ഓട്ടോണോമസ് അംഗീകാരം സ്വന്തമാക്കി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട രൂപതയുടെ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് യു.ജി.സി.യുടെ സ്വയംഭരണ പദവി ലഭിച്ചു. 2024 മുതൽ 2034 വരെ പത്തു വർഷത്തേയ്ക്കാണ് ഓട്ടോണോമസ് കാലാവധി. അക്കാദമിക മികവ്, ഉയർന്ന  പ്ലേസ്മെന്റ്, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, മതിയായ യോഗ്യതയുള്ള അധ്യാപകർ, ഉയർന്ന അധ്യാപക-വിദ്യാർഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്വയംഭരണ പദവി (ഓട്ടോണോമസ്) ലഭിച്ചത്. അധ്യാപകർ, സ്റ്റാഫ്, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ തുടങ്ങി കോളേജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് മറ്റൊരു അംഗീകാരം കൂടി നേടിയെടുക്കാൻ സഹായിച്ചതെന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ആന്റോ ചുങ്കത്ത് പറഞ്ഞു.

കൃത്യസമയത്തുള്ള പ്രവേശന നടപടിക്രമം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് ഓട്ടോണമസ് കോളേജുകളുടെ സവിശേഷഗുണം. കേരളത്തിലെ സ്വാശ്രയകോളേജുകളിൽ കോഴ്സുകളിലും പഠനത്തിലും പ്ലേസ്മെന്റിലും ഏറെ മികവിൽ നിൽക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് മറ്റൊരു പൊൻതൂവൽ കൂടിയാണിത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ബയോ മെഡിക്കൽ എൻജിനീയറിങ്, ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങൾക്ക് NBA അംഗീകാരം ലഭിച്ചിട്ടുണ്ട്.

ദീർഘവീക്ഷണമുള്ള നേതൃത്വം, അനുഭവപരിജ്ഞാനമുള്ള അധ്യാപകർ, മികച്ച പ്ലേസ്മെന്റ് എന്നിവ സഹൃദയ കോളേജിനെ വേറിട്ടതാകുന്നു. കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകൾക്കായി ബാങ്ക് ഓഫ് ബറോഡ ഏർപ്പെടുത്തിയ അച്ചീവേഴ്സ് അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് സ്വന്തമാക്കിയിരുന്നു. കൂടാതെ, കാലഘട്ടത്തിനനുസരിച്ചുള്ള എഞ്ചിനീയറിംഗ് പഠന-പരിശീലന സെമിനാറുകൾ, അത്യാധുനിക സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിൽ പണികഴിപ്പിച്ച എ.ഐ. കമ്പ്യൂട്ടർ ലാബ്, വിവിധങ്ങളായ ഫെസ്റ്റുകൾ, പഠിക്കാൻ മിടുക്കരായ അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഒരു ലക്ഷം സ്ക്വയർ ഫീറ്റിലുള്ള സെൻട്രൽ ലൈബ്രറി, മൾട്ടി മീഡിയ സെന്റർ, ഇൻഡോർ സ്റ്റേഡിയം, ഹെൽത്ത് – കൗൺസിലിംഗ് സെന്റർ, മികച്ച പ്ലേസ്മെന്റ് റെക്കോർഡ്, ISO, NAAC അംഗീകാരങ്ങൾ എന്നിവയെല്ലാം കോളേജിനെ കൂടുതൽ മികവുറ്റതാകുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. അനൂപ് കോലംകണ്ണി, മീഡിയ ഡയറക്ടർ, സഹൃദയ എഞ്ചിനീയറിംഗ് കോളേജ്, 9495967753

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.