ലത്തീൻ മെയ്‌ 10 യോഹ. 6:52-59 വസ്തുതാപരമായ സാന്നിധ്യം

“എൻ്റെ ശരീരം യഥാർത്ഥ ഭക്ഷണവും രക്തം യഥാർത്ഥ പാനിയവുമാണ്” (വാക്യം 55). യേശുവിൻ്റെ ഈ വചനങ്ങൾ, ദിവ്യകാരുണ്യത്തിലെ യേശുവിൻ്റെ വസ്തുതാപരമായ സാന്നിധ്യത്തിന് അടിത്തറ നൽകുന്ന ദൈവവചന ഭാഗമാണ്.

ഈ വചനങ്ങളെ ശബ്ദാര്‍ത്ഥപ്രകാരമായെടുത്ത യഹൂദർ അവൻ നരമാംസഭോജനത്തെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് ചിന്തിച്ചിട്ടുണ്ടാകണം. മാത്രവുമല്ല, യഹൂദരെ സംബന്ധിച്ചിടത്തോളം രക്തം എന്നത് ദൈവികത നൽകപ്പെട്ടിട്ടുള്ള പദാർത്ഥവുമാണ് (ലേവ്യ 7:17). അതിനാൽ, ഈ വചനങ്ങൾ യഹൂദർക്കിടയിൽ ചിന്താകുഴപ്പത്തിനും വഴക്കിനും കാരണമായി. പക്ഷെ, യേശു ഇതിലൂടെ പരാമർശിച്ചത് തൻ്റെ ശരീരവും രക്തവുമാകുന്ന ദിവ്യകാരുണ്യത്തെക്കുറിച്ചാണ്.

ദിവ്യകാരുണ്യത്തിലെ യേശുവിൻ്റെ  “വസ്‌തുതാപരമായ സാന്നിധ്യം” (Real Presence) എന്നത് യേശുവിൻ്റെ കാലത്തെ യഹൂദർക്കെന്നതുപോലെ  ഇന്നും അനേകർക്ക്‌ വിശ്വസിക്കാൻ സാധിക്കാത്ത ഒരു സത്യമാണ്. അപ്പവും വീഞ്ഞും അവൻ്റെ ഒരു പ്രതീകമാണെന്ന് അവർ അംഗീകരിക്കുന്നു. യേശു, വിശുദ്ധ കുർബാന സ്ഥാപനവേളയിൽ അപ്പവും വീഞ്ഞും വാഴ്ത്തി നൽകിയശേഷം അരുൾചെയ്തത്, ഇത് എന്റെ പ്രതീകമാണ്. നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുക എന്നല്ല. മറിച്ച്, “ഇത് എന്റെ ശരീരവും രക്തവുമാണ് ” എന്നാണ്.

ഉപകരണങ്ങളിലും യന്ത്രങ്ങളിലും രേഖപ്പെടുത്തപ്പെടുന്നവയുടെ മാത്രം അസ്‌തിത്വം അംഗീകരിക്കുന്ന ആധുനീക ശാസ്ത്രലോകത്ത്‌, ഒരു പരീക്ഷണവും നാം സ്വീകരിക്കുന്ന അപ്പം യേശുവിൻ്റെ ശരീരമാണെന്നതിന് തെളിവ് തരില്ല. വിശ്വസനേത്രങ്ങൾക്ക് മാത്രമേ ദിവ്യകാരുണ്യത്തിലുള്ള അവൻ്റെ വസ്തുതാപരമായ സാന്നിധ്യത്തെ അംഗീകരിക്കാനാവൂ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ