ജീവിതത്തില്‍ ദിശ തെറ്റിയതായി തോന്നുന്നുണ്ടോ? ഇതാ പരിഹാരം

ഈ ജീവിതത്തില്‍ തെറ്റായ ദിശയിലാണോ ഞാന്‍ സഞ്ചരിക്കുന്നതെന്ന ചിന്ത പലപ്പോഴും നമ്മെ അലട്ടാറുണ്ട്. പ്രത്യേകിച്ച് ലക്ഷ്യമോ ബോധമോ ഇല്ലാത്ത ജീവിതമാണോ നമ്മുടേതെന്ന തോന്നല്‍. അത്തരം ചിന്തകള്‍ അലട്ടി തുടങ്ങിയാല്‍ ദൈവത്തിന്റെ പദ്ധതികളെ എതിര്‍ത്ത് വഴിമാറി നടക്കാനും പ്രവണതയുണ്ടാവും. എന്നാല്‍, ഈ വിഷയത്തില്‍ ദൈവം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജെറമിയായുടെ പുസ്തകത്തില്‍ നിന്നാണ് ഒന്നാമത്തേത്. ‘നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല; ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി’ (ജെറ. 29:11).

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ദൈവത്തിന് നമ്മെക്കുറിച്ചുള്ളത് നമ്മുടെ ശുഭമായ ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണെന്ന ബോധ്യമാണ് ആദ്യം വേണ്ടത്. വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാനും ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെയാണ്: ‘തന്റെ സൃഷ്ടികളിൽ ഒന്നും നശിച്ചുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല ദൈവം. അതുകൊണ്ടു തന്നെ ഓരോ ജീവിതങ്ങളുടെ മേലും ദൈവത്തിന് കൃത്യമായ പദ്ധതിയുണ്ട്. അവിടുന്നില്‍ വിശ്വാസം അര്‍പ്പിച്ച്, എളിമയോടും വിനയത്തോടും കൂടെ അവിടുത്തെ മുമ്പില്‍ ആയിരിക്കുക മാത്രമാണ് ചെയ്യേണ്ടത്.’ മറിച്ച്, എന്റെ ജീവിതം മാത്രം തെറ്റായ ദിശയിലാണോ പോകുന്നതെന്ന തെറ്റിദ്ധാരണ വച്ചു പുലര്‍ത്താതിരിക്കാം.