ക്ഷമയുടെ മാതൃകയായി ബിഷപ്പ് മാരി ഇമ്മാനുവേൽ

അസീറിയൻ ബിഷപ്പ് ബിഷപ്പ് മാരി ഇമ്മാനുവേൽ തനിക്കു നേരെ ആക്രമണം നടന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഷപ്പ് ഡിസ്ചാർജ് ആയ ശേഷം ഞായറാഴ്ച രാത്രി നടന്ന വിശുദ്ധ കുർബാനയിൽ ആണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്.

വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ തനിക്കായി പ്രാർഥിച്ചവർക്കു ബിഷപ്പ് പ്രത്യേകം നന്ദി പറഞ്ഞു. “രണ്ടാഴ്ച മുൻപ് ഈ പ്രവർത്തി ചെയ്ത യുവാവ് നിന്നോട് ഞാൻ പറയുന്നു: നീ എന്റെ മകനാണ്, നീ എപ്പോഴും എന്റെ  മകനായിരിക്കും. ഞാൻ എപ്പോഴും നിങ്ങൾക്കായി പ്രാർഥിക്കും. ഞാൻ നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ആശംസിക്കില്ല. ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എപ്പോഴും നിങ്ങൾക്കായി പ്രാർഥിക്കും.” തന്നെ ആക്രമിച്ച വ്യക്തിയോട് ക്ഷമിച്ചു കൊണ്ട് ബിഷപ്പ് പറഞ്ഞു. തുടർന്ന് ഓരോ മനുഷ്യനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ പ്രിയപ്പെട്ട, ഓസ്‌ട്രേലിയൻ സർക്കാരിനോടും, ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി, ബഹുമാനപ്പെട്ട മിസ്റ്റർ അൽബാനീസിനോടും ഞാൻ പറയുന്നു ഞാൻ ഒരു കാര്യത്തിൽ വിശ്വസിക്കുന്നു അതാണ് മനുഷ്യന്റെ സമഗ്രതയും വ്യക്തിത്വവും. ഈ മനുഷ്യ സ്വത്വം, ഈ മാനുഷിക സമഗ്രത, ദൈവം നൽകിയ സമ്മാനമാണ്. എല്ലാ മനുഷ്യർക്കും അവരുടെ സംസാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. കൂടാതെ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അപകടകരമാണെന്നും ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമല്ലെന്നും പറയുന്നു. എന്നാൽ എനിക്ക് ഇത് ഇതുവരെ മനസ്സിലായിട്ടില്ല. പരിഷ്‌കൃതരായ മനുഷ്യരെന്ന നിലയിൽ, ബുദ്ധിജീവികളെന്ന നിലയിൽ, നമുക്ക് വിമർശിക്കാനും സംസാരിക്കാനും കഴിയണം” – ബിഷപ്പ് വ്യക്തമാക്കി.

“പക്ഷേ, അഭിപ്രായസ്വാതന്ത്ര്യം ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ എല്ലാം സെൻസർ ചെയ്യണം എന്നു പറയുന്നവരുണ്ട്. അങ്ങനെയെങ്കിൽ പിന്നെ ജനാധിപത്യം എവിടെയാണ്?”- അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.