ഓരോരുത്തരും നിർബന്ധമാക്കേണ്ട ഏഴ് വിശ്രമങ്ങൾ

ഭക്ഷണവും ഉറക്കവും കൃത്യമാകാതെ വരുമ്പോൾ നാം ശാരീരികമായും മാനസികമായും ക്ഷീണിതരാകാറുണ്ട്. വിശ്രമമില്ലാതെയുള്ള ഓട്ടത്തിന് ഇടയിൽ നാം എടുക്കുന്ന ഇടവേളകൾ നമ്മെ എങ്ങനെ സഹായിക്കുന്നു എന്നു നാം ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യമുള്ള ഒരു വ്യക്തിയും വ്യക്തിത്വവും നമ്മിൽ രൂപപ്പെടുന്നതിന് ശാരീരിക വിശ്രമം മാത്രം പോരാ. നമ്മുടെ മനസ്സിനും വികാരങ്ങൾക്കും ആത്മാവിനുമെല്ലാം കൃത്യമായ വിശ്രമം നൽകേണ്ടതുണ്ട്. അതിനാൽ നാം ഓരോരുത്തരും നിർബന്ധമാക്കേണ്ട ഏഴുതരത്തിലുള്ള വിശ്രമങ്ങളെ കൂടുതൽ അറിയാം.

1. ശാരീരിക വിശ്രമം

ശാരീരികമായ വിശ്രമം നമ്മുടെ ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമാണ്. കൃത്യമായ ശാരീരിക വിശ്രമം നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. ശാരീരിക വിശ്രമം എന്നുവച്ചാൽ ഉറക്കം മാത്രമാണ് എന്ന് ചിന്തിക്കരുത് അത് വിശ്രമത്തിന്റെ ഒരു രൂപം മാത്രം. രക്തചംക്രമണം മെച്ചപ്പെടുത്താൻ മസാജ് ചെയ്യുന്നതും വിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ധ്യാനവും ശ്വസന വിദ്യകളും അഭ്യസിക്കുന്നതും ശരീരത്തിൽ ഊർജം നിറയ്ക്കുന്ന മാർഗങ്ങളാണ്.

2. മാനസിക വിശ്രമം

നമ്മിലെ സമ്മർദ്ദം കുറയ്ക്കാനും സർഗ്ഗാത്മകത വർധിപ്പിക്കാനും നമ്മുടെ ഏകാഗ്രത വർധിപ്പിക്കാനും മാനസിക വിശ്രമം നമ്മെ സഹായിക്കുന്നു. നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകളിൽ നിന്നും പുതിയ ആശയങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും നമ്മുടെ ചിന്തകളെ നയിക്കുവാൻ മാനസിക വിശ്രമം നമ്മെ സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടുപേരിൽ ഒരാൾ മാനസിക സംഘർഷത്തിൽ ജീവിക്കുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മാനസിക സംഘർഷങ്ങളിൽ നിന്നും മനസ്സിന് വിശ്രമം നൽകാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി നിരന്തരമായ ബൗദ്ധിക അധ്വാനങ്ങളിൽ നിന്നും മനസ്സിന് വിശ്രമം നൽകണം. നിശബ്ദതയിൽ അല്പസമയം ചെലവഴിക്കുന്നതും മനസ്സിന് സന്തോഷം നൽകുന്ന സംഗീതം ശ്രവിക്കുന്നതും നാം ആസ്വദിക്കുന്ന ഹോബികളിൽ മുഴുകുന്നതും മനസ്സിന് വിശ്രമം നൽകുന്ന അവസരങ്ങളാണ്.

3. വൈകാരിക വിശ്രമം

പലപ്പോഴും നമ്മെ വളർത്തുന്നതും തളർത്തുന്നതും നമ്മിൽ പ്രബലപ്പെട്ടു നിൽക്കുന്ന വികാരങ്ങളാണ്. വൈകാരിക വിശ്രമം നമ്മുടെ ഹൃദയത്തിലും ആത്മാവിലും സമാധാനം നിറക്കുന്നു. അതിനുള്ള ആദ്യപടിയായി നമ്മിൽ നിറയുന്ന വികാരങ്ങളെ മനസ്സിലാക്കി നാം അംഗീകരിക്കണം. നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളെ വേണ്ടെന്നു വയ്ക്കണം. ‘നോ’ പറയാതെ മറ്റുള്ളവരെ സന്തോഷിപ്പിച്ചു മാത്രം മുന്നേറുന്നവർ വൈകാരികമായി ഒരുപാട് സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നു. അതിനാൽ അതിരുകൾ നിശ്ചയിക്കേണ്ടതും നോ പറയാനുള്ള ആർജവത്വം പരിശീലിക്കുന്നതും വൈകാരിക വിശ്രമത്തിനുള്ള ഒരു മാർഗമാണ്. എഴുത്തിലൂടെയോ സുഹൃത്തുക്കളോടുള്ള തുറന്ന സംസാരത്തിലൂടെയോ നമ്മിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് വികാരങ്ങൾ അടുക്കിപ്പിടിച്ച് ജീവിക്കുന്നതിൽ നിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. വൈകാരികമായ വിശ്രമങ്ങളെ സഹായിക്കുന്ന മറ്റു മാർഗങ്ങളാണ് ധ്യാനവും തെറാപ്പികളും.

4. ആത്മീയ വിശ്രമം

നമ്മുടെ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് ആത്മീയ വിശ്രമം. അത് നമ്മുടെ ജീവിതത്തിൽ അർഥവും ലക്ഷ്യവും കണ്ടെത്തുന്നതിനും നാം സമാധാനമുള്ളവരായി തീരുന്നതിനും സഹായകരമാകുന്നു. ദൈവവുമായി ബന്ധപ്പെടാൻ സമയം കണ്ടെത്തുക എന്നതുതന്നെയാണ് ഇതിനുള്ള പ്രധാന മാർഗം. നമ്മിലെ ഉത്കണ്ഠകളും അസ്വസ്ഥതകളും സമർപ്പിക്കാനും സന്തോഷം നിറഞ്ഞ അനുഭവങ്ങളെ മനസ്സിൽ കൃതജ്ഞതയോടെ അനുസ്മരിക്കാനും ആത്മീയ വിശ്രമത്തിലൂടെ നമുക്ക് സാധിക്കുന്നു.

5. സാമൂഹിക വിശ്രമം

സഹജീവികളുമായി ബന്ധപ്പെടുന്നതും സാമൂഹിക പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നതും വ്യക്തിജീവിതത്തിന് സംതൃപ്തിയും തുറവിയും നൽകുന്നുവെങ്കിലും സാമൂഹിക വിശ്രമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. തിരക്കുകളിൽ നിന്ന് ഏകാന്തതയ്ക്കും സ്വയം വിചിന്തനത്തിനുമായി സമയം കണ്ടെത്തുന്നത് കൂടുതൽ ഫലപ്രദമായ രീതിയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വ്യക്തികളെ സഹായിക്കുന്നു. പ്രകൃതിയിൽ നിശബ്ദമായി സമയം ചെലവഴിക്കുന്നതും വളർത്തുമൃഗങ്ങളുമായി നടക്കാനിറങ്ങുന്നതും സാമൂഹിക വിശ്രമത്തിന് നമ്മെ സഹായിക്കുന്ന മാർഗങ്ങളാണ്.

6. ക്രിയേറ്റീവ് വിശ്രമം

നാം ഒരു കലാകാരനോ എഴുത്തുകാരനോ ആസ്വാദകനോ സഞ്ചാരിയോ ആകട്ടെ നമുക്ക് ഒരു സർഗാത്മക വിശ്രമം ആവശ്യമാണ്. നമ്മുടെ ഭാവനാ ലോകത്തിന് ആവശ്യമുള്ള ഒരു അവധിക്കാലം നൽകുന്നതിന് തുല്യമാണിത്. അതിനായി നമ്മുടെ പതിവുള്ള പ്രവർത്തനങ്ങളിൽ നിന്നും കുറച്ചുസമയമോ ദിവസങ്ങളോ മാറിനിൽക്കാൻ സ്വയം അനുവദിക്കുന്നത് ക്രിയേറ്റീവ് വിശ്രമത്തിന് സഹായകരമാണ്. പതിവ് ജോലികളിൽ നിന്നും മാറി യാത്രകൾ ആസ്വദിക്കാനോ കളികളിൽ ഏർപ്പെടാനോ മനസ്സിന് ഇഷ്ടപ്പെട്ട ഹോബികളിൽ മുഴുകുന്നതിനോ അവസരം കണ്ടെത്തുക എന്നതാണ് ഇതിനുള്ള മാർഗം.

7. ഇന്ദ്രിയ വിശ്രമം

തിരക്കുകളും ബഹളങ്ങളും സ്ക്രീനുകളും ജോലി സമ്മർദങ്ങളും നിറഞ്ഞ നമ്മുടെ ലോകത്ത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു ഉപാധിയാണ് ഇന്ദ്രിയ വിശ്രമം. ഇന്ദ്രിയങ്ങൾക്കു നൽകുന്ന അധിക ജോലിഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. പ്രകൃതിയിൽ ശാന്തമായി നടക്കുന്നതും കണ്ണുകൾ അടച്ചുകൊണ്ട് ആഴത്തിൽ ശ്വാസനിശ്വാസങ്ങൾ എടുത്ത് ചുറ്റുപാടുകളെ ധ്യാനിക്കുന്നതും മൃദുലമായ വെളിച്ചവും ശാന്തമായ സംഗീതങ്ങളും ക്രമീകരിച്ച് ശാന്തതയിൽ ചെലവഴിക്കുന്നതും ഇന്ദ്രിയ വിശ്രമത്തിന് സഹായകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.