എനിക്ക് അവകാശപ്പെട്ടത് എന്നുമാത്രം ചിന്തിക്കുന്ന സംസ്കാരമാണിത്.

അവകാശങ്ങളെ ത്യജിച്ച് കുടുംബ ഉത്തരവാദിത്വങ്ങളെ നിറവേറ്റുന്ന കുടുംബമാണ്  പരസ്പരസമർപ്പണത്തിന്റെ ബലിവേദിയായി ‘ദിവ്യകാരുണ്യ-കുടുംബം‘ (Eucharistic Family) ആകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ