വെനീസിലെ ആരോഗ്യമാതാവിന്റെ ദൈവാലയം

1600 -കളിൽ അനേകായിരങ്ങളുടെ ജീവനെടുത്ത പ്ലേഗ് മഹാമാരിയുടെ വ്യാപനം അവസാനിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ ബഹുമാനാർത്ഥം സ്ഥാപിതമായ ദൈവാലയമാണ് വെനീസിലെ ‘സാന്താ മരിയ ദെല്ല സലൂത്തെ’ എന്ന ആരോഗ്യ മാതാവിന്റെ ദൈവാലയം.

‘ലാ സല്യൂട്ട്’ എന്നറിയപ്പെടുന്ന ഈ ദൈവാലയം വെനീസിലെ ഏറ്റവും ആകർഷകമായ ഗ്രാൻഡ് കനാലിൽ അഥവാ കനാൽ ഗ്രാൻഡിൽ സ്ഥിതിചെയ്യുന്നു. അതിമനോഹരമായ നിർമ്മിച്ചിരിക്കുന്ന ദൈവാലയമാണിത്. അനേകം പേരുടെ ജീവനെടുത്ത പ്ലേഗ് എന്ന മഹാമാരിയുടെ ക്രൂരതയെ അഭിമുഖീകരിച്ച പാത്രിയാർക്കീസ് ​​ജിയോവാനി ടൈപോളോ അന്നാളുകളിൽ ഒരാഴ്ചത്തെ പൊതു പ്രാർഥനയ്ക്ക് ഉത്തരവിട്ടു. വിശുദ്ധ ലൂക്ക വരച്ചതാതെന്ന് കരുതപ്പെടുന്ന പരിശുദ്ധ മറിയത്തിന്റെ ഐക്കൺ ചിത്രം വഹിച്ചുകൊണ്ട് 15 ശനിയാഴ്ചകളിൽ പ്രദക്ഷിണമായി പ്രാർഥിച്ചു. രണ്ടുവർഷത്തിനുള്ളിലാണ് പ്ലേഗ് അവസാനിക്കുന്നത്.

വിശുദ്ധ ദമ്പതികളായ യൊവാക്കീമും അന്നയും പരിശുദ്ധ കന്യകാമറിയത്തെ ദൈവാലയത്തിൽ സമർപ്പിച്ചത്തിന്റ ഓർമ്മത്തിരുനാളാണ് പരമ്പരാഗതമായി ഇവിടെ ആഘോഷമായി കൊണ്ടാടുന്ന തിരുനാൾ. അതിനാൽ എല്ലാ വർഷവും മാതാവിനെ സമർപ്പിച്ച ഓർമ്മദിനമായ നവംബർ 21 വെനീസിലെ പൊതു അവധി ദിനമാണ്. ഗ്രാൻഡ് കനാലിന് മുകളിലൂടെ ആരോഗ്യ മാതാവിന്റെ ദൈവാലയത്തിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനായി മനോഹരമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ചിട്ടുണ്ട്. ഏപ്രിൽ 28- ന് വെനീസിൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനവേളയിൽ ആരോഗ്യമാതാവിന്റെ ദൈവാലയം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.