ലത്തീൻ മാർച്ച്‌ 12 മത്തായി 6:7-15 പ്രാർത്ഥനയുടെ ആത്മാവ് 

പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ വിജാതീയരെപ്പോലെ അതിഭാഷണം ചെയ്യരുത് ” (വാക്യം 7).

പ്രാർത്ഥനയുമായി ബന്ധപ്പെട്ട് വിജാതീയരുടെ ഇടയിൽ നിലവിലിരുന്ന രണ്ട്‌ തെറ്റായ രീതികളെക്കുറിച്ച് യേശു ശിഷ്യർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. “പ്രാർത്ഥനയുടെ നാടകീയവൽക്കരണം” (Dramatization of Prayer) ആണ് ഒന്നാമത്തേത്. പ്രാർത്ഥനയുടെ യഥാർത്ഥലക്ഷ്യമായ ദൈവൈക്യവും ദൈവമഹത്വവും മറന്ന് മനുഷ്യരുടെ സ്‌തുതി-പ്രശംസകൾക്കായ് മനുഷ്യർ കാണ്കെ നാടകീയതയോടെ പ്രാർത്ഥിക്കുന്ന രീതിയാണിത്.

രണ്ടാമത്തേത്, “പ്രാർത്ഥനയുടെ ജല്‍പനീകരണം” (Babbling of Prayer) ആണ്. ദൈവനാമങ്ങളുടെ തുടരെയുള്ള ജല്‍പനം വഴി ദൈവങ്ങളുടെ ശ്രദ്ധ തങ്ങൾക്കനുകൂലമാകാം എന്ന അന്ധവിശ്വാസത്തിൽ നിന്നുമാണ് ഈ രീതി ഉടലെടുത്തത്.

പ്രാർത്ഥനയ്ക്കായി ഏറെ സമയം കണ്ടെത്തുന്ന നോമ്പുകാത്ത്, വാചിക പ്രാർത്ഥനയുടെ പ്രാധാന്യത്തെ സുവിശേഷം കുറച്ചുകാണിക്കുകയല്ല. മറിച്ച്, പ്രാർത്ഥനയുടെ ആത്മാവിനെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ്. പ്രാർത്ഥന എന്നത് അടിസ്ഥാനപരമായി വാക്കുകളുടെ ജൽപനമല്ല. മറിച്ച്, ദൈവവുമായുള്ള സ്നേഹബന്ധമോ, ഹൃദയത്തിൻ്റെ ദൈവികഭാവമോ, ദൈവസാന്നിധ്യത്തിൻ്റെ അനുഭവമോ ആണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.