ലത്തീൻ   മാർച്ച് 10   ലൂക്കാ 18:9-14  എളിമയുള്ള പ്രാർത്ഥന  

 

നോമ്പുകാലത്തിൻ്റെ പ്രധാന ആത്മീയചിട്ടകളിൽ ഒന്നായ “പ്രാർത്ഥന”യെക്കുറിച്ചുള്ള ഒരു ബോധനമായി ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയെ നോക്കിക്കാണാം. ഒരർത്ഥത്തിൽ രണ്ടുപേരുടെയും പ്രാത്ഥന അവരവരുടെ ജീവിതങ്ങളുടെ അവതരണങ്ങളാണ്. ഫരിസേയൻ  തൻ്റെ സദാചാരപ്രവൃത്തികളുടെ ഒരു വിവരണം നടത്തുമ്പോൾ ചുങ്കക്കാരൻ  പ്രതിഫലിപ്പിക്കുന്നത് തൻ്റെ തന്നെ പാപജീവിതത്തെയാണ്.

ഫരിസേയൻ്റെ പ്രാർത്ഥന തിരസ്‌കരിക്കപ്പെട്ടപ്പോൾ ചുങ്കക്കാരൻ്റെതു സ്വീകരിക്കപ്പെടുന്നു. കാരണം, ദൈവതിരുമുമ്പിൽ ചുങ്കകാരൻ്റെ പ്രാർത്ഥനക്ക് എളിമയുടെ സൗന്ദര്യം ഉണ്ടായിരുന്നുവെങ്കിൽ  ഫരിസേയൻ്റെതിനു അഹങ്കാരത്തിൻ്റെ വൈരൂപ്യമായിരുന്നു. അതായത്, ഫരിസേയൻ ദൈവഭവനത്തിൽ ദൈവത്തെ ആരാധിക്കാതെ തന്നെത്തന്നെ വിഗ്രഹവൽക്കരിച്ചു ആരാധിച്ചു.

ചുങ്കക്കാരൻ്റെ ശരീരഭാഷാ പ്രകടമാക്കുന്നത് അവൻ്റെ വിനയഭാവമാണ്. “അവൻ ദൈവാലയത്തിൽ ദൂരത്തായി” നിൽക്കുന്നത് ദൈവതിരുമുൻപിലുള്ള അവൻ്റെ അയോഗ്യതയുടെയും, “കണ്ണുകൾ മുകളിലേക്ക് ഉയർത്താൻ സാധിക്കാത്തത്” അവന് തന്നെത്തന്നെ പുകഴ്ത്താനായി ഒന്നും ഇല്ലാത്തതിന്റെയും, “നെഞ്ചത്തടിക്കുന്നത്” പാപത്തെക്കുറിച്ചുള്ള അതിവേദനയുടെയും പ്രകടനമാണ്.

എളിമയെന്ന പുണ്യത്തെ പ്രാത്ഥനയുടെ അഭിഭാജ്യഘടകമാക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.